ജലനിരപ്പ് ഉയരുന്നു, കടവുകളിൽ നിന്നകന്ന് സഞ്ചാരികൾ

Monday 20 May 2024 11:39 PM IST

ചാലക്കുടി: കാലവർഷത്തിന് മുന്നോടിയായി മഴ കനത്തത് ചാലക്കുടിപ്പുഴയിൽ വിനോദ സഞ്ചാരത്തിന് തിരിച്ചടി. ആളുകൾ കൂട്ടത്തോടെ എത്തിയിരുന്ന തടയണ കേന്ദ്രങ്ങൾ വിജനം. മത്സ്യബന്ധനത്തിനായി ചൂണ്ടയിടുന്ന യുവാക്കൾ മാത്രമാണ് ഇപ്പോൾ പുഴക്കടവുകളിലുള്ളത്.

കഴിഞ്ഞയാഴ്ച വരെ പരിയാരത്തെ സി.എസ്.ആർ കടവ്, കൂടപ്പുഴ എന്നിവിടങ്ങളിൽ നൂറു കണക്കിന് ആളുകളാണ് ഉല്ലാസത്തിനെത്തിയത്. അന്നനാട് ആറങ്ങാലി മണപ്പുറത്തും സഞ്ചാരികളുടെ ആരവമായിരുന്നു. എന്നാൽ മഴ കനത്തതോടെ അറുതിയായി. പുഴയിലെ ജലനിരപ്പ് ഉയർന്നതും നിലയ്ക്കാത്ത മഴയും എത്തിയപ്പോൾ സഞ്ചാരികൾ മുഖം തിരിച്ചു.

ഒഴുക്കും കൂടിയതോടെ തയണയുടെ മുകളിൽ കുളിക്കുന്നത് അപകടമാണെന്ന് നാട്ടുകാരും തിരച്ചറിഞ്ഞു. വേനൽക്കാലത്തുണ്ടായ രണ്ട് മുങ്ങി മരണങ്ങളും കൂടപ്പുഴ പ്രദേശത്തെ ഭീതിദമാക്കിയിരുന്നു. അവധി ദിവസങ്ങളിൽ കനത്ത തിരക്കാണ് ആഴ്ചകളായി പുഴക്കടവുകളിൽ അനുഭവപ്പെട്ടത്.

ന്യൂന മർദ്ദത്തിന് പിന്നാലെ മഴ ശക്തമായതിനാൽ പുഴയിൽ ജലനിരപ്പ് കൂടുതൽ ഉയ‌ർന്നിട്ടുണ്ട്. എന്നാൽ അതിരപ്പിള്ളിയിൽ വെള്ളച്ചാട്ടം ഇപ്പോഴും നേർത്തതാണ്. ചാർപ്പയിലും വെള്ളച്ചാട്ടത്തിന് ഇനിയും ജീവൻ വച്ചിട്ടില്ല.

Advertisement
Advertisement