ഒറ്റമുറി വീട്ടിലെ കൊടുംക്രൂരത; കേരളം വിതുമ്പിയ ദിനങ്ങൾ

Tuesday 21 May 2024 1:29 AM IST

കൊച്ചി: 2016 ഏപ്രിൽ 28. സ്ത്രീ സുരക്ഷയുടെ പേരിൽ അഹങ്കരിച്ചിരുന്ന മലയാളികൾ തലകുനിച്ച ദിനം. അന്ന് രാത്രിയിലാണ് പെരുമ്പാവൂർ കുറപ്പംപടി കനാൽ പുറമ്പോക്കിലെ ഒറ്റമുറി വീട്ടിൽ നിയമവിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തിയത്.

നിയമസഭാ തിരഞ്ഞെടുപ്പ് കാലമായതിനാൽ പൊലീസ് ഗൗരവത്തിലെടുത്തില്ല.സഹപാഠികൾ വസ്തുതകൾ വെളിപ്പെടുത്തിയതോടെ സംസ്ഥാന രാഷ്ട്രീയം കലങ്ങിമറിഞ്ഞു. പൊലീസുകാരെ സസ്പെൻഡ് ചെയ്തു. ക്രൈംഡിറ്റാച്ച്മെന്റ് ഡിവൈ.എസ്.പി ബി. ജിജിമോനെ അന്വേഷണം ഏൽപ്പിച്ചു.

വീടിന് 100 മീറ്റർ മാറി പ്രതിയുടെ ചെരുപ്പ് കണ്ടെത്തിയത് വഴിത്തിരിവായി. ചെരുപ്പ് പ്രദേശത്ത് കെട്ടിത്തൂക്കിയിട്ട് പ്രതിക്കായി തിരച്ചിൽ നടത്തിയത് സർക്കാരിന് നാണക്കേടായി.

അയൽവാസിയുടെ മൊഴി, പല്ലിന്റെ വിടവ് സൂചിപ്പിക്കുന്ന മൃതദേഹത്തിലെ മുറിവ്, മഞ്ഞ ഷർട്ട് തുടങ്ങിയവ കേന്ദ്രീകരിച്ചായിരുന്നു തുടർന്നുള്ള അന്വേഷണമെങ്കിലും തുമ്പ് കിട്ടിയില്ല. 24കാരി മൃഗീയ പീഡനത്തിന് ഇരയായെന്നും മൃതദേഹം കത്തികൊണ്ട് വികൃതമാക്കിയെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ശരീരത്തിൽ 38 മുറിവുകൾ.

അധികാരമേറ്റ ഇടതുസർക്കാർ എ.ഡി.ജി.പി ബി. സന്ധ്യയുടെ നേതൃത്വത്തിൽ പുതിയ അന്വേഷണ സംഘത്തെ നിയോഗിച്ചു. 20ാം ദിവസം അമീറുൾ ഇസ്ലാമിനെ തമിഴ്‌നാട്ടിലെ കാഞ്ചീപുരത്ത് നിന്ന് അറസ്റ്റ് ചെയ്തു.

വിവരം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിലൂടെ വെളിപ്പെടുത്തുകയായിരുന്നു.

2017 മാർച്ച് 13ന് വിചാരണ ആരംഭിച്ചു. നൂറ് സാക്ഷികളെ പ്രോസിക്യൂഷൻ വിസ്തരിച്ചു. ദൃക്‌സാക്ഷിയില്ലാത്തതിനാൽ ശാസ്ത്രീയ തെളിവുകളായിരുന്നു പിൻബലം. ഡിസംബറിലാണ് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി പ്രതിക്ക് തൂക്കുകയർ വിധിച്ചത്.

അവൾ വെള്ളം ചോദിച്ചു,

നൽകിയത് മദ്യം

ലൈംഗിക വൈകൃതമുള്ള അമീർ വിദ്യാർത്ഥിനിയെ നോട്ടമിട്ടിരുന്നു. ആരുമില്ലെന്ന് ഉറപ്പാക്കിയാണ് വീട്ടിലെത്തിയത്. ലൈംഗികബന്ധത്തിന് നിർബന്ധിച്ചെങ്കിലും പെൺകുട്ടി എതിർത്തു. പിന്തിരിഞ്ഞെങ്കിലും തിരികെച്ചെന്ന് കടന്നുപിടിച്ചു. ചെറുത്തതോടെ കത്തിയെടുത്ത് കഴുത്തിലും പിന്നീട് അടിവയറ്റിലും കുത്തി. വസ്ത്രങ്ങൾ പിച്ചിച്ചീന്തി. മരണവെപ്രാളത്തിൽ പെൺകുട്ടി വെള്ളം ചോദിച്ചെങ്കിലും കൈയിൽ കരുതിയ മദ്യം വായിലേക്ക് ഒഴിച്ചുകൊടുക്കുകയാണ് ചെയ്തത്. മരിച്ചെന്ന് ഉറപ്പിച്ചശേഷം പ്രതി സ്ഥലംവിട്ടു. കത്തി വീടിന്റെ പിന്നാമ്പുറത്തേക്ക് എറിഞ്ഞു. മടങ്ങിപ്പോകുമ്പോൾ സമീപത്തെ കനാലിൽ ചെരുപ്പ് പുതഞ്ഞുപോകുകയായിരുന്നു. രണ്ടുലക്ഷത്തോളം ഫോൺകോളുകളും അയൽവാസികൾ ഉൾപ്പെടെ 5000 പേരുടെ വിരലടയാളവും പൊലീസ്ശേഖരിച്ചിരുന്നു. വേഷം മാറിയെത്തിയാണ് അമറീനെ അറസ്റ്റ് ചെയ്തത്.

Advertisement
Advertisement