റേവ് പാർട്ടിക്കിടെ ലഹരിവേട്ട; തെലുങ്ക് താരങ്ങളടക്കം പിടിയിൽ

Tuesday 21 May 2024 12:05 AM IST

ബംഗളൂരു: റേവ് പാർട്ടിക്കിടെ പൊലീസ് നടത്തിയ ലഹരി വേട്ടയിൽ തെലുങ്ക് സിനിമാതാരങ്ങളും രാഷ്ട്രീയ നേതാക്കളും ഉൾപ്പെടെ പിടിയിൽ. ബംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റിക്കു സമീപം ജി.ആർ ഫാംഹൗസിൽ സെൻട്രൽ ക്രൈം ബ്രാഞ്ചിന്റെ റെയ്ഡിലാണ് ഇവർ പിടിയിലായത്.

പാർട്ടി നടന്ന ഫാംഹൗസിൽ നിന്ന് 17 എം.ഡി.എം.എ ഗുളികകളും കൊക്കെയ്നും ഉൾപ്പെടെയുള്ള പിടിച്ചെടുത്തു. ആന്ധ്രപ്രദേശ്, ബെംഗളൂരു എന്നിവിടങ്ങളിൽനിന്നായി നൂറിലേറെ പേരാണ് പാർട്ടിയിൽ പങ്കെടുത്തിരുന്നത്.

പുലർച്ചെ മൂന്നു മണിയോടെയായിരുന്നു റെയ്ഡ്. ബംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പായ കോൺകോഡിന്റെ ഉടമ ഗോപാല റെഡ്ഡിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫാംഹൗസ്. ഹൈദരാബാദിൽ നിന്നുള്ള വാസു എന്നയാളാണ് പാർട്ടി സംഘടിപ്പിച്ചത്. നടിമാരും മോഡലുകളും രാഷ്ട്രീയക്കാരും ഡി.ജെ.കളും ടെക്കികളുമാണ് പാർട്ടിയിലുണ്ടായിരുന്നത്. 'ബ്ലഡി മസ്‌കാര', 'റാബ്സ് ', 'കയ്വി' തുടങ്ങിയ ഡി.ജെകളാണ് പരിപാടി നയിച്ചിരുന്നത്.

ജന്മദിനാഘോഷത്തിന്റെ ഭാഗമെന്ന പേരിൽ സംഘടിപ്പിച്ച പാർട്ടി പുലർച്ചെ രണ്ടു മണി കഴിഞ്ഞും നീണ്ടതോടെയാണ് പൊലീസ് പരിശോധന നടത്തിയത്. പൊലീസ് പിടിച്ചെടുത്ത വാഹനത്തിൽ നിന്ന് ആന്ധ്രപ്രദേശ് എം.എൽ.എ കകാനി ഗോവർധന റെഡ്ഡിയുടെ പാസ്പോർട്ടും കണ്ടെത്തി.

Advertisement
Advertisement