'മഴക്കാല പൂർവ ശുചീകരണം ആരംഭിക്കാൻ നടപടികൾ പൂർണം'

Tuesday 21 May 2024 12:00 AM IST

തൃശൂർ: കോർപറേഷൻ പരിധിയിലെ മഴക്കാല പൂർവ്വശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിനുള്ള കോർപ്പറേഷൻ നടപടികൾ പൂർത്തിയായതായി മേയർ എം.കെ. വർഗീസ് അറിയിച്ചു. ഒന്നാം ഘട്ട പ്രവർത്തനങ്ങളുടെ ഭാഗമായി ചെറിയ കാനകളിലെ മണ്ണും ചെളിയും നീക്കം ചെയ്യുന്ന പ്രവൃത്തി പൂർത്തീകരിച്ച് നീരൊഴുക്ക് കൃത്യമാക്കി.

മഴക്കാല പൂർവ ശുചീകരണത്തിന് ഓരോ ഡിവിഷനിലേക്കും അനുവദിച്ച 40,000 രൂപ കൂടാതെ കോർപറേഷനിലെ എല്ലാ വലിയ കാനകളും തോടുകളും നീർച്ചാലുകളും വൃത്തിയാക്കുന്നതിന് 2 കോടി രൂപയുടെ ടെൻഡർ പൂർത്തീകരിച്ചിട്ടുണ്ട്. 194 പദ്ധതികളിലായി 114 കിലോമീറ്റർ നീരൊഴുക്ക് കൃത്യമാക്കുന്നതിനാണിത്.

24ന് ടെൻഡറുകൾ ഓപ്പൺ ചെയ്ത് 25ന് പ്രവർത്തനം തുടങ്ങും. 26ന് കോർപറേഷൻ പരിധിയിൽ ഡ്രൈ ഡേ ആചരിക്കും. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളുടെ കോർപറേഷൻ തല ഉദ്ഘാടനം ജയ്ഹിന്ദ് മാർക്കറ്റിൽ 26ന് മേയർ എം.കെ. വർഗീസ് നിർവഹിക്കും.

55 ഡിവിഷനുകളിലും ഡിവിഷൻ കൗൺസിലർമാരുടെ നേതൃത്വത്തിൽ അന്ന് തന്നെ കിണർ ക്ലോറിനേഷൻ, കൊതുകുജലജന്യ രോഗനിയന്ത്രണം, ബോധവത്കരണ നോട്ടീസ് വിതരണം എന്നിവ നടക്കും.

Advertisement
Advertisement