കൊച്ചി​യി​ൽ രണ്ടിടത്ത് ഗുണ്ടാ വി​ളയാട്ടം: ഒരാൾക്ക് വെട്ടേറ്റു, വാഹനങ്ങൾ തകർത്തു

Tuesday 21 May 2024 12:26 AM IST

ആലുവ/പള്ളുരുത്തി: ഗുണ്ടകൾക്കെതി​രെ പൊലീസിന്റെ നടപ‌ടി പുരോഗമിക്കവേ ആലുവയി​ലും പള്ളുരുത്തി​യി​ലും ഗുണ്ടാവി​ളയാട്ടം. ആലുവ ഉളിയന്നൂരിൽ നാട്ടുകാർക്കും വാഹനങ്ങൾക്കും നേരെ ആക്രമണം നടത്തിയ രണ്ട് ഗുണ്ടകളെ നാട്ടുകാർ പിടികൂടി ആലുവ പൊലീസിന് കൈമാറി. കളമശേരി എച്ച്.എം.ടി കോളനിയിൽ കളപ്പുരയ്ക്കൽ വീട്ടിൽ ഷാഹുൽ ഹമീദ് (36), എൻ.എ.ഡി ചാലയിൽ വീട്ടിൽ മുഹമ്മദ് സുനീർ (28) എന്നിവരാണ് അറസ്റ്റിലായത്.

ഞായറാഴ്ച രാത്രി പത്തരയോടെ, വിവാഹത്തിൽ പങ്കെടുത്ത് മടങ്ങുകയായിരുന്ന പനയക്കടവ് സ്വദേശികളായ സഹോദരങ്ങൾ സഞ്ചരിച്ച കാറിനു നേരെ ഉളിയന്നൂർ ക്ഷേത്രത്തിനു സമീപമായിരുന്നു ആക്രമണം. കാറിന് വേഗത കൂടിയെന്ന് പറഞ്ഞായിരുന്നു തുടക്കം. തുടർന്ന് ആലുവ ഭാഗത്തേക്ക് പോയി മറ്റ് രണ്ടു കാറുകൾക്കു നേരെയും ആക്രമണം നടത്തി.

നാട്ടുകാർ ഇരുവരെയും വളഞ്ഞ് പിടികൂടി പൊലീസിൽ ഏല്പിക്കുകയായിരുന്നു. മയക്കുമരുന്ന് ലഹരിയിലായിരുന്നു അക്രമമെന്ന് നാട്ടുകാർ പറഞ്ഞു. പ്രതികൾ വധശ്രമം, അടിപിടി ഉൾപ്പെടെ അഞ്ചിലേറെ കേസുകളിൽപ്പെട്ടവരാണെന്ന് ആലുവ പൊലീസ് പറഞ്ഞു. ഇന്നലെ രാവി​ലെയാണ് ഗുണ്ടാസംഘാംഗങ്ങൾ തമ്മി​ലുള്ള വൈരത്തി​ന്റെ ഭാഗമായി​ പള്ളുരുത്തി​ സ്വദേശി​ വി​പി​നെ മൂന്നു യുവാക്കൾ കൈക്കോടാലി​ കൊണ്ട് വെട്ടി​യത്. ഇയാൾ എറണാകുളം ജനറൽ ആശുപത്രി​യി​ൽ ചി​കി​ത്സയി​ലാണ്. ഷാനത്ത്, ബി​ജു, ലൈജാൻ എന്നി​വരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകശ്രമം ഉൾപ്പെടെയുള്ള വകുപ്പുകളി​ലാണ് കേസ്. ഇവരുടെ സംഘത്തി​ൽപ്പെട്ട വി​നോദി​നെ മുമ്പ് വി​പി​ൻ മർദ്ദിച്ചതിന് പകരം വീട്ടാനായിരുന്നു ആക്രമണം. ഷാനത്ത് ജയി​ൽ ശി​ക്ഷ കഴി​ഞ്ഞ് അടുത്തി​ടെയാണ് പുറത്തി​റങ്ങി​യത്.

Advertisement
Advertisement