ഇറാന്റെ കാവലാളും കശാപ്പുകാരനും

Tuesday 21 May 2024 12:30 AM IST

ഇറാനിൽ കർശന മതനിയമങ്ങളുടെ കാവലാളായിരുന്നു ഇബ്രാബിം റെയ്സി. അതേസമയം,​ രാഷ്ട്രീയ എതിരാളികൾക്ക് ദാക്ഷിണ്യമില്ലാത്ത കശാപ്പുകാരനും! ഇറാൻ- ഇറാക്ക് യുദ്ധാനന്തരം ആയിരക്കണക്കിന് രാഷ്‌ട്രീയ തടവുകാരെ കൂട്ടക്കശാപ്പ് ചെയ്യാൻ ഉത്തരവിട്ട ഡെത്ത് കമ്മിഷനിലെ നാല് ജ‌ഡ്‌ജിമാരിൽ ഏറ്റവും പയ്യൻ!

ഇറാന്റെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ ഒഗു ഘട്ടത്തിലാണ് പ്രസിഡന്റ് ഇബ്രാഹിം റെയ്സി ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ടത്. ഇസ്ലാമിക നിയമത്തിൽ കടുകിട വിട്ടുവീഴ്ചയില്ലാത്ത അതിതീവ്ര നിലപാടുകളുമായി ഇറാനെ നയിച്ച നേതാവായിരുന്നു റെയ്സി. പൗരോഹിത്യത്തിൽ നിന്ന് പ്രോസിക്യൂട്ടറായും, പിന്നെ രാജ്യത്തിന്റെ ചീഫ് ജസ്റ്റിസായും വളർന്ന ശേഷമാണ് റെയ്സി പ്രസിഡന്റായത്- 2021ൽ പ്രസിഡന്റ് പദം.

തീവ്ര നിലപാടുകളുടെ ഭാഗമായി ഹിജാബ് നിയമം കർക്കശമാക്കിയത് വൻ എതിർപ്പിനിടയാക്കി. മതനിയമപ്രകാരം ഹിജാബ് ധരിച്ചില്ലന്ന പേരിൽ,​ ഇരുപത്തിരണ്ടുകാരിയായ മഹ്സ അമിനി കൊല്ലപ്പെട്ടപ്പോൾ രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധങ്ങൾ റെയ്സി അടിച്ചമർത്തി. ആണവ ചർച്ചകളിൽ അമേരിക്ക ഉൾപ്പെടെയുള്ള വൻശക്തികളെ സമ്മ‌ർദ്ദത്തിലാക്കി. ആറ്റം ബോംബുണ്ടാക്കാനുള്ള യുറേനിയം സമ്പുഷ്‌ടീകരണം ശക്തമാക്കി. യുക്രെയിനെതിരായ യുദ്ധത്തിന് റഷ്യയ്ക്ക് ബോംബ് വഹിക്കുന്ന ഡ്രോണുകൾ നൽകി.

റഷ്യയ്ക്ക് മേഖലയിലെ സായുധ ഗ്രൂപ്പുകളുടെ പിന്തുണയും റെയ്സി ഉറപ്പാക്കി. റഷ്യയെ സഹായിച്ചതും പാശ്ചാത്യ ശക്തികളുമായുള്ള സംഘർഷം രൂക്ഷമാക്കി. ഗാസ യുദ്ധത്തിൽ ഇസ്രയേലിനെ വളഞ്ഞിട്ടാക്രമിക്കാൻ ഹമാസ്, ഹൂതി, ഹിസ്ബുള്ള ഗ്രൂപ്പുകൾക്ക് കൈയയച്ച് സഹായം നൽകിയതിനു പിന്നിലും ഇബ്രാബിം റെയ്സി ആയിരുന്നു. നേരിട്ട് ഇസ്രയേലിനെ ആക്രമിച്ചു. ഇറാന്റെ പരമോന്നത ആത്മീയ നേതാവായ അയത്തൊള്ള അലി ഖമനേയിയുടെ ആശീർവാദം കിട്ടിയ നേതാവായി. 85 കാരനായ ഖമനേയിയുടെ പിൻഗാമിയായി ഇറാന്റെ പരമോന്നത നേതാവാകുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ്,​ തീർത്തും അപ്രതീക്ഷിതമായി റെയ്സിയുടെ അപകടമരണം.

ടെഹ്റാനിലെ

കശാപ്പുകാരൻ

1988- ൽ ഇറാൻ - ഇറാക്ക് യുദ്ധാനന്തരം ആയിരക്കണക്കിന് രാഷ്‌ട്രീയ തടവുകാരെ കൂട്ടക്കശാപ്പ് ചെയ്യാൻ ഉത്തരവിട്ട 'ഡെത്ത് കമ്മിഷനിലെ' നാല് ജ‌ഡ്‌ജിമാരിൽ ഏറ്റവും പ്രായം കുറഞ്ഞയാൾ ഇബ്രാഹിം റെയ്സി ആയിരുന്നു. വെറും 27 വയസ്! രാജ്യത്ത് 32 സ്ഥലങ്ങളിലാണ് ഡെത്ത് കമ്മിഷൻ യോഗം ചേർന്ന് മിനിട്ടുകൾക്കുള്ളിൽ വധശിക്ഷയ്ക്ക് ഉത്തരവിട്ടത്. 5000 മുതൽ 8000 പേരെ വരെ കശാപ്പു ചെയ്‌തെന്നാണ് റിപ്പോർട്ട്.

കൊല്ലപ്പെട്ടവരിൽ വലിയൊരു വിഭാഗം മാർക്സിസ്റ്റുകളും ഇടത് അനുഭാവികളും ആയിരുന്നു. ദൈവത്തോട് യുദ്ധം ചെയ്‌തവർക്ക് വധശിക്ഷ എന്ന് ഖൊമേനിയുടെ ഫത്വ നടപ്പാക്കുകയായിരുന്നു ഡെത്ത് കമ്മിഷൻ. ആ കൂട്ടക്കൊലയാണ് റെയ്സിക്ക് ടെഹ്‌റാനിലെ കശാപ്പുകാരൻ എന്ന കറുത്ത പാട് ചാർത്തിക്കൊടുത്തത്. ഇതിന്റെ പേരിൽ അമേരിക്ക റെയ്സിക്ക് ഉപരോധം ഏർപ്പെടുത്തി.

തുടക്കം കുറിച്ചത്

ദൈവശാസ്ത്രം

ഇപ്പോഴത്തെ ആത്മീയ നേതാവ് ഖമനേയിയുടെയും മറ്റ് ഇസ്ലാമിക പണ്ഡിതരുടെയും ശിക്ഷണത്തിൽ ദൈവശാസ്ത്രവും ഇസ്ലാമിക നിയമവും പഠിച്ചാണ് റെയ്സിയുടെ വളർച്ച. ഇറാനിലെ ഷായ്ക്കെതിരായ പ്രക്ഷോഭങ്ങളിൽ പങ്കെടുത്തു. 1979-ലെ ഇസ്ലാമിക വിപ്ലവത്തിൽ ഷാ നിഷ്കാസിതനായി. ഇസ്ലാമിക ഭരണകൂടം നിലവിൽ വന്നു. തുടർന്ന് റെയ്സി ഇരുപതാം വയസിൽ കരാജ് , ഹമദാൻ പ്രവിശ്യകളിലെ പ്രോസിക്യൂട്ടർ ജനറലായി നിയമിതനായി. ഇറാനിലെ ഏറ്റവും വലിയ മത ന്യൂനപക്ഷമായ ബഹായി വംശജരെയും രാഷ്‌ട്രീയ എതിരാളികളെയും പീഡിപ്പിക്കുന്നതിൽ മുഖ്യപങ്ക് വഹിച്ചു. ഖമനേയിയെപ്പോലെ റെയ്സിയും കറുത്ത ശിരോ വസ്‌ത്രം ധരിച്ചു. പ്രവാചകന്റെപിന്മുറക്കാരന്റെ ( സയ്യിദ് ) അടയാളമെന്ന നിലയിലാണ് ശിരോ വസ്ത്രം ധരിക്കുന്നത്.

പരമോന്നത നേതാവ് മരിക്കുമ്പോൾ പിൻഗാമിയെ കണ്ടെത്തുന്ന വിദഗ്ദ്ധ സമിതിയിൽ റെയ്സി ഏറെക്കാലം അംഗമായിരുന്നു. പിന്നീട് അറ്റോർണി ജനറലായിരിക്കെ കോടികളുടെ ആസ്തിയും,​ ഇമാം റേസ ദേവാലയത്തിന്റെ നടത്തിപ്പു ചുമതലയുമുള്ള അസ്താൻ ഖുദ്സ് റസാവി എന്ന ചാരിറ്റബിൾ ട്രസ്റ്റിന്റെ ചുമതല ഖമനേയി റെയ്സിയെ ഏല്പിച്ചു. 2017ൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ട റെയ്സിയെ ഖമനേയി ഇറാൻ സുപ്രിംകോടതിയുടെ ചീഫ് ജസ്റ്റിസായി നിയമിച്ചു.

നീതിയുടെ കാവലാളായും അഴിമതി വിരുദ്ധ പോരാളിയായും സ്വയം പ്രതിഷ്‌ഠിച്ചായിരുന്നു റെയ്സിയുടെ പ്രവർത്തനം. പ്രവിശ്യകളിൽ സഞ്ചരിച്ച് ജനപിന്തുണ നേടിയ റെയ്സി 2021- ലെ തിരഞ്ഞെടുപ്പിൽ പ്രസിഡന്റ് പദം കൈക്കലാക്കി. എതിർ സ്ഥാനാർത്ഥികളെ കൂട്ടത്തോടെ അയോഗ്യരാക്കിയ വിവാദ തിരഞ്ഞെടുപ്പിൽ ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പോളിംഗാണ് നടന്നത്. ആഭ്യന്തര എതിർപ്പ് രൂക്ഷമായിരുന്നെങ്കിലും 2025-ലെ തിരഞ്ഞെടുപ്പിലും ജയിക്കുമെന്ന കണക്കുകൂട്ടലിലായിരുന്നു ഇബ്രാബിം റെയ്സി എന്ന വിവാദ നേതാവ്.

Advertisement
Advertisement