ശബരിമല വിമാനത്താവളം കൊടുമണ്ണിൽ ആയിക്കൂടെ?

Tuesday 21 May 2024 12:06 AM IST

ബരിമല വിമാനത്താവളം മദ്ധ്യതിരുവിതാംകൂറിന്റെ സ്വപ്ന പദ്ധതിയായി മുന്നിൽ നിൽക്കുകയാണ്. ആറൻമുളയിൽ വിമാനത്താവളം നിർമ്മിക്കാനുള്ള പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം മുന്നിൽക്കണ്ടും പ്രതിഷേധങ്ങൾ കാരണവും ഉപേക്ഷിക്കപ്പെട്ടതോടെയാണ് എരുമേലിയിലെ ചെറുവള്ളിയിൽ ശബരിമല വിമാനത്താവളം എന്ന ആശയം സംസ്ഥാന സർക്കാർ ആവിഷ്കരിച്ചത്. ചെറുവള്ളിയിലെ റബർ എസ്റ്റേറ്റ് വിമാനത്താവളത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തി. എന്നാൽ, ഉടമസ്ഥാവകാശം കോടതി കയറിയതോടെ പദ്ധതിക്ക് മെല്ലപ്പോക്കായി. ഭൂമി ഹാരിസൺ പ്ളാന്റേഷന്റേതെന്നും ബിലീവേഴ്സ് ചർച്ചിന് കീഴിലുള്ള അയന ചാരിറ്റബിൾ ട്രസ്റ്റിന്റേതെന്നുമൊക്കെ അവകാശവാദമുയർന്നിട്ടുണ്ട്. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളിയിലെ ഭൂമി ഏറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനം ഹൈക്കോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. ഇക്കഴിഞ്ഞ മാർച്ചിലാണ് ഭൂമിയേറ്റെടുക്കാനുള്ള സർക്കാർ വിജ്ഞാപനമിറങ്ങിയത്. തർക്കത്തിൽ കുടുങ്ങി ചെറുവള്ളിയിലെ പദ്ധതി അനിശ്ചതത്വത്തിലേക്ക് നീളുന്ന സൂചനയാണ് കാണുന്നത്. ഈ പശ്ചാത്തലത്തിലാണ് കൊടുമണ്ണിൽ ശബരിമല വിമാനത്താവളം നിർമ്മിക്കണമെന്ന ആവശ്യമുയർന്നത്. ശബരിമല ഇടത്താവളത്തിനായി കൊടുമൺ എസ്റ്റേറ്റ് ഉപയോഗപ്പെടുത്തണമെന്ന് ആക്ഷൻ കമ്മിറ്റി ചൂണ്ടിക്കാട്ടിയിരിക്കുന്നു. സർക്കാരിന്റെ പൂർണ ഉടമസ്ഥതയിലുള്ളതാണ് പ്ളാന്റേഷൻ കോർപ്പറേഷന്റെ നിയന്ത്രണത്തിലുള്ള കൊടുമൺ റബർ എസ്റ്റേറ്റ്. ആയിരത്തി ഇരുനൂറ് ഹെക്ടർ ഭൂപ്രദേശമാണിത്. അടൂർ താലൂക്കിലെ കൊടുമൺ, അങ്ങാടിക്കൽ, കലഞ്ഞൂർ, ഏനാദിമംഗലം, ഏഴംകുളം എന്നീ വില്ലേജുകളിലായി വ്യാപിച്ചു കിടക്കുന്ന തോട്ടങ്ങളാണിത്. ഇവിടെ വിമാനത്താവളം നിർമ്മിച്ചാൽ പത്തനംതിട്ട, കൊല്ലം, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലുള്ളവർക്ക് പ്രയോജനപ്പെടും. ശബരിമല തീർത്ഥാടന കാലത്ത് അയ്യപ്പഭക്തരെ പമ്പയിലേക്ക് എത്തിക്കാനുള്ള ക്രമീകരണവും ചെയ്യാനാകുമെന്ന് ആക്ഷൻ കൗൺസിൽ വ്യക്തമാക്കി.
പദ്ധതിയെ ഇരുകൈയും നീട്ടി പ്രവാസികൾ സ്വീകരിച്ചിരിക്കുകയാണെന്നും പദ്ധതിയിൽ മുതൽമുടക്ക് അടക്കം നടത്താൻ തയാറാണെന്ന് അറിയിച്ചിട്ടുള്ളതായും ആക്ഷൻ കമ്മിറ്റി ഭാരവാഹികൾ പറയുന്നു.

കുടിയൊഴിപ്പിക്കൽ വേണ്ടിവരില്ല

ആരെയും കുടിയൊഴിപ്പിക്കാതെയും പരിസ്ഥിതി വിഷയങ്ങളില്ലാതെയും വിമാനത്താവളം നിർമിക്കാനാകുമെന്നതാണ് കൊടുമൺ എസ്റ്റേറ്റിലെ പ്രത്യേകത. വനമേഖലയുമായി ബന്ധമില്ലാത്ത സ്ഥലമായതിനാൽ വന്യജീവി ശല്യമോ ഇതര പരിസ്ഥിതി പ്രത്യാഘാതങ്ങളോ നേരിടേണ്ടിവരില്ല. മരങ്ങൾ കൂടുതലായി മുറിക്കേണ്ട ആവശ്യവുമുണ്ടാകില്ല. ഭൂപ്രകൃതിയും റൺവേയുമെല്ലാം തികച്ചും അനുയോജ്യമായിരിക്കുമെന്നാണ് ആക്ഷൻ കൗൺസിലിന്റെ വിലയിരുത്തൽ. നിർമാണ ആവശ്യത്തിനുള്ള പാറയും മണ്ണും എല്ലാം എസ്റ്റേറ്റിൽ തന്നെ ലഭ്യമാകും.
പ്രവാസികളേറെയുള്ള പത്തനംതിട്ട ജില്ലയിൽ തന്നെ വിമാനത്താവളം വരുന്നതിലൂടെ ഇതിന്റെ പ്രയോജനം വലുതായിരിക്കുമെന്ന് ചിലർ വിശ്വസിക്കുന്നു. നിലവിൽ തിരുവനന്തപുരം, നെടുമ്പാശേരി വിമാനത്താവളങ്ങളിലേക്ക് മണിക്കൂറുകൾ റോഡ് മാർഗം സഞ്ചരിക്കേണ്ട സാഹചര്യമാണ്. റെയിൽവേ സൗകര്യം പരിമിതമായ പത്തനംതിട്ടയിൽ ഒരു വിമാനത്താവളത്തിന്റെ ആവശ്യകത നേരത്തെ തന്നെ കണ്ടെത്തിയിരുന്നതാണ്.

റബറിനു വിലയിടിവ് വന്നതോടെ ടാപ്പിംഗ് നിലച്ച കൊടുമൺ എസ്റ്റേറ്റിൽ പാഷൻ ഫ്രൂട്ട്, മത്സ്യക്കൃഷി, പച്ചക്കറി, പ്ലാവ് തുടങ്ങി പുതിയ പരീക്ഷണങ്ങൾ ആരംഭിച്ചെങ്കിലും വിജയിച്ചില്ല. റബർ തടി സംസ്‌ക്കരണ യൂണിറ്റ് ഉണ്ടായിരുന്നത് അടച്ചു പൂട്ടി. അറുപത് വർഷം പിന്നിട്ടിട്ടും ഇവിടെ ഉത്പാദിപ്പിക്കുന്ന ലാറ്റക്‌സ് ഉപയോഗിച്ച് ഏതെങ്കിലും ഒരു ഉത്പ്പന്നം നിർമിക്കാൻ പോലും കഴിഞ്ഞിട്ടില്ല.

കോർപ്പറേഷൻ നഷ്ടത്തിലാകാൻ തുടങ്ങിയതോടെ തൊഴിലാളികളുടെ അവസ്ഥയും പരിതാപകരമായി. കൊടുമൺ എസ്റ്റേറ്റിൽ മാത്രം ആറ് ഡിവിഷനുകളിൽ ആയിരത്തി അഞ്ഞൂറിലധികം തൊഴിലാളികൾ ഉണ്ടായിരുന്നുവെങ്കിൽ ഇന്ന് ഡിവിഷനുകളുടെ എണ്ണം രേഖകളിൽ മാത്രം ഒതുങ്ങുകയും തൊഴിലാളികളുടെ എണ്ണം അഞ്ഞൂറായി കുറയുകയും ചെയ്തു. ന്യായമായ വേതനം ലഭിക്കാത്തതിനാലും മറ്റ് ആനുകൂല്യങ്ങൾ ലഭിക്കാത്തതിനാലും ഭൂരിഭാഗം തൊഴിലാളികളും തോട്ടം മേഖലയിൽ ചുരുക്കം ദിവസങ്ങളിൽ പോയി ജോലി ചെയ്തും ബാക്കി ദിവസങ്ങളിൽ പുറം ജോലികൾ ചെയ്തുമാണ് കുടുംബം പോറ്റുന്നത്. തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്‌സുകൾ ജീർണിച്ച് വാസയോഗ്യമല്ലാതായി മാറി. കാട് വെട്ടിമാറ്റാൻ നൂറു കണക്കിന് തൊഴിലാളികളാണ് ഓരോ എസ്റ്റേറ്റിലും ഉണ്ടായിരുന്നത്. ഇപ്പോൾ ആ തസ്തിക പോലും ഇല്ലാതായി. തൊഴിൽ രഹിതരായ തൊഴിലാളികൾക്ക് വിമാനത്താവളം പദ്ധതിയിലൂടെ നേരിട്ടും അല്ലാതെയും അനന്തമായ തൊഴിൽ സാദ്ധ്യതകളാണ് ഉണ്ടാകുന്നത്. പ്രാദേശികമായ വികസനത്തിലൂടെയും സാമ്പത്തികമായ പുരോഗതി ഈ മേഖലകളിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യാത്രാ സൗകര്യം മെച്ചപ്പെടും

കൊടുമണ്ണിൽ വിമാനത്താവളം നിർമ്മിച്ചാൽ യാത്രാസൗകര്യം മെച്ചപ്പെടും. നിർദ്ദിഷ്ട പദ്ധതി പ്രദേശത്ത് നിന്ന് തീരദേശ, ചെങ്കോട്ട, കോട്ടയം പാതകളിലായി ഇരുപത് മുതൽ മുപ്പത് കിലോമീറ്റർ പരിധിയിൽ നാല് റെയിൽവേ സ്റ്റേഷനുകളുമായി ബന്ധമുണ്ടാകും. നിർദിഷ്ട ദേശീയ പാത, എം.സി റോഡ്, കെ.പി റോഡ്, പി.എം റോഡ് എന്നിവ വിമാനത്താവളവുമായി ബന്ധപ്പെടുത്താനാകും.
പത്തനംതിട്ട ജില്ലയിൽ സർക്കാർ മേഖലയിൽ ഉൾപ്പെടെ അഞ്ച് മെഡിക്കൽ കോളജുകളും ഇരുപത് കിലോമീറ്ററിനുള്ളിൽ അഞ്ച് പ്രധാനപ്പെട്ട ആശുപത്രികളുമുണ്ട്. പത്തനംതിട്ട കൊടുമൺ അടൂർ റോഡ് വികസിപ്പിക്കുകയും അനുബന്ധ പാതകളിൽ കോന്നി റോഡും വികസിപ്പിച്ച് ശബരിമലയിലേക്ക് യാത്രാ സൗകര്യം കൂട്ടാം. പത്തനംതിട്ടയിലെയും സമീപ പ്രദേശങ്ങളിലെയും ടൂറിസം കേന്ദ്രങ്ങൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവിടങ്ങളിലേക്കെല്ലാം വിമാനത്താവളവുമായി ബന്ധപ്പെട്ട് നിലവിലെ പാതകൾ വികസിപ്പിച്ചെടുക്കാം. അടൂർ, പത്തനംതിട്ട ടൗണുകളുടെ വികസനവും ഇതുവഴി സാദ്ധ്യമാകുമെന്ന് കൊടുമൺ വിമാനത്താവളം ആക്ഷൻ കമ്മിറ്റി പ്രസിഡന്റ് ഡോ. വർഗീസ് പേരയിലും സെക്രട്ടറി ശ്രീജിത്ത് ഭാനുദേവും പറയുന്നു.

മദ്ധ്യ തിരുവിതാംകൂറിൽ നിന്ന് യൂറോപ്പിലും ഗൾഫ് രാജ്യങ്ങളിലും ജോലി ചെയ്യുന്നവർ നിരവധിയാണ്. പത്തനംതിട്ട ജില്ലയിൽ നിന്നുള്ളവർ കൊച്ചിയിലെയോ തിരുവനന്തപുരത്തെയോ വിമാനത്താവളങ്ങളിൽ ചെന്നു വേണം വിദേശ രാജ്യങ്ങളിലേക്ക് പറക്കാൻ. ഇവിടേക്ക് യാത്ര ചെയ്യുമ്പോഴുണ്ടാകുന്ന സമയ നഷ്ടവും വലുതാണ്. ഇതൊഴിവാക്കാൻ പത്തനംതിട്ടയിൽ വിമാനത്താവളം വേണമെന്ന ആവശ്യം ശക്തമാണ്. അന്യസംസ്ഥാനങ്ങളിലും വിദേശത്തുമുള്ള തീർത്ഥാടകർക്ക് ശബരിമലയിൽ എത്താനുള്ള വേഗമാർഗം കൂടിയാണ് വിമാനത്താവളം. ശബരിമല യാത്രക്കാരുടെ യാത്രാദുരിതം വലിയ തോതിൽ കുറയുകയും ചെയ്യും.

Advertisement
Advertisement