അമുൽ ഐസ്ക്രീം വാങ്ങിയപ്പോൾ നേരിട്ട ദുരനുഭവം പങ്കുവച്ച് ഡോക്ടർ; പോസ്റ്റ് വെെറൽ

Monday 20 May 2024 11:42 AM IST

ബംഗളൂരു: കുട്ടികൾക്ക് മുതൽ മുതിർന്നവർക്ക് വരെ ഏറെ ഇഷ്ടമുളള്ള ഒരു ഭക്ഷണ പദാർത്ഥമാണ് ഐസ്ക്രീം. എന്നാൽ അടുത്തിടെ പല പ്രദേശിക ഐസ്ക്രീം കമ്പനികളും വൃത്തിയില്ലാത്ത രീതിയിൽ ഐസ്ക്രീം ഉണ്ടാക്കുന്നതിന്റെ വീഡിയേ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ബംഗളൂരുവിലെ ഡോക്ടർ നേരിട്ട ദുരനുഭവമാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.

'സെപ്‌റ്റോ' എന്ന ആപ്പ് വഴി ഇവർ അമുൽ ഐസ്ക്രീം ഓ‌ഡർ ചെയ്തിരുന്നു. ഐസ്ക്രീം കിട്ടിയ ശേഷം കഴിക്കാനായി നോക്കുമ്പോഴാണ് പാത്രത്തിന്റെ ഒരു വശത്ത് എണ്ണമയമുള്ള നുര കലർന്ന ഒരു ദ്രാവകം കണ്ടത്. ഉടനെ അവർ ഇതിനെക്കുറിച്ച് തന്റെ എക്സ് പേജിൽ പങ്കുവച്ചു. ഐസ്ക്രീമിന്റെ ചിത്രവും പോസ്റ്റ് ചെയ്തിട്ടുണ്ട്.

' അടുത്തക്കാലത്തായി അമുൽ അവരുടെ ഐസ്ക്രീമുകളിൽ എന്താണ് ചേർക്കുന്നതെന്ന് ഞാൻ അത്ഭുതപ്പെടുന്നു. അമുലിന്റെ വാനില ഗോൾഡ് ഫ്ലേവർ ഐസ്ക്രീം 'സെപ്‌റ്റോ' എന്ന ആപ്പ് വഴിയാണ് ഞാൻ ഓഡർ ചെയ്തത്. ഐസ്ക്രീമിന്റെ പാത്രം ഞാൻ തുറന്നപ്പോൾ അതിന്റെ സമീപത്തായി എണ്ണ കലർന്ന ഒരു നുര ഞാൻ കണ്ടു. 'സെപ്‌റ്റോ' അധികൃതർ ഈ ഐസ്ക്രീം ഫ്രീസറിൽ വച്ചിരുന്നില്ല',​ എന്നാണ് ഡോക്ടർ നന്ദിത അയ്യർ തന്റെ എക്സ് പേജിൽ കുറിച്ചത്.

സംഭവം പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വെെറലാകാൻ തുടങ്ങി. നിരവധി കമന്റുകളും ലെെക്കും പോസ്റ്റിന് ലഭിക്കുന്നുണ്ട്. ഭക്ഷ്യ സുരക്ഷാ കമ്മീഷൻ തങ്ങളുടെ പരിശോധന ശക്തമാക്കണമെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഇത്തരം അനുഭവം ഉണ്ടായതായി മറ്റ് ചിലരും പറയുന്നു. ഐസ്ക്രീമിൽ ഇത്തരത്തിൽ എണ്ണ കണ്ടതിനെ തുടർന്ന് ഫ്രീസറിൽ വച്ചുവെന്നും അത് വെജിറ്റബിൾ ഓയിലാണെന്നും ഒരാൾ കമന്റിൽ കുറിച്ചു.

ചിലർ ‌'സെപ്‌റ്റോ' എന്ന ഡെലിവറി കമ്പനിയ്ക്ക് എതിരെയും ആരോപണം ഉയർത്തിയിട്ടുണ്ട്. 'സെപ്‌റ്റോ' ഓർഡർ ചെയ്ത ഭക്ഷണം കഴിച്ച് തനിക്ക് ഭക്ഷ്യവിഷബാധയുണ്ടായതായി ഒരു ഉപയോക്താവ് ആരോപിക്കുന്നു. എന്തായാലും വിവാദത്തിൽ 'സെപ്‌റ്റോ' കമ്പനി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുന്നുവെന്നും രജിസ്റ്റർ ചെയ്ത് കോൺടാക്റ്റ് വിവരങ്ങളോ ഓർഡർ ഐഡിയോ ഡിഎം ചെയ്യുവെന്നുമാണ് കമ്പനി മറുപടി നൽകിയത്. കമ്പനി അധികൃതർ ഉടൻ ബന്ധപ്പെടുമെന്നും അവർ അറിയിച്ചിട്ടുണ്ട്.