ഷിക്കാഗോ സുകുമാരൻ മോഡലാണ് അന്ന് ഹോട്ടൽ വ്യവസായത്തിൽ; ഇന്ന് കുരുമുളക് കർഷകർക്കും

Monday 20 May 2024 10:33 PM IST

പാനൂർ: അമ്പത് കൊല്ലക്കാലത്തെ കഠിനപ്രയത്നം കൊണ്ട് ചെന്നൈയിൽ ഷിക്കോഗോ എന്ന പേരിൽ പടുത്തുയർത്തിയ ഹോട്ടലിനെ തന്റെ തൊഴിലാളികൾക്ക് വിട്ടുനൽകി ജന്മനാട്ടിലേക്ക് മടങ്ങി മാതൃകയായ വ്യവസായി ഷിക്കാഗോ സുകുമാരൻ വിശ്രമജീവിതത്തിലും പുതിയ മാതൃക തീർക്കുന്നു. പത്തായക്കുന്നിലെ വീട്ടിൽ കഴിയുന്ന ഇദ്ദേഹം കീടബാധയും വിലസ്ഥിരതയില്ലായ്മയും കൊണ്ട് എല്ലാവരും കൈയൊഴിഞ്ഞ കുരുമുളക് കൃഷിയിൽ എങ്ങനെ വിജയിക്കാമെന്നതിന് നല്ലൊരു മാതൃക തീർക്കുകയാണിന്ന്.

ഒരു സുഹൃത്തിനോടൊപ്പം കൊട്ടിയൂരമ്പലത്തിലേക്കുള്ള യാത്രയ്ക്കിടെ പരിചയപ്പെട്ട ഒരാളിൽ നിന്ന് ലഭിച്ച അറിവാണ് സുകുമാരനെ കുരുമുളക് കൃഷിയിലേക്ക് തിരിച്ചത്. കീടശല്യം ,​കൂലിവർദ്ധനവും മൂലം പാരമ്പര്യകർഷകരൊന്നാകെ കൃഷി ഉപേക്ഷിക്കുമ്പോൾ എങ്ങനെ ഇതിനെയെല്ലാം മറികടക്കാനുള്ള പോംവഴിയായിരുന്നു അയാളിൽനിന്നും ലഭിച്ചത്. അടുത്ത ദിവസം കാര്യാട്ടുപുറത്തെ കുരുമുളക് കർഷകൻ രവീന്ദ്രനെ കണ്ട് കൂടുതൽ അറിഞ്ഞു. പാട്യം പഞ്ചായത്തിലെ കിഴക്കേ കതിരൂർ വാണിയാണ്ടിയിലാണ് കൃഷി തുടങ്ങിയത്. എരുമേലിയിൽ നിന്നും കൊണ്ടുവന്ന കുമ്പുക്കൽ, പേപ്പർ തെക്കൻ 2, കൈരളി , പന്നിയൂർ ആറ്,​ എട്ട്,​ ഒൻപത് ഇനങ്ങൾ എന്നിവ നട്ടുപിടിപ്പിച്ചു. ഇത് വെള്ളക്കെട്ടിലും ചതുപ്പിലും കാണുന്ന

ഓസ്ട്രലിയൻ തിപ്പലിയിൽ ബഡ് ചെയ്തുപിടിപ്പിച്ചതോടെ രോഗബാധയെ മറികടക്കാൻ കഴിഞ്ഞു.

പാട്യം കൃഷി ഓഫീസർ ജോർജ്ജ് ജെയിംസ്,കർഷക സംഘം കൂത്തുപറമ്പ് ഏരിയാ പ്രസിഡന്റ് കെ.പി.പ്രമോദ് കുമാർ വാർഡ് മെമ്പർമാരായ മുഹമ്മദ് ഫായിസ് അരുൾ,എം എൻ.ഗോകുൽദാസ് ,വി.അജിത,​ശില്പി വത്സൻ കൂർമ്മ കൊല്ലേരി, കെ.പി രേവതി തുടങ്ങിയവർ ഇന്നലെ ഷിക്കാഗോ സുകുമാരന്റെ കുരുമുളക് തോട്ടം സന്ദർശിക്കാനെത്തി.

പടരാൻ കോൺക്രീറ്റ് തൂണുകൾ

ഒന്നര അടി സ്ക്വയറിൽ കുഴിയെടുത്ത് നട്ട തൈകൾക്ക് കുമ്മായവും ചാണകവും എല്ലുപൊടിയും വേപ്പിൻപിണ്ണാക്കും വളമായി നല്കി. 11 അടി നീളമുള്ള 600 ൽ അധികം കോൺക്രീറ്റ് തൂണുകൾ പറമ്പു നിറയെ ഇത് പടർന്നു കയറാൻ സ്ഥാപിച്ചിട്ടുണ്ട്. ജലസേചനം സൗകര്യവും ഒരുക്കിയിട്ടുണ്ട്. പടർന്നു കയറുന്ന വള്ളികളിൽ നിന്നും ഒന്നാംവർഷം വിളവെടുത്തുതുടങ്ങി. മൂന്നു വർഷത്തോടെ മികച്ച വിളവ് ലഭിക്കുമെന്ന് സുകുമാരൻ പറഞ്ഞു. അറുന്നൂറ് കുരുമുളക് ചെടികളിൽ നിന്നും 10 ടൺ കുരുമുളക് ലഭിക്കുമെന്നാണ് ഇദ്ദേഹം പറയുന്നത്. തൊട്ടതെല്ലാം പൊന്നാക്കുന്ന സുകുമാരൻ കൃഷിയും തനിക്ക് വഴങ്ങുമെന്ന് ഇതിനകം തെളിയിച്ചുകഴിഞ്ഞു.

Advertisement
Advertisement