കാമുകിയെ മടിയിലിരുത്തി ബൈക്ക് ഓടിച്ച് യുവാവ്; അറസ്റ്റ്, പെൺകുട്ടിക്കും ശിക്ഷ നൽകണമെന്ന് ആവശ്യം

Monday 20 May 2024 1:00 PM IST

ബംഗളൂരു: ഓടിക്കൊണ്ടിരിക്കുന്ന ബൈക്കിൽ അഭ്യാസ പ്രകടനങ്ങൾ നടത്തിയും കാമുകിയുമായി സല്ലപിച്ചും 'പണി' ഏറ്റുവാങ്ങുന്ന ചെറുപ്പക്കാരുടെ എണ്ണം വർദ്ധിക്കുകയാണ്. ഇത്തരം ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലാവാറുമുണ്ട്. ഇപ്പോഴിതാ ഇത്തരത്തിലൊരു വീഡിയോ ബംഗളൂരുവിൽനിന്ന് പ്രചരിക്കുകയാണ്.

മടിയിൽ ഒരു പെൺകുട്ടിയെ ഇരുത്തി തിരക്കേറിയ റോഡിലൂടെ ബൈക്ക് ഓടിക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വീഡിയോ വൈറലായതിന് പിന്നാലെ ബംഗളൂരു പൊലീസ് യുവാവിനെ അറസ്റ്റ് ചെയ്തു. ബംഗളൂരു ട്രാഫിക് പൊലീസ് ഇതിന്റെ ദൃശ്യങ്ങൾ എക്‌സിൽ പോസ്റ്റ് ചെയ്യുകയും ചെയ്തു.

മേയ് 17ന് ബംഗളൂരു അന്താരാഷ്ട്ര എയർപോർട്ട് റോഡിലാണ് സംഭവം നടന്നത്. ഇരുകാലുകളും ഒരു വശത്തേയ്ക്ക് ഇട്ടുകൊണ്ടാണ് ബൈക്ക് ഓടിക്കുന്ന യുവാവിന്റെ മടിയിൽ പെൺകുട്ടി ഇരിക്കുന്നത്. ഒരു കൈ യുവാവിന്റെ കഴുത്തിലായി ചുറ്റിപ്പിടിച്ചിട്ടുമുണ്ട്. ഇരുവരും ഹെൽമറ്റ് ധരിച്ചിട്ടില്ല. 'ത്രില്ലടിപ്പിക്കാൻ ഇഷ്ടപ്പെടുന്നവരേ, സ്റ്റണ്ട് നടത്താനുള്ള സ്റ്റേജ് അല്ല റോഡ്. നിങ്ങൾക്കും മറ്റുള്ളവർക്കുമായി റോഡ് സുരക്ഷിതമാക്കൂ. ഉത്തരവാദിത്തത്തോടെ നമുക്ക് വാഹനമോടിക്കാം' - എന്ന അടിക്കുറിപ്പോടെയാണ് പൊലീസ് ദൃശ്യങ്ങൾ പങ്കുവച്ചിരിക്കുന്നത്. അതേസമയം, പെൺകുട്ടിയെ അറസ്റ്റ് ചെയ്യാത്തതിൽ സമൂഹമാദ്ധ്യമത്തിൽ വലിയ പ്രതിഷേധം ഉയരുന്നുണ്ട്. ഇരുവരെയും ഒരുപോലെ ശിക്ഷിക്കണമെന്നും മുഖം വ്യക്തമാക്കണമെന്നും ചിലർ ആവശ്യപ്പെട്ടു. പിഴ മാത്രം പോരെന്നും ഇരുവരെയും ജയിലിൽ അടയ്ക്കണമെന്നും മറ്റുചിലർ കമന്റ് ചെയ്തു.

അപകടകരമായ രീതിയിൽ ബൈക്ക് ഓടിക്കുകയും വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്ത യുവാവ് കഴിഞ്ഞദിവസം തിരുവനന്തപുരത്ത് പിടിയിലായിരുന്നു. നെയ്യാറ്റിൻകര കെ എസ് ആർ ടി സി ബസ് സ്റ്റാൻഡിന് സമീപം വാടകയ്ക്ക് താമസിക്കുന്ന അഭിജിത്ത് (22) ആണ് പിടിയിലായത്. ഇയാളുടെ ബൈക്കും പൊലീസ് പിടിച്ചെടുത്തു.

കരമന - കളിയിക്കാവിള ദേശീയ പാതയിലായിരുന്നു യുവാവിന്റെ 'അഭ്യാസം'. നമ്പർ പ്ലേറ്റ് ഇല്ലാത്ത ബൈക്ക് ആയിരുന്നു ഇയാൾ ഓടിച്ചത്. അമിത വേഗതയിലായിരുന്നു യാത്ര. കാറുകളും ബസും എല്ലാം ഇതിന് സമീപത്തുകൂടി പോയിരുന്നു. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്.

സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ട വീഡിയോ പൊലീസിന്റെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് യുവാവിന്റെ തലവര മാറിയത്. 'ആക്ഷൻ ഹീറോ ബിജു' എന്ന ചിത്രത്തിലെ രംഗവും യുവാവിന്റെ ബൈക്കോടിക്കുന്ന വീഡിയോയും ഒന്നിച്ച് ചേർത്തുകൊണ്ട്. ' എടാ മോനെ നമുക്ക് ഉടനെ കാണാം' എന്ന അടിക്കുറിപ്പോടെ പൊലീസ് വീഡിയോ പങ്കുവച്ചിരുന്നു.