വാർഡ് പുനർനിർണ തീരുമാനം ഏകപക്ഷീയം : വി.ഡി സതീശൻ

Tuesday 21 May 2024 1:11 AM IST

നഴ്‌സിംഗ് പ്രവേശനം താറുമാറായി

തിരുവനന്തപുരം: തദ്ദേശ വാർഡ് പുനർനിർണയം സംബന്ധിച്ച് സർക്കാരിന്റേത് ഏകപക്ഷീയ തീരുമാനമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. പുനർനിണയത്തിന്റെ പേരിൽ കൃത്രിമം കാട്ടാൻ അനുവദിക്കില്ല. മാനദണ്ഡങ്ങൾ ലംഘിച്ച് ഓരോരുത്തരുടെ സൗകര്യത്തിന് വാർഡുണ്ടാക്കുന്ന പഴയ രീതി പിന്തുടരാൻ സമ്മതിക്കില്ല. എന്തെങ്കിലും കൗശലം കാണിക്കാനുള്ള വഴിയാണ് സർക്കാരിനെങ്കിൽ അതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളാട് പറഞ്ഞു.

സംസ്ഥാനത്തെ നഴ്‌സിംഗ് പ്രവേശനം താറുമാറായി. സ്വകാര്യ കോളേജുകൾക്കൊന്നും സർവകലാശാലയും നഴ്സിങ് കൗൺസിലും അഫിലിയേഷൻ നൽകിയിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽ പ്രവേശന നടപടികൾ ആരംഭിച്ചെങ്കിലും ഇവിടെ മുന്നോട്ടു പോകാനാവുന്നില്ല. നേരത്തെ ഒറ്റ അപേക്ഷയിൽ 50 കോളേജുകളിലേക്കും പ്രവേശനം നടക്കുമായിരുന്നു. ക്രൈസ്തവ മാനേജ്മെന്റുകൾക്ക് കീഴിലുള്ള എല്ലാ കേളേജുകളിലേക്കും ഒറ്റ അപേക്ഷ മതിയായിരുന്നു. എന്നാൽ ഇപ്പോൾ ഓരോ കോളേജിലേക്കും പ്രത്യേകമായി അപേക്ഷയും അപേക്ഷ ഫീസും നൽകണം. വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നും ജി.എസ്.ടി പിരിക്കേണ്ടെന്ന കൗൺസിൽ തീരുമാനം നിലനിൽക്കെ 2017 മുതലുള്ള ഓരോ അപേക്ഷാഫോമിനും 18% ജി.എസ്.ടി നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്. അന്യ സംസ്ഥാന നഴ്സിംഗ് കോളേജ് ലോബിക്ക് വേണ്ടിയാണോ കേരളത്തിലെ നഴ്സിങ് പ്രവേശനം അട്ടിമറിച്ചത്?.

മഴക്കാല പൂർവ്വശുചീകരണമടക്കം നടത്താതെ സർക്കാർ കെടുകാര്യസ്ഥതയിലാണ്. രണ്ട് ദിവസം മഴ സംസ്ഥാനത്തെ മിക്ക ഭാഗങ്ങളും വെള്ളത്തിനടിയിലായി. അശാസ്ത്രീയമായ ദേശീയപാത നിർമ്മാണം വെള്ളക്കെട്ടിനും വെള്ളപ്പൊക്കത്തിനും ഇടയാക്കും. ഇത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത് നൽകിയിട്ടും അനക്കമില്ല. ആരോഗ്യവകുപ്പിൽ ഒരോ വിഷയങ്ങളിലും റിപ്പോർട്ട് ആവശ്യപ്പെടുന്ന മന്ത്രി ഒരു റിപ്പോർട്ടിലും നടപടിയെടുക്കുന്നില്ല. . ലഹരി സംഘങ്ങളുടെയും ഗുണ്ടകളുടെയും നിയന്ത്രണത്തിലാണ് കേരളമെന്നും സതീശൻ ആരോപിച്ചു.

Advertisement
Advertisement