ഇന്ത്യയ്ക്ക് നഷ്ടമായത് ഉറ്റ മിത്രത്തെ

Tuesday 21 May 2024 12:37 AM IST

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ അപകട മരണം ലോകം ഞെട്ടലോടെയാണ് ഉൾക്കൊള്ളുന്നത്. ആഭ്യന്തര - അന്തർദേശീയ സാഹചര്യത്തിൽ ഇറാനെ ചങ്കൂറ്റത്തോടെ നയിച്ച നേതാവായ റെയ്സിയുടെ അപ്രതീക്ഷിത വിയോഗം ഇറാൻ ജനതയ്ക്കു മാത്രമല്ല,​ ഇന്ത്യയ്ക്കും വലിയ നഷ്ടമാണ് വരുത്തിയിരിക്കുന്നത്. രണ്ട് ദശാബ്ദം നീണ്ട ചർച്ചകൾക്കും പ്രതിസന്ധികൾക്കുമൊടുവിൽ ആദ്യമായി ഒരു വിദേശ തുറമുഖത്തിന്റെ നിയന്ത്രണം ഇന്ത്യ ഏറ്റെടുക്കാനുള്ള കരാറിൽ ഒപ്പുവച്ചതിനു പിന്നിൽ ഇറാൻ പ്രസിഡന്റിന്റെ ഇടപെടലുകൾ നിർണായകമായിരുന്നു. ഇന്ത്യയോട് ഊഷ്‌മളമായ സൗഹൃദം എന്നും പുലർത്തിയിരുന്ന നേതാവായിരുന്നു റെയ്സി. ഞായറാഴ്ച ഉച്ചയോടെ അസർബൈജാനിൽ ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിലാണ് ഇറാൻ പ്രസിഡന്റും വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദള്ളാ ഹിയാൻ, പ്രവിശ്യാ ഗവർണർ മാലിക് റഹ്‌മതി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും അംഗരക്ഷകരും അടങ്ങുന്ന ഒൻപതംഗ സംഘം കൊല്ലപ്പെട്ടത്.

വനമേഖലയിൽ ഇടിച്ചിറങ്ങിയതിനെത്തുടർന്ന് കത്തിയമർന്ന ഹെലിക്കോപ്റ്ററിന്റെ അവശിഷ്ടങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഇറാൻ - അസർബൈജാൻ സംയുക്ത സംരംഭമായ ഖിസ് ഖലാസി അണക്കെട്ടിന്റെ ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെയാണ് ടെഹ്‌റാനിൽ നിന്ന് 600 കിലോമീറ്റർ അകലെ വനമേഖലയിൽ ഹെലികോപ്റ്റർ തകർന്നുവീണത്. മൂന്ന് ഹെലികോപ്റ്ററുകളിലായാണ് റെയ്സിയും സംഘവും യാത്രതിരിച്ചത്. മറ്റു രണ്ട് ഹെലികോപ്റ്ററുകൾ സുരക്ഷിതമായി തിരിച്ചെത്തിയിട്ടുണ്ട്. അപകടം നടന്ന മലമ്പ്രദേശത്ത് കനത്ത മൂടൽമഞ്ഞായതിനാൽ രക്ഷാപ്രവർത്തനം ശ്രമകരമായിരുന്നു. തുർക്കിയും റഷ്യയും രക്ഷാപ്രവർത്തനത്തിൽ സഹായിച്ചിരുന്നു. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി പരിഗണിക്കപ്പെട്ടിരുന്ന റെയ്സിയുടെ വിയോഗത്തിലൂടെ ഏറ്റവും കരുത്തുറ്റ ഒരു നേതാവിനെയാണ് ഇറാന് ഈ പ്രതിസന്ധിഘട്ടത്തിൽ നഷ്ടമായിരിക്കുന്നത്.

ജുഡിഷ്യറിയുടെ തലവനായിരിക്കെ 2001-ലാണ് റെയ്സി ഇറാൻ പ്രസിഡന്റാകുന്നത്. മത നിയമങ്ങൾ കർക്കശമാക്കിയതിനെത്തുടർന്ന് തുടക്കത്തിൽ റെയ്സിക്ക് നിരവധി പ്രതിഷേധങ്ങളും പ്രക്ഷോഭങ്ങളും നേരിടേണ്ടി വന്നിരുന്നെങ്കിലും അതിനെയെല്ലാം അതിജീവിച്ച് പ്രബലനായ ഭരണാധികാരിയായി മാറുകയായിരുന്നു. ഇസ്രയേലിനെതിരെ മിസൈൽ ആക്രമണം നടത്തിയ തീരുമാനമെടുക്കുന്നതിലും അദ്ദേഹത്തിന്റെ വിട്ടുവീഴ്ചയില്ലാത്ത നിലപാട് നിർണായക പങ്കാണ് വഹിച്ചത്. യുക്രെയിൻ യുദ്ധത്തിൽ റഷ്യയ്ക്ക് പൂർണ പിന്തുണ നൽകുന്ന സമീപനം പുലർത്തിയിരുന്ന റെയ്സി അക്കാരണത്താൽ തന്നെ അമേരിക്കയുടെയും മറ്റ് യൂറോപ്യൻ രാജ്യങ്ങളുടെയും അപ്രീതിക്ക് പാത്രമായിരുന്നു. അമേരിക്ക വിലക്ക് ഏർപ്പെടുത്തിയ ഇറാൻ നേതാക്കളുടെ പട്ടികയിൽ റെയ്സിയും ഉണ്ടായിരുന്നു.

2019-ൽ ഡൊണാൾഡ് ട്രംപ് പ്രസിഡന്റായിരുന്ന സമയത്താണ് റെയ്സിക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഇസ്രയേലിനെതിരെ അടുത്തിടെ നടത്തിയ ആക്രമണമാണ് റെയ്സിയെ ലോകശ്രദ്ധയിലേക്ക് ഉയർത്തിയത്. അതോടെ റെയ്സിയുടെ ജീവനു നേരെ ഏതു സമയവും ആക്രമണമുണ്ടാകാം എന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ റെയ്സി കയറിയ ഹെലികോപ്റ്റർ മാത്രം തകർന്നുവീണത് ഒട്ടേറെ ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇറാനും അസർബൈജാനും ഉന്നത സുരക്ഷാ വിദഗ്ദ്ധരും നടത്തുന്ന വിശദമായ അന്വേഷണത്തിനു ശേഷമേ അപകടകാരണം സംബന്ധിച്ച് വ്യക്തത കൈവരൂ. അപകടത്തിൽ റെയ്സി കൊല്ലപ്പെട്ടത് സ്ഥിരീകരിച്ചതോടെ അടിയന്തര മന്ത്രിസഭ യോഗം ചേർന്ന് ഭാവിയിൽ എടുക്കേണ്ട നടപടികളെക്കുറിച്ച് ചർച്ചചെയ്യുകയുണ്ടായി. പ്രസിഡന്റിന്റെ കസേരയിൽ കറുത്ത തുണിവിരിച്ച്,​ റെയ്സിയുടെ ചിത്രവും വച്ചാണ് മന്ത്രിസഭായോഗം ചേർന്നത്.

നിലവിൽ ഫസ്റ്ര് വൈസ് പ്രസിഡന്റ് ആയ മുഹമ്മദ് മുഖ്‌‌ബാർ പ്രസിഡന്റിന്റെ താത്‌കാലിക ചുമതല നിർവഹിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അമ്പത് ദിവസത്തിനുള്ളിൽ പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണമെന്നതാണ് രാജ്യത്ത് നിലവിലുള്ള ചട്ടം. രാജ്യത്തിന്റെ ഭരണകാര്യങ്ങൾ ഒരു തരത്തിലും തടസപ്പെടില്ലെന്നും ജനങ്ങൾ ആശങ്കപ്പെടേണ്ടതില്ലെന്നും അപകടവാർത്ത പുറത്തുവന്നതിനു ശേഷം ഇറാൻ പരമോന്നത നേതാവ് അലി ഖമേനി പറഞ്ഞിരുന്നു. ഇറാനിലെ നേതാക്കളിൽ ഏറ്റവും പ്രമുഖനായി ഉയർന്നുവന്ന റെയ്സി ഇസ്രയേലിന്റെയും ഇറാനെ എതിർക്കുന്ന മറ്റ് പാശ്ചാത്യരാജ്യങ്ങളുടെയും കണ്ണിലെ കരടായി സ്വാഭാവികമായും മാറുകയും ചെയ്തിരുന്നു. അതിനാൽ തന്നെ ഈ ഹെലികോപ്റ്റർ അപകടം ദുരൂഹത ഉയർത്തുന്ന ഒന്നായും മാറിയിട്ടുണ്ട്.

ഇറാന്റെ ദുഃഖത്തിൽ ലോകരാജ്യങ്ങൾ ഒന്നിച്ചുനിൽക്കേണ്ട ഒരു സന്ദർഭം കൂടിയാണിത്. റെയ്സിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി, ഇന്ത്യ ഇറാനൊപ്പം നിൽക്കുന്നുവെന്നും ഇന്ത്യ - ഇറാൻ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ അകാലത്തിൽ മറഞ്ഞ നേതാവ് നൽകിയ സംഭാവനകൾ എന്നും ഓർമ്മിക്കപ്പെടുമെന്നും പറഞ്ഞു. ഇറാനിലെ ചബഹാർ തുറമുഖം അടുത്ത പത്തുവർഷത്തേക്ക് ഇന്ത്യയ്ക്ക് കൈമാറാനുള്ള കരാർ നിലവിൽ വന്ന് ദിവസങ്ങൾക്കുള്ളിലാണ് റെയ്സിയുടെ അപ്രതീക്ഷിത വിയോഗം. ഈ കരാർ പാകിസ്ഥാനെയും ചൈനയെയും അമേരിക്കയെയും ഒരുപോലെ ചൊടിപ്പിച്ചിരുന്നു.

പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധങ്ങളിൽ വീർപ്പുമുട്ടുന്ന ഇറാന് ഇന്ത്യയിൽ നിന്ന് അവശ്യസാധനങ്ങളും മരുന്നുകളും മറ്റും ലഭിക്കാൻ വാതിൽ തുറക്കുന്നതായിരുന്നു ഈ കരാർ. അതിനോടൊപ്പം പശ്ചിമേഷ്യയിൽ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കാൻ ഇറാന്റെ സൗഹൃദം കരുത്തായി മാറിയിരുന്നു. കസാക്കിസ്ഥാൻ, തജിക്കിസ്ഥാൻ, ഉസ്‌ബെസ്ക്കിസ്ഥാൻ തുടങ്ങിയ മദ്ധ്യേഷ്യൻ രാജ്യങ്ങളിലേക്കും റഷ്യ വരെയുള്ള യൂറോപ്യൻ രാജ്യങ്ങളിലേക്കും പാകിസ്ഥാനെ ഒഴിവാക്കിയുള്ള ചരക്കുനീക്കം ചബഹാറിലൂടെ ഇന്ത്യയ്ക്കു സാദ്ധ്യമായത് ഇന്ത്യയുടെ ഇസ്രായേൽ ബന്ധം പോലും കണക്കിലെടുക്കാതെ റെയ്സി നൽകിയ പിന്തുണയുടെ ഫലമായിരുന്നു. റെയ്സിയുടെ മരണത്തിലൂടെ ഇറാന് അവരുടെ പരമോന്നത നേതാക്കളിൽ ഒരാളെയാണ് നഷ്ടമായതെങ്കിൽ,​ ഇന്ത്യയ്ക്കു നഷ്ടമായത് ഒരു ഉറ്റ മിത്രത്തെയാണ്.

Advertisement
Advertisement