'കാർഷിക ഗവേഷണം ശക്തിപ്പെടുത്തിയില്ലെങ്കിൽ കാത്തിരിക്കുന്നത് ഭക്ഷ്യപ്രതിസന്ധി'

Monday 20 May 2024 11:53 PM IST

  • പഠനഫലം കാർഷികഗവേഷണ കൗൺസിലിന് കീഴിലെ അഗ്രികൾച്ചർ ഇക്കണോമിക്‌സ് ആൻഡ് പോളിസി റിസർച്ചിന്റേത്


തൃശൂർ: കാർഷിക ഗവേഷണത്തിന് ഊന്നൽ നൽകി ഭക്ഷ്യോത്പാദനം വർദ്ധിപ്പിച്ചില്ലെങ്കിൽ സ്വാതന്ത്ര്യത്തിന്റെ ശതാബ്ദി വർഷത്തിൽ (2047) രാജ്യത്ത് ഭക്ഷ്യപ്രതിസന്ധിക്ക് സാദ്ധ്യതയെന്ന് പഠനം. ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിലിന് (ഐ.സി.എ.ആർ) കീഴിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് അഗ്രികൾച്ചർ ഇക്കണോമിക്‌സ് ആൻഡ് പോളിസി റിസർച്ചാണ് 2011- 2020ൽ പഠനം നടത്തിയത്.

കാലാവസ്ഥാ വ്യതിയാനവും വർദ്ധിക്കുന്ന ജനസംഖ്യയും ഭക്ഷ്യോത്പന്ന പ്രതിസന്ധി സൃഷ്ടിക്കും. ജനസംഖ്യാ വളർച്ചയുടെ തോതനുസരിച്ച് 2047ൽ ഇപ്പോഴുള്ളതിന്റെ ഇരട്ടിയിലധികം ഭക്ഷ്യോത്പാദനം വേണ്ടിവരും. 2011- 20ൽ ഇന്ത്യ കാർഷിക ജി.ഡി.പിയുടെ 0.61 ശതമാനം ഗവേഷണത്തിന് ചെലവാക്കി. ആഗോള ശരാശരിയേക്കാൾ (0.93) കുറവാണിത്.
സമ്പദ്ഘടനയിൽ എട്ട് ശതമാനത്തോളം വാർഷിക വളർച്ചയുണ്ടാകണം. ഇതിന് മൊത്തം കാർഷിക അഭ്യന്തര ഉത്പാദനത്തിന്റെ (ജി.ഡി.പി) ഒരു ശതമാനമെങ്കിലും ഗവേഷണത്തിന് ചെലവാക്കണം. നിലവിൽ 0.54 ശതമാനമേ കാർഷിക ഗവേഷണത്തിന് ഉപയോഗിക്കുന്നുള്ളൂ. വിജ്ഞാന വ്യാപനത്തിന് 0.11 ശതമാനവും. അതേസമയം കാർഷിക ഗവേഷണത്തിന് നിക്ഷേപിക്കുന്ന ഓരോ രൂപയിൽ നിന്നും13.85 രൂപ വരുമാനമുണ്ടാകുന്നുവെന്നും കണ്ടെത്തി. മൃഗസംരക്ഷണത്തിൽ നിന്നാണ് കൂടുതൽ, 20.81 രൂപ. മറ്റ് മേഖലകളെക്കാൾ കാർഷിക മേഖലയിലാണ് വരുമാനക്കൂടുതൽ.

  • ചെലവാക്കുന്നതിൽ അന്തരം

കേരളം, ജമ്മുകശ്മീർ, ഉത്തരാഖണ്ഡ്, ഹിമാചൽപ്രദേശ്, ആസാം, ബീഹാർ എന്നിവ അവരുടെ കാർഷിക ജി.ഡി.പിയുടെ 0.80 ശതമാനം ഗവേഷണത്തിന് ചെലവാക്കുമ്പോൾ രാജസ്ഥാൻ, മദ്ധ്യപ്രദേശ്, പശ്ചിമബംഗാൾ, യു.പി എന്നിവ 0.25 ശതമാനമേ ചെലവാക്കുന്നുള്ളൂ. 2011- 2020 കാലത്ത് കേന്ദ്ര, സംസ്ഥാന സർക്കാരുകൾ യഥാക്രമം മൊത്തം നിക്ഷേപത്തിന്റെ 33.8, 58.5 ശതമാനം ചെലവാക്കി. സ്വകാര്യമേഖല 8 ശതമാനം.

1 രൂപ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം


(മേഖല, രൂപ ക്രമത്തിൽ)


മൃഗശാസ്ത്രം..... 20.81
മൃഗസംരക്ഷണ വ്യാപനം..... 6.17
കാർഷികം..... 13.85
കൃഷിവ്യാപനം..... 7.40
വിളശാസ്ത്രം..... 11.69
വിളവ്യാപനം..... 10.80
വിദ്യാഭ്യാസം..... 2.05
റോഡുകൾ..... 1.33
വൈദ്യുതി..... 0.84
കനാൽ ജലസേചനം..... 0.25.

Advertisement
Advertisement