വെള്ളത്തിൽ മുങ്ങി തകഴി ഫയർസ്റ്റേഷൻ

Tuesday 21 May 2024 12:38 AM IST

അമ്പലപ്പുഴ : കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കനത്ത മഴയെത്തുടർന്ന് തകഴി ഫയർ സ്റ്റേഷനിൽ വെള്ളം കയറി.

ഓഫീസ്, വിശ്രമമുറി, ടോയ്‌ലെറ്റ് എന്നിവിടങ്ങളിൽ വെളളം കയറിയതോടെ സ്വയം 'രക്ഷ ' തേടുകയാണ് രക്ഷാപ്രവർത്തകരാകേണ്ട സേനാംഗങ്ങൾ. ഓഫീസിൽ വെള്ളം കയറിയതിനാൽ ഗാരേജിലും, സമീപത്തെ ഉയർന്ന സ്ഥലങ്ങളിലും പോയി നിൽക്കേണ്ട ഗതികേടിലാണിവർ.

നല്ല കെട്ടിടം എന്ന വർഷങ്ങളായുള്ള ആവശ്യത്തിന് പരിഹാരമുണ്ടാകാത്തതാണ് തകഴി ഫയർ സ്റ്റേഷന്റെ ദുരവസ്ഥയ്ക്ക് കാരണം. നിന്നു തിരിയാൻ പോലും ഇടമില്ലാത്ത, പഴയ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ് പ്രവർത്തിച്ച കെട്ടിടത്തിലാണ് ഫയർ സ്റ്റേഷന്റെ പ്രവർത്തനം.തകഴി പാലം തുറന്നു കൊടുത്തതോടെയാണ് പഴയ ബസ് സ്റ്റാൻഡ് കെട്ടിടം കെ.എസ്.ആർ.ടി.സി ഉപേക്ഷിച്ചത്. തുടർന്ന് തകഴി പഞ്ചായത്ത് ഈ സ്ഥലവും കെട്ടിടവും ഏറ്റെടുത്ത് ഫയർ സ്റ്റേഷനായി കൈമാറി. നിലവിലുണ്ടായിരുന്ന കെട്ടിടത്തിന്റെ മേൽക്കൂര ഉയർത്തി ചെറിയൊരു ഹാളും രണ്ട് ചെറിയ മുറികളുമായി തിരിച്ചാണ് ഫയർ സ്റ്റേഷൻ പ്രവർത്തനം തുടങ്ങിയത്. ഇരുപത് ജീവനക്കാരാണ് രണ്ട് ഷിഫ്ടുകളിലായി ഇവിടെ ജോലി ചെയ്യുന്നത്.

2016 : തകഴി ഫയർ സ്റ്റേഷൻ തുടങ്ങിയത്

2018ലും മുങ്ങി

 2018ലെ പ്രളയത്തിൽ തകഴി ഫയർ സ്റ്റേഷനും മുങ്ങിപ്പോയിരുന്നു

 സംസ്ഥാന പാതയിൽ നിന്ന് 100 മീറ്റർ ഉള്ളിലാണ് ഫയർ സ്റ്റേഷൻ കെട്ടിടം

 െപാട്ടിപ്പൊളിഞ്ഞ ഇടറോഡിലൂടെയാണ് ഈ ദൂരം സഞ്ചരിക്കേണ്ടത്

 മഴ പെയ്താൽ ചെളിക്കുണ്ടാകുന്ന റോഡിലൂടെ യാത്ര ദുഷ്കരമാണ്

സ്ഥലം പുറമ്പോക്ക്

70 സെന്റോളം പൊതുമരാമത്ത് വകുപ്പിന്റെ പുറമ്പോക്ക് സ്ഥലത്താണ് ഫയർ സ്റ്റേഷനുള്ളത്. ഇതാണ് കെട്ടിട നിർമ്മാണത്തിന് തടസമായത്. പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യമില്ലാതിരുന്നതിനെത്തുടർന്ന് ജീവനക്കാർ തന്നെ പണം പിരിച്ചെടുത്ത് കക്കൂസ് നിർമ്മിക്കുകയായിരുന്നു.

പുറമ്പോക്ക് സ്ഥലമായിരുന്നതിനാലാണ് കെട്ടിടം നിർമ്മിക്കാൻ കഴിയാതിരുന്നത്. തകഴി ഗ്രാമപഞ്ചായത്ത് മുൻകൈ എടുത്ത് 25 സെന്റ് സ്ഥലം സ്പെഷ്യൽ ഓർഡർ മുഖേന ഫയർ ഫോഴ്സിന് പതിച്ചു നൽകിയിട്ടുണ്ട്. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് ഇനി കെട്ടിടം നിർമ്മിക്കേണ്ടത്

-എസ്.അജയകുമാർ, പ്രസിഡന്റ്

തകഴി ഗ്രാമപഞ്ചായത്ത്

Advertisement
Advertisement