ഇന്ത്യൻ പൗരത്വം ലഭിച്ചതിനുശേഷം ആദ്യമായി വോട്ട് ചെയ്ത് അക്ഷയ് കുമാർ; ഒരു കാര്യം മനസിൽ കണ്ടിട്ടുണ്ടെന്ന് താരം

Monday 20 May 2024 12:23 PM IST

മുംബയ്: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടമായ ഇന്ന് മഹാരാഷ്ട്രയിൽ നിരവധി ബോളിവുഡ് താരങ്ങളാണ് വോട്ട് രേഖപ്പെടുത്തിയത്. ഇന്ത്യൻ പൗരത്വം തിരിച്ചുകിട്ടിയതിനുശേഷം വോട്ട് രേഖപ്പെടുത്തിയ നടൻ അക്ഷയ് കുമാറും ഇക്കൂട്ടത്തിലുണ്ട്. മുംബയിലാണ് താരം വോട്ട് ചെയ്‌തത്. വികസിതവും ശക്തവുമായ ഇന്ത്യയ്‌ക്ക് വേണ്ടിയാണ് താൻ വോട്ട് ചെയ്‌തതെന്ന് അക്ഷയ്‌ കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞവർഷം ഓഗസ്റ്റിലാണ് അക്ഷയ്ക്ക് ഇന്ത്യൻ പൗരത്വം തിരികെ ലഭിച്ചത്.

'എന്റെ ഇന്ത്യ വികസിതവും ശക്തവും ആകണമെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. ഇത് മനസിൽവച്ചാണ് ഞാൻ വോട്ട് ചെയ്തത്. തങ്ങൾക്ക് എന്താണ് ശരിയെന്ന് തോന്നുന്നത് അതിനനുസരിച്ചാണ് ഓരോരുത്തതും വോട്ട് ചെയ്യേണ്ടത്. ഇത്തവണ വോട്ട് ചെയ്യുന്നവരുടെ എണ്ണം മികച്ചതായിരിക്കുമെന്നാണ് ഞാൻ കരുതുന്നത്'- അക്ഷയ് കുമാർ മാദ്ധ്യമങ്ങളോട് പറഞ്ഞു.

1990കളിലാണ് അക്ഷയ് കുമാർ കനേഡിയൻ പൗരത്വം സ്വീകരിച്ചത്. ഇതിൽ വ്യാപകമായ വിമർശനം താരത്തിനുനേരെ ഉയർന്നിരുന്നു. സിനിമകൾ പരാജയപ്പെട്ടതുൾപ്പെടെ പല കാരണങ്ങളും കൊണ്ടാണ് കനേഡിയൻ പൗരത്വം സ്വീകരിക്കേണ്ടി വന്നതെന്ന് താരം പിന്നീട് വ്യക്തമാക്കുകയും ചെയ്തു. 2019ൽ ഇന്ത്യൻ പൗരത്വത്തിനായി അപേക്ഷിച്ച അദ്ദേഹത്തിന് കഴിഞ്ഞ വർഷമാണ് പൗരത്വം ലഭിച്ചത്.

94,732 പോളിംഗ് സ്റ്റേഷനുകളാണ് ഇന്നത്തെ തിരഞ്ഞെടുപ്പിലുള്ളത്. 9.47 ലക്ഷം പോളിംഗ് ഉദ്യോഗസ്ഥർ. 8.95 കോടി ജനങ്ങളാണ് അഞ്ചാംഘട്ട പോളിംഗിൽ വോട്ട് ചെയ്യേണ്ടത്. 4.69 പുരുഷന്മാരും, 4.26 കോടി സ്‌ത്രീകളും 5409 മറ്റ് ലിംഗങ്ങളിൽ പെട്ടവരും ഇന്ന് ജനവിധി ഉറപ്പാക്കും. പോളിംഗ് സുഗമമാക്കാൻ 17 സ്‌പെഷ്യൽ ട്രെയിനുകളും 507 ഹെലികോപ്‌റ്ററുകളും ഏർപ്പെടുത്തിയിട്ടുണ്ട്. ജമ്മു കാശ്‌മീരിലെ നൗഗാമിലടക്കം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്.

Advertisement
Advertisement