ഇന്ത്യയെ അടുപ്പിച്ചു നിറുത്തിയ നേതാവ്

Tuesday 21 May 2024 12:34 AM IST

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം നയതന്ത്ര തലത്തിൽ ഇന്ത്യയ്‌ക്കും നഷ്‌ടമാണ്. ചൈനയോട് അടുക്കുമ്പോഴും ഇന്ത്യയുമായുള്ള പരമ്പരാഗത ബന്ധം ഊഷ്‌മളമായി നിലനിറുത്താൻ അദ്ദേഹം ശ്രമിച്ചിരുന്നു. ഇറാനിലെ ചബഹാർ തുറമുഖ നിർമ്മാണത്തിലെ ഇന്ത്യയുടെ പങ്കാളിത്തമാണ് അതിൽ പ്രധാനം. മദ്ധ്യേഷ്യയിലൂടെ റഷ്യയുമായുള്ള കണക്റ്റിവിറ്റി യാഥാർത്ഥ്യമാക്കാൻ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഈ തുറമുഖം തന്ത്രപ്രധാനമാണ്. ചൈനയുടെ സഹായമുള്ള പാകിസ്ഥാനിലെ ഗ്വാദ്ധാർ തുറമുഖത്തു നിന്ന് 200 കിലോമീറ്റർ അകലെയാണിത്.

വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കർ ഇക്കഴിഞ്ഞ ജനുവരിയിൽ ഇറാൻ സന്ദർശിച്ച് ചബഹാർ തുറമുഖ കരാർ, ഉത്തര-ദക്ഷിണ ഇടനാഴി വികസനം എന്നീ പദ്ധതികളിൽ അന്തിമ ധാരണയുണ്ടാക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി അടുത്ത പത്തു വർഷത്തേക്ക് ചബഹാർ തുറമുഖം പ്രവർത്തിപ്പിക്കാനുള്ള കരാറിൽ കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ആഴ്‌ചകൾക്ക് മുൻപ് ഒപ്പുവച്ചു. ചബഹാർ തുറമുഖ സഹകരണത്തിൽ നിന്ന്പിൻമാറാൻ യു.എസിന്റെ സമ്മർദ്ദമുണ്ടായിട്ടും ഇന്ത്യ വഴങ്ങിയില്ല. ഇറാനു മേൽ യു.എസ് ഏർപ്പെടുത്തിയ ഉപരോധങ്ങൾ തുറുഖ പദ്ധതിയെ ബാധിക്കാതെ നോക്കാനും ഇന്ത്യയ്‌ക്കു കഴിഞ്ഞു.


2023 സെപ്റ്റംബറിൽ ദക്ഷിണാഫ്രിക്ക ബ്രിക്‌സ് ഉച്ചകോടിയിൽ ഇറാന് അംഗത്വം ഉറപ്പാക്കിയതും ഇന്ത്യയാണ്. ഇന്ത്യ അദ്ധ്യക്ഷത വഹിച്ച വോയ്‌സ് ഒഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടിക്ക് ഇറാൻ പിന്തുണ നൽകി. ഇങ്ങനെയുള്ള കൊടുക്കൽ വാങ്ങൽ ബന്ധങ്ങളിലൂടെ ഇരുരാജ്യങ്ങളെയും ഒന്നിപ്പിച്ചു നിറുത്താൻ റൈസിയുടെ ഭരണത്തിന് കഴിഞ്ഞു. 2014 മുതൽ നരേന്ദ്രമോദി സർക്കാരുമായും അദ്ദേഹം അടുത്ത ബന്ധം പുലർത്തി.

ഇന്ത്യയുമായുള്ള

ബന്ധം ഉലയില്ല

 ടി.പി. ശ്രീനിവാസൻ

ഒരു ലോക ക്രമം തന്നെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇബ്രാഹിം റെയ്സിപ്പോലൊരു വലിയ നേതാവിനെ നമുക്ക് നഷ്ടമായത്. ലോകക്രമത്തിൽ ഇറാന് വളരെ വലിയൊരു റോളുണ്ട്. എന്നാൽ റെയ്സിയുടെ മരണം കൊണ്ട് ഇറാനുമായുള്ള ബന്ധത്തിൽ ഇന്ത്യയ്ക്ക് സംശയിക്കേണ്ട സാഹചര്യമൊന്നുമില്ല. ചബഹാർ തുറമുഖത്തിന്റെ കാര്യത്തിൽ പുതിയ തീരുമാനങ്ങൾ വന്നിട്ടുണ്ട്. ചൈനയുടെ സ്വാധീനം അവിടെ ധാരാളമായുണ്ടെങ്കിലും ഇറാനുമായുള്ള നമ്മുടെ ബന്ധത്തിൽ സ്ഥിരതയുണ്ട്.

ഇറാനും ചൈനയുമായി വളരെ അടുപ്പത്തിലാണെന്നിരിക്കെ,​ ചൈനയും റഷ്യയുമായുള്ള കൂട്ടുകെട്ടിൽ ഇറാന്റെ റോൾ എന്തായിരിക്കുമെന്നതിലും ഇന്ത്യയ്ക്ക് വളരെ ആകാംക്ഷയുണ്ട്. കാരണം നമ്മുടെ ഏറ്റവും വലിയ സുഹൃത്തും ഏറ്രവും ശത്രുവും തമ്മിലാണ് ചേർന്നിരിക്കുന്നത്. എന്നാൽ ഇറാനെ സംബന്ധിച്ചിടത്തോളം ഒരു സ്ഥിരതയുണ്ട്. പാലസ്തീനിനാണ് ഈ മരണംകൊണ്ട് ഏറ്റവും വലിയ നഷ്ടങ്ങൾ ഉണ്ടാവുന്നത്. കാരണം ഇറാൻ മാത്രമാണ് ഇന്ന് ഇസ്രയേലിനെതിരായി സംസാരിക്കാനും യുദ്ധം ചെയ്യാനും തയ്യാറായിട്ടുള്ളത്. റെയ്സിയുടെ മരണത്തോടെ അതിലൊരു വലിയൊരു മാറ്റം പെട്ടെന്നുണ്ടാകും. അത്തരമൊരു പിന്തുണ പാലസ്‌തീനു ലഭിക്കില്ല. ഈ മരണത്തിൽ ഒരു തീവ്രവാദ ബന്ധം ആരോപിക്കുന്നതിൽ കാര്യമില്ല.

Advertisement
Advertisement