ഇന്നോവ ഇടിച്ച് സ്കൂട്ടർ യാത്രികന് മരണം

Tuesday 21 May 2024 4:18 AM IST

മലയിൻകീഴ് : മലയിൻകീഴ്- ഊരൂട്ടമ്പലം റോഡിൽ അണപ്പാട് മുല്ലപ്പള്ളി ഹൗസിന് മുന്നിൽ ഇന്നോവ കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.നരുവാമൂട് വെണ്ണിയോട്ടുകോണം അശ്വതി ഭവനിൽ വാടകയ്ക്ക് താമസിക്കുന്ന വിജയന്റെ മകൻ വിഷ്ണുവിജയ(30)നാണ് മരിച്ചത്.പേരൂർക്കട വഴയിലയിലാണ് കുടുംബം.

ഇന്നലെ ഉച്ചയ്ക്ക് 2.30 മണിയോടെയാണ് സംഭവം.മലയിൻകീഴ് നിന്ന് പോവുകയായിരുന്ന കാർ സംഭവ സ്ഥലത്ത് എത്തിയപ്പോൾ സിഗ്നൽ ഇടാതെ തിരിഞ്ഞു. അതേദിശയിലെത്തിയ സ്കൂട്ടർ കാറിൽ ഇടിച്ചുവീണ് കാറിന്റെ മുൻ വീൽ തലയിൽ കയറുകയായിരുന്നു.ഗുരുതരപരിക്കുകളോട് ഉടനെ മലയിൻകീഴ് താലൂക്ക് ആശുപത്രിയിലുംം തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തലയിലേറ്റ പരിക്കാണ് മരണ കാരണം.അണപ്പാട് മുല്ലപ്പള്ളി ഹൗസിൽ നടക്കുന്ന സീരിയൽ ഷൂട്ടിംഗിന് എത്തിയ ഇന്നോവ കാറാണ് യുവാവിന്റെ ജീവനെടുത്തത്.

(ഫോട്ടോ അടിക്കുറിപ്പ്....മരിച്ച വിഷ്ണുവിജയൻ(30)