ബാരാമുള്ളയിൽ റെക്കാർഡ് പോളിംഗ്

Tuesday 21 May 2024 1:17 AM IST

ന്യൂഡൽഹി: അഞ്ചാം ഘട്ടത്തിൽ വോട്ടെടുപ്പ് നടന്ന ജമ്മു കശ്മീരിലെ ബാരാമുള്ള ലോക്‌സഭാ മണ്ഡലത്തിൽ 54.57 ശതമാനം പോളിംഗ് രേഖപ്പെടുത്തി. 370-ാം വകുപ്പ് റദ്ദാക്കിയ ശേഷം നടന്ന തിരഞ്ഞെടുപ്പിൽ നാല് പതിറ്റാണ്ടിനിടയിലെ ഏറ്റവും ഉയർന്ന പോളിംഗ് ശതമാനമാണ് രേഖപ്പെടുത്തിയത്. 2014,2019 തിരഞ്ഞെടുപ്പുകളിൽ 41 ശതമാനമായിരുന്നു പോളിംഗ്. (1984-ൽ രേഖപ്പെടുത്തിയ 58.84 ശതമാനമാണ് മണ്ഡലത്തിലെ കൂടിയ പോളിംഗ്.)

രാവിലെ ഏഴു മണിക്ക് പോളിംഗ് തുടങ്ങിയപ്പോൾ തന്നെ ബൂത്തുകളിൽ നീണ്ട ക്യൂവായിരുന്നു. കുപ്‌വാര, ബാരാമുള്ള, ബന്ദിപ്പോര ജില്ലകളിലായി 18 നിയമസഭാ മണ്ഡലങ്ങളിലായാണ് ബാരാമുള്ള ലോക്‌സഭാ മണ്ഡലം വ്യാപിച്ചുകിടക്കുന്നത്. പുനഃനിർണയ കമ്മിഷൻ ശുപാർശകൾ പ്രകാരം രണ്ട് വർഷം മുമ്പ് ഉൾപ്പെടുത്തിയ ബുദ്ഗാമിന്റെ രണ്ട് ഭാഗങ്ങൾ ഇതിൽ ഉൾക്കൊള്ളുന്നു. ഹന്ദ്വാര,ലംഗേറ്റ്,ഉറി നിയമസഭാ മണ്ഡലങ്ങളിൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ 50 ശതമാനത്തിലധികം പോളിംഗ് രേഖപ്പെടുത്തി. ആകെ വോട്ടർമാർ 17.37 ലക്ഷം.

മണ്ഡലത്തിൽ നടന്ന തിരഞ്ഞെടുപ്പ് റാലികളിലും റോഡ്‌ ഷോകളിലും വൻ ആൾക്കൂട്ടമുണ്ടായിരുന്നത് പോളിംഗിലും പ്രതിഫലിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു. ജമ്മു കശ്മീർ നാഷണൽ കോൺഫറൻസ് (ജെ.കെ എൻ.സി) നേതാവും മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള,ജമ്മു കശ്മീർ പീപ്പിൾ കോൺഫറൻസ് (ജെ.കെ.പി.സി) നേതാവ് സജാദ് ഗനി ലോൺ,സ്വതന്ത്ര സ്ഥാനാർത്ഥി എൻജിനിയർ അബ്ദുൾ റാഷിദ് ഷെയ്ഖ്,ജമ്മു കശ്മീർ പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടി (ജെ.കെ.എൻ.സി) എന്നിവരാണ് മണ്ഡലത്തിലെ പ്രധാന സ്ഥാനാർത്ഥികൾ.

Advertisement
Advertisement