അംബാനിയും അക്ഷയ്‌ കുമാറുമടക്കം വോട്ട്‌ചെയ്‌തു, രാജ്യത്ത് അഞ്ചാം ഘട്ട വോട്ടിംഗ് പുരോഗമിക്കുന്നു

Monday 20 May 2024 8:37 AM IST

മുംബയ്: ഉത്തർപ്രദേശിലെ 14ഉം മഹാരാഷ്‌ട്രയിലെ 13ഉം സീറ്റുകളിലടക്കം രാജ്യത്തെ എട്ട് സംസ്ഥാനങ്ങളിലെ 49 മണ്ഡലങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പ് വോട്ടിംഗ് ആരംഭിച്ചു. രാജ്യത്തെ സാമ്പത്തിക ആസ്ഥാനമായ മുംബയ് നഗരത്തിലടക്കം ഇന്നാണ് തിരഞ്ഞെടുപ്പ്. റിലയൻസ് ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനി രാവിലെതന്നെ തന്റെ വോട്ട് രേഖപ്പെടുത്തി. മുംബയിലെ കൊളാബയിലാണ് അദ്ദേഹം തന്റെ സമ്മതിദാനാവകാശം വിനിയോഗിച്ചത്.

ബോളിവുഡ് താരം അക്ഷയ്‌ കുമാറും മുംബയിൽ വോട്ട് ചെയ്‌തു. വികസിതവും ശക്തവുമായ ഇന്ത്യയ്‌ക്ക് വേണ്ടിയാണ് താൻ വോട്ട് ചെയ്‌തതെന്ന് അക്ഷയ്‌ കുമാർ അഭിപ്രായപ്പെട്ടു. രാഹുൽ ഗാന്ധിയടക്കം വിവിധ ദേശീയ നേതാക്കൾക്കും കേന്ദ്രമന്ത്രിമാർക്കും ഇന്നത്തെ ദിവസം നിർണായകമാണ്. റായ്‌ബറേലിയിൽ രാഹുൽ ഗാന്ധി, അമേഠിയിൽ സ്‌മൃതി ഇറാനി, ലക്‌നൗവിൽ രാജ്‌നാഥ് സിംഗ് എന്നിവരാണ് പ്രധാന സ്ഥാനാ‌ർത്ഥികൾ.

94,732 പോളിംഗ് സ്റ്റേഷനുകളാണ് ഇന്നത്തെ തിരഞ്ഞെടുപ്പിലുള്ളത്. 9.47 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ. 8.95 കോടി ജനങ്ങളാണ് അഞ്ചാംഘട്ട പോളിംഗിൽ വോട്ട് ചെയ്യേണ്ടത്. 4.69 പുരുഷന്മാരും, 4.26 കോടി സ്‌ത്രീകളും 5409 മറ്റ് ലിംഗങ്ങളിൽ പെട്ടവരും ഇന്ന് ജനവിധി ഉറപ്പാക്കും. പോളിംഗ് സുഗമമാക്കാൻ 17 സ്‌പെഷ്യൽ ട്രെയിനുകളും 507 ഹെലികോപ്‌റ്ററുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മു കാശ്‌മീരിലെ നൗഗാമിലടക്കം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

ഏഴു ഘട്ട വോട്ടെടുപ്പിൽ ഏറ്റവും കുറവ് മണ്ഡലങ്ങൾ അഞ്ചാംഘട്ടത്തിലാണ്.ബീഹാർ(5), ജാർഖണ്ഡ്(3), മഹാരാഷ്ട്ര(13), ഒഡിഷ(5), ഉത്തർപ്രദേശ്(14), പശ്ചിമബംഗാൾ(7) എന്നിവയും, കേന്ദ്രഭരണപ്രദേശങ്ങളായ ജമ്മുകാശ്മീരിലെ ബാരാമുള്ള, ലഡാക്കിലെ ലഡാക്ക് മണ്ഡലവുമാണിത്. 695 സ്ഥാനാർത്ഥികൾ മത്സരിക്കുന്നു.

അതേസമയം,തിരഞ്ഞെടുപ്പിന് മുന്നോടിയായി ജമ്മു കശ്മീരിലെ കുപ്‌വാര, ബാരാമുള്ള ജില്ലകളിൽ ശനിയാഴ്ച അധികൃതർ നിരോധനാജ്ഞ ഏർപ്പെടുത്തി. ബാരാമുള്ള, കുപ്‌വാര ജില്ലകളിലെ ജില്ലാ മജിസ്‌ട്രേറ്റുകളാണ് ശനിയാഴ്ച വൈകുന്നേരം 6 മണി മുതൽ 72 മണിക്കൂർ വരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്.