മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടിയായി ബോക്സ് മോഷണവും

Tuesday 21 May 2024 1:12 AM IST

ബേപ്പൂർ:മത്സ്യ തൊഴിലാളികൾക്ക് ഇരുട്ടടിയായി ബോക്സ് മോഷണവും. ഹാർബറിൽ നിന്ന് വിപണനത്തിനായി ദൂരദേശങ്ങളിലേക്ക് മത്സ്യം നിറച്ച് കയറ്റി അയക്കുന്ന ബോക്‌സുകളും മോഷ്ടിക്കപ്പെടുന്നതോടെ മത്സ്യ ഏജൻ്റുമാരും ബോട്ട് ഉടമകളും നിത്യ ദുരിതത്തിലാണ്. 25 കിലോ മത്സ്യമാണ് ഒരു ബോക്സിൽ നിറക്കുക. മത്സ്യം കയറ്റി അയച്ചതിൽ കനത്ത സാമ്പത്തിക ബാദ്ധ്യത നിലനിൽക്കുമ്പോഴാണ് ഈ സംഭവം. വിവിധ മത്സ്യമാർക്കറ്റുകളിലേക്ക് ഏജൻ്റുമാരുടെ സ്ഥാപനത്തിൻ്റെ അടയാളത്തോടെ കയറ്റി അയക്കുന്ന ബോക്സുകൾ മാർക്കറ്റിൽ വെച്ച് ബോക്സിലെ അടയാളങ്ങൾ ചുരണ്ടി മാറ്റി മാർക്ക് ബോക്സുകൾ മിക്സ് ബോക്സ് ആക്കിയാണ് മോഷണം നടത്തുന്നത്. 700 രൂപയാണ് ഒരു ബോക്സിൻ്റെ യഥാർത്ഥ വില മോഷ്ടിക്കപ്പെടുന്ന ബോക്സുകൾ 300 രൂപക്കാണ് മോഷ്ടാക്കൾ വിറ്റഴിക്കുന്നത്. മത്സ്യം കയറ്റി അയക്കുന്ന ബോക്സുകളിൽ പകുതിയിലധികം ഹാർബറിലേക്ക് തിരിച്ചെത്തുന്നില്ല. വിവിധ മാർക്കറ്റിൽ വെച്ചാണ് തിരിമറി നടക്കുന്നത്. മാർക്ക് ചുരണ്ടിയ മാറ്റിയ ബോക്സുകൾ അന്യ സംസ്ഥാനങ്ങളിലേക്കാണ് അയക്കുന്നത്. ഇത് വഴി ലക്ഷങ്ങളുടെ നഷ്ടമാണ് ഓരോ ഏജൻ്റുമാർക്കും ഉടമക്കും നേരിടേണ്ടിവരുന്നത്.

കഴിഞ്ഞ ദിവസം ബേപ്പൂർ ഹാർബറിൽ നിന്ന് 50 ഓളം ബോക്സുകൾ ഗുഡ്സ് ഓട്ടോയിൽ കടത്താൻ ശ്രമിച്ചവരെ, ബോക്സുകൾ വില്പന നടത്തുന്നതിനിടെ മത്സ്യ തൊഴിലാളികൾ പിടികൂടിയിരുന്നു. സലീമിൻ്റെ ഉടമസ്ഥതയിലുള്ള വിന്നർ ബോട്ടിലെ ബോക്സുകളാണ് മോഷ്ടിക്കാൻ ശ്രമിച്ചത്. ബോക്സു മോഷണവുമായി ബന്ധപ്പെട്ട വിഷയം ചർച്ച ചെയ്യുന്നതിനായി എളമരം കരീമിൻ്റെ അദ്ധ്യക്ഷതയിൽ കഴിഞ്ഞ ദിവസം ഓൾ കേരള ഫിഷ് മർച്ചൻ്റ്സ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ചർച്ച നടന്നിരുന്നു. ഇതിൽ നിന്ന്, പൊലീസിൽ പരാതി നൽകുവാനും മാർക്കറ്റിൽ വെച്ച് അടയാളമുള്ള ബോക്സിൽ വരുന്ന മത്സ്യങ്ങൾ മാത്രം ലേലം ചെയ്താൽ മതി എന്ന തീരുമാനവും കൈകൊണ്ടിട്ടുണ്ട്. മാർക്കറ്റിലെ ഏജൻ്റുമാർ മാർക്കറ്റിലേക്ക് വരുന്ന മത്സ്യങ്ങൾ ഏജൻ്റുമാരുടെ ബോക്സുകളിലേക്ക് മാറ്റി, മത്സ്യം വരുന്ന വാഹനത്തിൽ തന്നെ ഹാർബറിലേക്ക് മുഴുവൻ ബോക്സുകൾ തിരിച്ചയക്കാനും സാദ്ധ്യതയും ചർച്ചയിൽ ഉയർന്ന് വന്നു. മോഷ്ടിക്കപ്പെടുന്ന ബോക്സുകൾ വിൽക്കുവാൻ സഹായിക്കുന്ന ഏജൻ്റുമാരും അണിയറയിൽ പ്രവർത്തിക്കുന്നുണ്ടെന്നാണ് തൊഴിലാളികൾ പറയുന്നത്.

Advertisement
Advertisement