ന്യൂയോർക്കിൽ ഹിന്ദു പുരോഹിതന് മർദ്ദനം
Monday 22 July 2019 1:02 AM IST
ന്യൂയോർക്ക്: അമേരിക്കയിൽ വഴിനടന്ന് പോയ ഹിന്ദു സന്യാസിക്ക് ക്രൂരമർദ്ദനമേറ്റു. പരിക്കേറ്റ സന്യാസി ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. 52 വയസുള്ള സ്വാമി ഹരിഷ് ചന്ദ്ര പുരി എന്നയാൾക്കാണ് മർദ്ദനമേറ്റത്. കഴിഞ്ഞ വ്യാഴാഴ്ച ന്യൂയോർക്കിലെ ഫ്ലോറൽ പാർക്കിലെ ഗ്ലെൻ ഓക്‌സിലുള്ള ശിവ ശക്തി പീഠ ക്ഷേത്രത്തിനരികിലൂടെ നടന്നു പോകുകയായിരുന്ന പുരിയുടെ പിറകിലൂടെ എത്തിയ സെർജിയോ ഗൗവെയാ എന്നയാളാണ് സന്യാസിയെ ആക്രമിച്ചത്. ഈ ക്ഷേത്രത്തിലെ പുരോഹിതനാണ് പുരി. ആക്രമണത്തിനിടെ 'ഇതെന്റെ സ്ഥലമാണ്' എന്ന് ഇയാൾ ആക്രോശിച്ചതായാണ് റിപ്പോർട്ട്. തുടർന്ന് സന്യാസിയെ ഇയാൾ ആവർത്തിച്ചാവർത്തിച്ച് മർദ്ദിക്കുകയായിരുന്നു. അക്രമിയെ പൊലീസ് അറസ്റ്റ് ചെയ്തു.