പ്ലസ് വൺ സീറ്റ് ഉണ്ടെന്ന് അധികൃതർ ഇഷ്ട സ്കൂൾ ലഭിക്കുമോയെന്ന് കുട്ടികൾ

Monday 20 May 2024 9:43 PM IST

കണ്ണൂർ:പ്ലസ് വൺ സീറ്റിന്റെ കാര്യത്തിൽ ആശങ്ക വേണ്ടെന്ന് അധികൃതർ ഉറപ്പ് നൽകുമ്പോൾ ഇഷ്ടമുള്ള സ്കൂളുകൾ തിരഞ്ഞെടുക്കാനുള്ള സാദ്ധ്യതയിൽ ആശങ്കപ്പെട്ട് വിദ്യാർത്ഥികൾ.നിലവിൽ ഉന്നതപഠനാർഹരായ വിദ്യാർത്ഥികളുടെ എണ്ണമെടുത്താൽ 324 സീറ്റുകളുടെ കുറവാണ് ജില്ലയിലുള്ളത്.

കഴിഞ്ഞവർഷം ഫുൾ എ പ്ലസുകാർക്ക് പോലും ഒന്നാമത്തെ ഒപ്ഷനായി നൽകിയ സ്‌കൂൾ ലഭിച്ചില്ലെന്ന് പരാതി ഉയർന്നിരുന്നു.ഒപ്പം സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പത്താംക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളുമായും മത്സരിക്കേണ്ടിവരും. .

ജില്ലയിൽ പരീക്ഷ എഴുതിയ 36,070 വിദ്യാർത്ഥികളിൽ 36024 പേരും വിജയിച്ചിട്ടുണ്ട്. 6794 വിദ്യാർത്ഥികൾ മുഴുവൻ വിഷയങ്ങളിലും എപ്ലസ് നേടി. 99.87 ആണ് വിജയശതമാനം. നിലവിൽ ജില്ലയിൽ 3.5,700 പ്ലസ് വൺ സീറ്റുകളാണുള്ളത്. ഇതിന് പുറമേ വി.എച്ച്.എസ്.ഇ, ഐ.ടി.ഐ, പോളിടെക്നിക്ക് എന്നിവിടങ്ങളിലേക്കുള്ള പ്രവേശനത്തിന് 7500 ഓളം സീറ്റുകളുമുണ്ട്.
ആവശ്യമെങ്കിൽ ഈ സീറ്റുകളും വർദ്ധിപ്പിക്കും

1215 സീറ്റുകൾ നിലനിർത്തും

കഴിഞ്ഞ അദ്ധ്യയന വർഷം സർക്കാർ താത്ക്കാലികമായി അനുവദിച്ച 1215 സീറ്റുകളും ഇത്തവണ നിലനിർത്തും.ഉഎസ്.എസ്.എൽ.സി വിജയ ശതമാനത്തിൽ മികച്ച നേട്ടമാണ് കഴിഞ്ഞ നാലു വർഷമായി ജില്ല നേടിയത്. കഴിഞ്ഞവർഷം 34,975 വിദ്യാർത്ഥികൾ ഉപരിപഠനത്തിന് അർഹത നേടി. 6803 പേർ എല്ലാവിഷയത്തിലും എപ്ലസും കരസ്ഥമാക്കി. സംസ്ഥാനത്ത് കഴിഞ്ഞ രണ്ടുവർഷങ്ങളിലും കണ്ണൂരായിരുന്നു വിജയശതമാനത്തിൽ ഒന്നാം സ്ഥാനത്ത്. ഇത്തവണ നേരിയ വ്യാത്യാസത്തിൽ രണ്ടാം സ്ഥാനത്തേക്ക് പോയി.


രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു

ഏകജാലകം വഴിയുള്ള രജിസ്‌ട്രേഷൻ നടന്നുകൊണ്ടിരിക്കുകയാണ്. 25 വരെയാണ് അപേക്ഷിക്കാനുള്ള സമയം. ഇത് പൂർത്തിയായതിന് ശേഷം സീറ്റുകൾ കുറവുണ്ടെന്ന് കണ്ടാൽ ജില്ലയിൽ കൂടുതൽ സീറ്റുകൾ വേണമെന്ന് ഡയറക്ടറേറ്റിൽ ആവശ്യപ്പെടുമെന്ന് അധികൃതർ പറഞ്ഞു. ട്രയൽ അലോട്ട്‌മെന്റ് 29ന് പ്രസിദ്ധീകരിക്കും. ജൂൺ അഞ്ചിന് ആദ്യ അലോട്ട്‌മെന്റും രണ്ടാം അലോട്ടമെന്റ് 12നുമാണ്.

കണ്ണൂർ ജില്ലയിൽ

എസ്.എസ്.എൽ.സി വിജയിച്ചവർ-36024
നിലവിലെ പ്ലസ് വൺ സീറ്റുകൾ -35700
സർക്കാർ സ്‌കൂളുകൾ-19,860
എയ്ഡഡ് -13,390
അൺ എയ്ഡഡ്-2450

Advertisement
Advertisement