ദുരൂഹതകൾ ബാക്കി; ഇറാൻ പ്രസിഡന്റ് റെയ്സി ഇനിയില്ല, കോപ്റ്ററിലെ 9 പേരും കൊല്ലപ്പെട്ടു

Tuesday 21 May 2024 4:45 AM IST

 റെയ്സിയുടെ സംസ്കാരം ഇന്ന്

ടെഹ്റാൻ : ഹെലികോപ്ടർ അപകടത്തിന് ഇരയായ ഇറാൻ പ്രസിഡന്റ് സെയദ് ഇബ്രാഹിം റെയ്സിയും (63) ഒപ്പമുണ്ടായിരുന്നവരും ദുരൂഹതകൾ ബാക്കിയാക്കി വിടവാങ്ങി. വിദേശകാര്യമന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാനും (60)പ്രവിശ്യാ ഗവർണറും നാല് ഉദ്യോഗസ്ഥരും രണ്ട് പൈലറ്റുമാരും ഉൾപ്പെടെ കോപ്റ്ററിലെ 9 പേരും കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.

ഇടക്കാല പ്രസിഡന്റായി മുഹമ്മദ് മൊക്ബെറിനെ നിയമിച്ചു. ഇപ്പോൾ വൈസ് പ്രസിഡന്റാണ്. 50 ദിവസത്തിനകം പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കണം. പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയുമായി അടുപ്പമുള്ളയാളാണ്. ആണവ ചർച്ചകളിൽ ഇറാന്റെ പ്രതിനിധി ആയിരുന്ന അലി ബാഗേരിയെ ഇടക്കാല വിദേശകാര്യമന്ത്രിയായും നിയമിച്ചു.

റെയ്സിയുടെ സംസ്‌കാരം ഇന്ന് തബ്‌രിസ് നഗരത്തിൽ നടക്കും. രാജ്യത്ത് അഞ്ച് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. ഖമനേയിയുടെ മാനസപുത്രനായിരുന്ന റെയ്സി അദ്ദേഹത്തിന്റെ പിൻഗാമി ആകുമെന്നും പ്രതീക്ഷിച്ചിരുന്നു. സിറിയയിലും ലെബനണിലും മൂന്ന് ദിവസം ദുഃഖാചരണം പ്രഖ്യാപിച്ചു. ഇന്ത്യ ഉൾപ്പെടെ ലോകരാജ്യങ്ങൾ അനുശോചിച്ചു.

ഞായറാഴ്ചയാണ് കനത്ത മൂടൽ മഞ്ഞിൽ പെട്ട് റെയ്സിയുടെ കോപ്റ്റർ കിഴക്കൻ അസർബൈജാനിലെ പർവതപ്രദേശത്ത് തകർന്നത്. മൂന്ന് കോപ്ടറുകൾ ഉണ്ടായിരുന്നതിൽ മറ്റുരണ്ടും സുരക്ഷിതമായി എത്തി. മഴയും മൂടൽ മഞ്ഞും രക്ഷാപ്രവർത്തനം തടസ്സപ്പെടുത്തി. തുർക്കിയുടെ ഡ്രോൺ, ഹെലികോപ്റ്ററിൽ നിന്നുള്ള താപ സിഗ്നലുകൾ പിടിച്ചെടുത്തതാണ് രക്ഷാസംഘങ്ങളെ അപകടസ്ഥലത്ത് എത്താൻ സഹായിച്ചത്. 34 ടീമുകളാണ് തെരച്ചിലിന് പുറപ്പെട്ടത്. മിക്ക മൃതദേഹങ്ങളും കത്തിക്കരിഞ്ഞിരുന്നു.

#അപായ സാഹചര്യത്തിൽ

പഴഞ്ചൻ കോപ്റ്റർ

റെയ്സി സഞ്ചരിച്ചത് ബെൽ 212 കോപ്റ്ററിലാണ്. 1960കളിൽ കനേഡിയൻ മിലിട്ടറി വികസിപ്പിച്ചു. യു.എസ് കമ്പനിയായ ബെൽ ഹെലികോപ്റ്റർ ആണ് നിർമ്മാണം. മോശം കാലാവസ്ഥയിൽ സുരക്ഷിതമല്ല. ചെറിയ മഴയുള്ള ലെവൽ 1 കാലാവസ്ഥയിലേ ഉപയോഗിക്കാനാവൂ. ഏറ്റവും മോശം കാലാവസ്ഥയായ ലെവൽ 5ലാണ് കോപ്റ്റർ തകർന്നത്. 2018ൽ ഇറാനിലും 2023ൽ യു.എ.ഇയിലും ബെൽ 212 കോപ്റ്ററുകൾ തകർന്നിരുന്നു.

പങ്കില്ലെന്ന് ഇസ്രയേൽ,

സംശയമുനയിൽ പലരും

1. ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ,​ കോപ്റ്റർ അപകടത്തിന് പിന്നിൽ ബദ്ധശത്രുവായ ഇസ്രയേലിന് പങ്കുണ്ടോ എന്നാണ് ലോകം സംശയിച്ചത്. എന്നാൽ, മോശം കാലാവസ്ഥയാണ് കാരണമെന്ന് ഇറാൻ വ്യക്തമാക്കി. പങ്കില്ലെന്ന് ഇസ്രയേലും പറഞ്ഞു. എങ്കിലും സംശയിക്കാൻ കാരണങ്ങളുണ്ട്.

റെയ്സിയെ വകവരുത്താൻ തക്ക ശത്രുതയുള്ളവർ ഇറാനിലുണ്ട്.1988ൽ അയ്യായിരത്തിലധിം രാഷട്രീയത്തടവുകാർക്ക് വധശിക്ഷ വിധിച്ച നാലംഗ ജഡ്ജിമാരുടെ സംഘത്തിൽ റെയ്സിയും ഉണ്ടായിരുന്നു.

2.ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനു പിന്നാലെ ഇറാനുമായുള്ള ശത്രുത വർദ്ധിച്ചു. ഹമാസിന് പ്രിയപ്പെട്ടവനാണ് റെയ്സി. ഇസ്രയേലിനെ ആക്രമിക്കുന്ന ഹിസ്ബുള്ളയ്ക്കും ഹൂതികൾക്കും ആയുധവും പരിശീലനവും ഇറാൻ നൽ​കുന്നു. കഴിഞ്ഞ മാസം ഡമാസ്കസിൽ ഇറാനിയൻ ജനറലിനെയുൾപ്പെടെ ഇസ്രയേൽ വധിച്ചു. ഇറാൻ ഇസ്രയേലിൽ മിസൈൽ ആക്രമണവും നടത്തി.ആണവായുധ പദ്ധതിയിൽ അമേരിക്കയുടെ കണ്ണിലെ കരടാണ് റെയ്സി.

Advertisement
Advertisement