പൊലീസി​നെ വെല്ലുവി​ളി​ച്ച് കായംകുളത്തെ ഗുണ്ടാപ്പട

Tuesday 21 May 2024 1:28 AM IST

കായംകുളം: ഗുണ്ടാസംഘങ്ങളെ അമർച്ച ചെയ്യുന്നതിനായി സംസ്ഥാന വ്യാപകമായി 'ഓപ്പറേഷൻ ആഗ് ' തുടരുന്നതിനിടെ കായംകുളത്തെ ഗുണ്ടാവിളയാട്ടം പൊലീസ് സേനയ്‌ക്ക് നാണക്കേടായി. ഗുണ്ടാത്താവളങ്ങളിൽ കയറിയിറങ്ങി കിട്ടിയവരെയൊക്കെ പൊക്കി അകത്താക്കുമ്പോഴാണ് കാപ്പാ നടപടികൾക്ക് വിധേയനായ പതിനേഴ് കേസിലെ പ്രതി കൃഷ്ണപുരം ഞക്കനാൽ അനൂപ് ഭവനിൽ അനൂപ് ശങ്കറും സഹോദരനും കൂട്ടാളികളും ചേർന്ന് യുവാവിനെ തട്ടിക്കൊണ്ടുപോയി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചതും അതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായതും. സംഭവത്തിലെ പ്രതികളെ അറസ്റ്റ് ചെയ്‌തെങ്കിലും കായംകുളവും പരിസരവും

ഇപ്പോഴും ഗുണ്ടാസംഘങ്ങളുടെ പിടിയിലാണ്. ചെല്ലും ചെലവുംകൊടുത്ത് ഗുണ്ടകളെ വളർത്തുന്നത് പലിശ,​ മയക്കുമരുന്ന് മാഫിയകളാണ്.

രാത്രിയിൽ കായംകുളം കൊറ്റുകുളങ്ങരയിലെ തട്ടുകടയിൽ ചായ കഴിക്കാനെത്തിയ പൊലീസ് സംഘത്തെ ഗുണ്ടകൾ ആക്രമിക്കാനെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. സിവിൽ വേഷത്തിൽ ഗുണ്ടകളെ തപ്പാനിറങ്ങിയ പൊലീസ് സംഘമാണ് ആക്രമത്തി​നി​രയായത്. കൂടുതൽ പൊലീസ് എത്തിയാണ് ഇവരെ രക്ഷിച്ചെങ്കി​ലും ഒരാളെ മാത്രമാണ് കസ്റ്റഡിയിലെടുക്കാനായത്. ബാക്കിയുള്ളവർ രക്ഷപ്പെട്ടു.

ഗുണ്ടകളെ കാപ്പ നിയമ പ്രകാരം അറസ്റ്റ് ചെയ്യാനായി ജില്ലാ പൊലീസ് ശുപാർശ ചെയ്ത ഫയലുകളിൽ പലതും തീരുമാനമാകാതെ കെട്ടിക്കിടക്കുന്നുവെന്ന് കഴിഞ്ഞ ദിവസം കേരളകൗമുദി റിപ്പോർട്ട് ചെയ്‌തി​രുന്നു.

തുടർക്കഥയാകുന്ന ആക്രമണങ്ങൾ

1. ജില്ലാ അതിർത്തിയായ കായംകുളം ഗുണ്ടകളുടെ പ്രധാന താവളമാണ്. ഓച്ചിറ,​ വളളികുന്നം,​ കായംകുളം പൊലീസ് സ്റ്റേഷൻ പരിധിയിലെ കായംകുളം,​ കൃഷ്ണപുരം,​ മുക്കട,​ കാപ്പിൽ,​ വളളികുന്നം എന്നിവിടങ്ങളിൽ ഗുണ്ടാആക്രമണങ്ങൾ പതിവാണ്

2.നിരവധി പേരുടെ ജീവനെടുത്ത ചരിത്രം കായംകുളത്തെ ക്വട്ടേഷൻ സംഘങ്ങൾക്കുണ്ട്.

തേനിയിലെ ശർക്കര വ്യാപാരി രാജേന്ദ്രൻ, കായംകുളം സ്വദേശി സിയാദ് തുടങ്ങിയവരുടെയെല്ലാം ജീവൻ കവർന്നത് ഇതേസംഘമാണ്

3. പലിശ മാഫിയയ്ക്ക് വേണ്ടി ഹോട്ടൽ ഉടമ ഉൾപ്പെടെയുള്ളവരെ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടുപോയി മർദ്ദിച്ചിരുന്നു. ഇടുക്കി ചിന്നക്കനാലിൽ സംഘത്തെ തേടിയെത്തിയ പൊലീസ് സംഘത്തെ ഇവർ ആക്രമിക്കുകയും ഒരാളെ വെട്ടിപ്പിക്കേൽപ്പിക്കുകയും ചെയ്തു

നിയമത്തെയും പേടിക്കാതെ

കഴിഞ്ഞ ദിവസം യുവാവിനെ ആളൊഴിഞ്ഞ റെയിൽവേ ട്രാക്കിലെത്തിച്ച് ക്രൂരമായി മർദ്ദിക്കുകയും വടിവാൾ കൊണ്ട് വെട്ടിക്കൊല്ലാൻ ശ്രമിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ടകൾ വടിവാൾ കഴുത്തിൽ വച്ചുകൊണ്ടു പറഞ്ഞത്,​ നിന്നെ വെട്ടി നുറുക്കിയാലും പതിനഞ്ച് ദിവസത്തിനകംഹൈക്കോടതിയിൽ നിന്നും ജാമ്യം കിട്ടുമെന്നാണ്.

കാപ്പ 2023

അറസ്റ്റ് ശുപാർ‌ശ: 42

നടപ്പായത് :14

നാടുകടത്തൽ ശുപാർശ: 208

നടപ്പായത് : 82

കാപ്പ 2024

അറസ്റ്റ് ശുപാർ‌ശ: 20

നടപ്പായത് : 5

നാടുകടത്തൽ ശുപാർശ:77

നടപ്പായത് : 41

തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ ഗുണ്ടകളിൽ പലരെയും നാട് കടത്തി. ഗുണ്ടാവിളയാട്ടത്തിനെതിരെ കർശന നടപടികൾക്ക് നിർദേശം നൽകിയിട്ടുണ്ട്. കായംകുളം സംഭവംപോലുള്ള കാര്യങ്ങൾ ആവർത്തിക്കാതിരിക്കാൻ കർശന നടപടി കൈക്കൊള്ളും

- ചൈത്രതെരേസ ജോൺ,​ എസ്.പി,​ ആലപ്പുഴ

Advertisement
Advertisement