ശിക്ഷാനയം വേണം : സുപ്രീംകോടതി, ശിക്ഷ ജഡ്‌ജിമാരുടെ  ഇഷ്ടത്തിന് ആവരുത് 

Tuesday 21 May 2024 4:19 AM IST

നയരൂപീകരണത്തിന് കേന്ദ്രം കമ്മിഷനെ നിയോഗിക്കണം

പോക്സോ കേസിൽ വധശിക്ഷ വിധിച്ച ജഡ്ജിയുടെ അപ്പീൽ തള്ളി

ന്യൂഡൽഹി:പ്രതികൾക്ക് ശിക്ഷ നിശ്ചയിക്കാൻ വ്യക്തമായ മാനദണ്ഡങ്ങളുള്ള ശിക്ഷാനയം വേണമെന്നും ജഡ്ജിയുടെ ഇഷ്ടപ്രകാരം വിധിക്കുന്ന രീതി മാറണമെന്നും സുപ്രീം കോടതി. ശിക്ഷാനയം രൂപീകരിക്കുന്നതിന് പ്രത്യേക കമ്മിഷൻ രൂപീകരിക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകി. ഇതിനായി സ്വീകരിച്ച നടപടികൾ വ്യക്തമാക്കി ആറു മാസത്തിനകം സത്യവാങ്മൂലം സമർപ്പിക്കണം.

ജസ്റ്റിസുമാരായ എം.എം. സുന്ദരേഷ്, എസ്.വി.എൻ ഭട്ടി എന്നിവരുടെ ബെഞ്ചിന്റേതാണ് നിർദ്ദേശം.

ബീഹാറിൽ വിചാരണക്കോടതി വധശിക്ഷ വിധിച്ച പോക്സോ കേസിൽ ഹൈക്കോടതി പുനർവിചാരണയ്ക്ക് ഉത്തരവിടുകയും ജഡ്ജിക്കെതിരെ നിരീക്ഷണങ്ങൾ നടത്തുകയും ചെയ്തിരുന്നു. ഇതിനെതിരെ ജഡ്ജി നൽകിയ അപ്പീൽ തള്ളിയാണ് രാജ്യത്തെ ക്രിമിനൽ നീതിന്യായ വ്യവസ്ഥയിൽ തന്നെ വഴിത്തിരിവാകുന്ന നിർദേശങ്ങൾ സുപ്രീംകോടതി നൽകിയത്.

പോക്സോ കേസിൽ വിചാരണ പൂർത്തിയായ അന്നുതന്നെ ജഡ്ജി വധശിക്ഷ വിധിക്കുകയായിരുന്നു. പ്രതിഭാഗത്തിന് വാദങ്ങൾ ഉന്നയിക്കാൻ ജഡ്ജി സമയം നൽകിയില്ലെന്ന ആരോപണവും ഉയർന്നു.

നിയമത്തിൽ പറയുന്ന ശിക്ഷകളിൽ ഏതു നൽകണമെന്ന്

ജഡ്‌ജിയുടെ ഇഷ്‌ടത്തിന് തീരുമാനിക്കുന്ന സമ്പ്രദായം അവസാനിക്കണമെന്നാണ് ബെഞ്ച് അഭിപ്രായപ്പെട്ടത്.

ഇപ്പോൾ എത്രത്തോളം ശിക്ഷ വിധിക്കണമെന്നത് ജഡ്‌ജിയുടെ മനോഗതം അനുസരിച്ചാണ്. പ്രത്യേകമായ മാനദണ്ഡമോ, മാർഗരേഖയോ, നിയമമോ ഇല്ല. ഈ രീതിയിൽ സമൂല മാറ്റംവരണമെന്നാണ് സുപ്രീംകോടതി നിലപാട്.

ശിക്ഷാ പ്രഖ്യാപനം

ലോട്ടറിയല്ല:കോടതി

ശിക്ഷാ പ്രഖ്യാപനം ഭാഗ്യപരീക്ഷണം പോലെയാകരുതെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു. അതിവേഗം എടുക്കുന്ന തീരുമാനവുമാകരുത്. അന്യായമായ തീരുമാനം ന്യായമായ വിചാരണയ്‌ക്കും നീതിക്കും എതിരാണ്. ശിക്ഷ വിധിക്കുമ്പോൾ പാലിക്കേണ്ട വ്യവസ്ഥകൾ സംബന്ധിച്ച് നയമോ, നിയമമോ ഇല്ലാത്തതിനാൽ തോന്നുംപടിയാണ് ശിക്ഷാപ്രഖ്യാപനം. സമ്പന്നമായ ജീവിതപശ്ചാത്തലമുള്ള ജഡ്‌ജിയുടെ അതേ വിധിയായിരിക്കില്ല ചെലവുകുറച്ച് ജീവിക്കുന്ന ജഡ്‌ജിയുടേത്. സ്ത്രീ - പുരുഷ ന്യായാധിപന്മാരുടെയും വിധികൾ വ്യത്യാസപ്പെടാം. ഏകീകൃത സ്വഭാവമുണ്ടാകില്ല. ശിക്ഷയ്‌ക്ക് അടിസ്ഥാനമെന്തെന്ന് സമൂഹം അറിയണം. അതിനായി മാർഗരേഖയുടെ ആവശ്യമുണ്ടെന്നും കോടതി കൂട്ടിച്ചേർത്തു.

Advertisement
Advertisement