കൊട്ടിയൂർ വൈശാഖ മഹോത്സവം: മുതിരേരി വാൾ എഴുന്നള്ളിപ്പ് ഇന്ന്

Monday 20 May 2024 10:32 PM IST

മുതിരേരി (വയനാട്): ചരിത്ര പ്രസിദ്ധമായ കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന് തുടക്കം കുറിച്ചു കൊണ്ടുള്ള മുതിരേരിവാൾ എഴുന്നെള്ളിപ്പ് ഇന്ന് നടക്കും.എടവ മാസത്തിലെ ചാേതി നാളിലാണ് മുതിരേരി വാൾ എഴുന്നളളിക്കുന്നത്. മൂഴിയോട്ട് ഇല്ലം സുരേഷ് നമ്പൂതിരിയാണ് വാളെഴുന്നളളിക്കുക. കൂത്തുപറമ്പ് എടയാർ മൂഴിയോട്ട് ഇല്ലത്ത് നിന്നുളളവരാണ് വർഷങ്ങളായി വാൾ എഴുന്നളളിക്കുന്നത്. ബ്രഹ്മമൂഹൂർത്തത്തിൽ ആരംഭിക്കുന്ന ഗൂഢ പൂജകൾക്ക് ശേഷം വാൾ പ്രധാനപ്രതിഷ്ഠയായ ശിവലിംഗത്തിൽ ചേർത്തുവച്ച് വിശേഷാൽ പൂജകളും നിവേദ്യങ്ങളും സമർപ്പിക്കും. തുടർന്ന് ഉപദേവതകൾക്കും ക്ഷേത്ര മൂപ്പനും പാരമ്പര്യ അവകാശികൾക്കും ദക്ഷിണയും സമർപ്പിച്ച് ധ്യാനത്തിൽ നിന്നും വെളിപാടുണർന്ന ശേഷം ക്ഷേത്രക്കുളത്തിൽ മുങ്ങി തറ്റുടുത്ത് ഭസ്മധാരിയായി ബിംബം തുളസി ഇലകൾ കൊണ്ട് മൂടി തിരുവായുധമായ വാൾ വലിച്ചെടുത്ത് ക്ഷേത്ര പ്രദിക്ഷണം ചെയ്ത് കൊട്ടിയൂർ ദക്ഷയാഗഭൂമിയിലേക്ക് ഏകനായി യാത്ര തിരിക്കും. വൈകിട്ടോടെ പുറപ്പെടുന്ന വാളെഴുന്നളളത്ത് സന്ധ്യയോടെ കൊട്ടിയൂർ ക്ഷേത്രത്തിലെത്തും.വാൾ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലാണ് സൂക്ഷിക്കുക.ഇതോടു കൂടി ഏഴു ദിവസം നീണ്ടു നിന്ന മുതിരേരിവാൾ എഴുന്നള്ളിപ്പ് മഹോത്സവത്തിന് സമാപനം കുറിക്കും..28 ദിവസത്തെ കൊട്ടിയൂർ ഉത്സവത്തിനു ശേഷം വാൾ തിരിച്ച് എത്തിയാൽ മാത്രമേ മുതിരേരി ശിവക്ഷേത്രത്തിൽ പൂജാദി കർമ്മങ്ങൾ തുടങ്ങുകയുള്ളു. വാൾ കൊട്ടിയൂരിലെ തൃക്കലശാട്ടത്തിന് ശേഷം മിഥുന മാസത്തിലെ ചിത്ര നാളിൽ വാൾ തിരിച്ചെത്തിക്കുംവരെ മുതിരേരി ക്ഷേത്രം അടിച്ചിടും.

Advertisement
Advertisement