കിച്ചൻപാറ നിവാസികൾ ഭീതിയിൽ... 'തടി" കേടാക്കും ഈ തടിപ്പാലം,

Tuesday 21 May 2024 12:53 AM IST

മുണ്ടക്കയം : മഴ കനക്കുമ്പോൾ മുണ്ടക്കയം 34-ാം മൈൽ കിച്ചൻപാറ നിവാസികളിൽ ആശങ്കയുടെ കാർമേഘം ഉരുളുകയാണ്. ഏക ആശ്രയമായിരുന്ന നെടുന്തോടിന് കൂറുകെയുണ്ടായിരുന്ന കോൺക്രീറ്റ് നടപ്പാലം പ്രളയത്തിൽ തകർന്നതോടെ തുടങ്ങിയതാണ് ഇവരുടെ ദുരിതം. പ്രദേശവാസികളുടെ നേതൃത്വത്തിൽ തെങ്ങും, മുളയും ചേർത്തുവച്ച് താത്ക്കാലിക നടപ്പാലമുണ്ടാക്കിയെങ്കിലും മാസങ്ങൾ കഴിഞ്ഞതോടെ ദ്രവിച്ചു. തുടർന്ന് താത്കാലിക തടിപ്പാലം നിർമ്മിച്ചു. മുളകൾ ഉപയോഗിച്ച് വേലിയും നിർമ്മിച്ചു. എന്നാൽ തോരാമഴയിൽ പാലം തകരുമോയെന്നാണ് ഇവരുടെ ഭീതി. നൂറുകണക്കിന് കുടുംബങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്. ഒരു അപകടത്തിന് കാത്തുനിൽക്കാതെ അടിയന്തരമായി കോൺക്രീറ്റ് പാലം നിർമ്മിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. പാലം അപകടാവസ്ഥയിലായാൽ കിലോമീറ്റർ ചുറ്റേണ്ടി വരും.

ടാക്‌സി വാഹനങ്ങളെ ആശ്രയിച്ചാൽ നല്ലൊരു തുക ചെലവാകും. പലർക്കും ഇതിനുള്ള ശേഷിയില്ല.

'പാലം വലിച്ച്" അധികൃതർ
പ്രദേശത്തെ വിദ്യാർത്ഥികൾ സ്‌കൂളിൽ പോകുന്നതും പാലം വഴിയാണ്. ജലനിരപ്പ് ഉയർന്നാൽ പാലം വെള്ളത്തിലാകും. പ്രളയം നടന്ന് വർഷങ്ങൾ പിന്നിട്ടു. നാട്ടുകാർ മുട്ടാത്ത വാതിലുകളില്ല. പക്ഷെ പാലം മാത്രം ഉയർന്നില്ല. ജനപ്രതിനിധികളുടെ അവഗണനയ്ക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

''പാലം തകർന്നാൽ ഞങ്ങൾ ഏതുവഴി പോകണം. ഭീതിയോടെയാണ് കുട്ടികളെ സ്കൂളിൽ വിടുന്നത്. തിരിച്ചെത്തുന്നത് വരെ ഉള്ളിൽ തീയാണ്.

-രാജേന്ദ്രൻ, പ്രദേശവാസി

Advertisement
Advertisement