ശമനമില്ലാതെ ദുരിതപ്പെയ്ത്ത്

Tuesday 21 May 2024 3:46 AM IST

3 വീടുകൾ ഭാഗികമായി തകർന്നു മ്യൂസിയം സ്റ്റേഷന്റെ സൺഷേഡ് ഇടിഞ്ഞു

തിരുവനന്തപുരം: ചക്രവാതച്ചുഴിയുടെ ഭാഗമായി പെയ്യുന്ന കനത്ത മഴയിൽ ദുരിതമൊഴിയാതെ തലസ്ഥാന നഗരം. 50 ഓളം വീടുകളിൽ വെള്ളം കയറി. മൂന്നു വീടുകൾ ഭാഗികമായി തകർന്നു. 20 ഇടങ്ങളിൽ മരം വീണു. രണ്ടിടത്ത് മതിൽ ഇടിഞ്ഞു. കനത്ത മഴയെത്തുടർന്ന് മ്യൂസിയം പൊലീസ് സ്റ്റേഷന്റെ സൺഷേഡ് ഇടിഞ്ഞുവീണു. ഇന്നലെ രാവിലെയാണ് സംഭവം. സ്റ്റേഷന് പിറകിലെ സൺഷേഡാണ് പൊളിഞ്ഞു വീണത്. ആളപായമില്ല. മലയോര മേഖലയിൽ മഴ പെയ്തെങ്കിലും നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

മണക്കാട്, തേക്കുംമൂട്, ബണ്ട് കോളനി,​ ചാക്ക, ഗൗരീശപട്ടം, പട്ടം,​ ഉള്ളൂർ,​ മരപ്പാലം, വെട്ടുകാട്, ബാലൻനഗർ, ഈന്തിവിളാകം, ആറ്റിപ്ര പൗണ്ട്കടവ് തുടങ്ങി നഗരത്തിലെ മിക്കയിടങ്ങളിലും വെള്ളം കയറി. ഇന്നലെ പുലർച്ചെ രണ്ടോടെയാണ് മഴ വീണ്ടും ശക്തി പ്രാപിച്ചത്. രാവിലെ 11 വരെ ശക്തമല്ലെങ്കിലും മഴ തുടർന്നു. വൈകിട്ടോടെ അല്പം ശമിച്ചെങ്കിലും താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.

ചാക്ക ജംഗ്ഷനിൽ ഇന്നലെയും വെള്ളക്കെട്ടുണ്ടായി. മുട്ടത്തറ, കല്ലുംമൂട്, ഈഞ്ചയ്ക്കൽ, കഴക്കൂട്ടം എന്നിവിടങ്ങളിലും വെള്ളം കയറി. കടകംപള്ളിയിൽ വീടുകളുടെ മുറ്റത്തുവരെ മുട്ടോളം വെള്ളമെത്തി. ആനയടി- പ്ളാമൂട് പ്രധാന റോഡിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് ഗതാഗതക്കുരുക്കുണ്ടായി. തീരദേശത്ത് ശക്തമായ തിരമാലകളുമുണ്ടായിരുന്നു. ഇവിടെ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. അട്ടക്കുളങ്ങര ബൈപ്പാസിലും സമീപപ്രദേശങ്ങളിലും വെള്ളം കയറി.

ആറ്റിപ്രയിൽ ഷീറ്റ് മേഞ്ഞ വീടിന്റെ മേൽക്കൂര ശക്തമായ കാറ്റിൽ പറന്നുപോയി. കടകംപള്ളിയിൽ രണ്ട് വീടുകൾ ഭാഗികമായി തകർന്നു. ബാർട്ടൺഹിൽ കോളനിയിൽ അങ്കനവാടിയുടെ കരിങ്കൽ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞുവീണു. രാവിലെ ആറിനായിരുന്നു മതിലിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. സംഭവ സമയം അതുവഴി ആരും പോകാതിരുന്നതിനാൽ ദുരന്തം ഒഴിവായി. നഗരസഭയെ വിവരമറിയിച്ചെങ്കിലും ആദ്യം ആരും തിരിഞ്ഞു നോക്കിയില്ലെന്നും തുടർന്ന് നാട്ടുകാർ ഇടപെട്ടപ്പോൾ മേയർ ഉൾപ്പെടെ സ്ഥലത്തെത്തി നടപടികൾക്ക് നിർദ്ദേശം നൽകുകയായിരുന്നു. തേക്കുംമൂട്ടിൽ സ്വകാര്യ വ്യക്തിയുടെ വീടിന്റെ മതിലിടിഞ്ഞ് റോഡിലേക്ക് വീണു. മതിലിനോടു ചേർന്നു നിന്ന മരവും നിലംപതിച്ചു.

20 ഇടത്ത് മരം വീണു

പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ആശുപത്രിക്കു സമീപം നിന്നിരുന്ന കൂറ്റൻ മരം ഇന്നലെ ഉച്ചയോടെ നിലംപൊത്തി. വഴുതക്കാടും മേട്ടുക്കടയിലും ചെറിയ മരങ്ങളും സെക്രട്ടേറിയറ്റ് വളപ്പിലെ കവുങ്ങും കടപുഴകി. തൃക്കണ്ണാപുരം, തിരുമല,​ പേരൂർക്കട,​ വട്ടിയൂർക്കാവ്,​ ഗൗരീശപട്ടം,​ വലിയവിള, തൈക്കാട്, കണ്ണമ്മൂല, കുടപ്പനക്കുന്ന്, കടകംപ്പള്ളി, നേമം, കഴക്കൂട്ടം തുടങ്ങിയ ഭാഗങ്ങളിലും മരം വീണു. പലയിടത്തും ഗതാഗതക്കുരുക്കുണ്ടായി. എല്ലായിടത്തും രാജാജിനഗർ ഫയർഫോഴ്സെത്തി മരം മുറിച്ചുമാറ്റി.

കൺട്രോൾ റൂമുകൾ

അതിതീവ്ര മഴമൂലമുണ്ടായ പ്രശ്നങ്ങൾ നേരിടാനും പൊതുജനങ്ങൾക്ക് ആവശ്യമായ സഹായങ്ങൾ ഉറപ്പുവരുത്തുന്നതിനുമായി നഗരസഭയിൽ കൺട്രോൾ റൂം ആരംഭിച്ചു. നമ്പർ- 9446677838.

തിരുവനന്തപുരം ഫയർഫോഴ്സ് കൺട്രോൾ റൂം- 0471-2333101.

Advertisement
Advertisement