കരകയറാതെ തലസ്ഥാനം

Tuesday 21 May 2024 1:30 AM IST

തിരുവനന്തപുരം: വെള്ളക്കെട്ടിൽ ജനം നട്ടം തിരിയുമ്പോഴും പ്രതിരോധിക്കാൻ മാർഗമില്ലാതെ നഗരസഭയും ഉദ്യോഗസ്ഥരും ഇരുട്ടിൽത്തപ്പുന്നു. കഴിഞ്ഞ ഒക്ടോബറിലാണ് ഇതിനുമുമ്പ് നഗരം വെള്ളത്തിനടിയിലായത്.ഏഴുമാസം പിന്നിടുമ്പോഴും ഇതിനു പരിഹാരമായിട്ടില്ല. തലസ്ഥാനത്തെ മൂന്ന് മന്ത്രിമാരുടേയും ജനപ്രതിനിധികളുടേയും നേതൃത്വത്തിൽ വെള്ളപ്പൊക്കം തടയാനുള്ള നടപടികൾ പ്രഖ്യാപിച്ചെങ്കിലും അതും വെള്ളത്തിൽ വരച്ച വരയായി.

കഴിഞ്ഞ തവണ വെള്ളം കയറിയ കണ്ണമ്മൂല, ആനയറ, കടകംപള്ളി, തമ്പാനൂർ, കിഴക്കേക്കോട്ട എന്നിവിടങ്ങൾ ഇത്തവണയും സമാന സ്ഥിതിയാണ്. 1000ലധികം ഓടകളാണ് നഗരത്തിലുള്ളത്. തമ്പാനൂർ, കിഴക്കേക്കോട്ട, പാളയം, ചാക്ക, അട്ടക്കുളങ്ങര തുടങ്ങി 20ഓളം പ്രദേശങ്ങളിലാണ് വെള്ളക്കെട്ടുണ്ടാകുന്നത്. ഓടകളിൽ മാലിന്യവും ഒഴുക്കിലൂടെ വന്നടിയുന്ന മണലും കെട്ടിനിൽക്കുന്നതാണ് ഇതിനുകാരണം. നഗരസഭയ്ക്കു പുറമേ കേരള റോഡ് ഫണ്ട് ബോർഡ്, പി.ഡബ്ലിയു.ഡി, റെയിൽവേ എന്നിവയുടെ ഓടകളും നഗരത്തിലുണ്ട്.

കണ്ണിൽപ്പൊടിയിടുന്ന ശുചീകരണം

കേരളത്തിലെ ഏറ്റവും വലിയ തദ്ദേശ സ്ഥാപനമായ തിരുവനന്തപുരം നഗരസഭയാണ് മഴക്കാല പൂർവശുചീകരണത്തിന് ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത്. ഇത്തവണ ഓരോ വാർഡിനും 2 മുതൽ 2.5 ലക്ഷം വരെ നൽകിയിട്ടുണ്ട്. ഇന്നലെയായിരുന്നു മഴക്കാല പൂർവ ശുചീകരണം തീർക്കേണ്ടിയിരുന്ന അവസാന ദിനം. ഇതുവരെ കാൽ ഭാഗം വാർഡുകളിൽ പോലും ശുചീകരണം നടത്തിയിട്ടില്ല.

മൂന്നാർ സന്ദർശനത്തിന് ശേഷം കഴിഞ്ഞ ദിവസം തലസ്ഥാനത്ത് തിരിച്ചെത്തിയ മേയർ ആര്യാ രാജേന്ദ്രന്റെ നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിലും ശുചീകരണത്തിന്റെ കാര്യത്തിൽ തീരുമാനമായില്ല. 2.5 ലക്ഷം രൂപ വാർഡിൽ ചെലവാക്കിയെന്ന് അവകാശപ്പെടുമ്പോഴും ഓടകൾ നിറഞ്ഞ് വെള്ളം പുറത്ത് ഒഴുകുന്നതിന് മേയർക്കോ അധികൃതർക്കോ കൃത്യമായ മറുപടിയില്ല. നഗരസഭയുടേയും സർക്കാരിന്റെ മറ്റ് വകുപ്പുകളുടേയും ഓടകൾ വൃത്തിയാക്കിയാലേ വെള്ളക്കെട്ട് പൂർണമായും പരിഹരിക്കാനാകൂ. പ്രധാനമായും വൃത്തിയാക്കേണ്ട ആമയിഴഞ്ചാൻ തോട്ടിലെ ശുചീകരണവും ഇതുവരെ പൂർത്തിയായിട്ടില്ല. റെയിൽവേയുടെ ഭാഗത്തുള്ള 117 മീറ്റർ സ്ഥലത്ത് മണ്ണടിഞ്ഞുകൂടിയത് മാറ്റുന്ന ജോലികൾ പകുതി പോലും പൂർത്തിയായിട്ടില്ല. തമ്പാനൂരിലെ വെള്ളക്കെട്ടിന് കാരണമായ പൊന്നറ ശ്രീധരൻ പാർക്കിലെ സംഭരണിയിലെ മണ്ണ് നീക്കം ചെയ്യാനുള്ള പ്രവൃത്തികളും ആരംഭിച്ചിട്ടില്ല.

ഓടയുണ്ട് എന്നാൽ, ഉപയോഗമില്ല

കഴിഞ്ഞ വെള്ളപ്പൊക്കത്തിന് ശേഷം നവീകരണം നടത്തിയ ആനയടി - പ്ളാമൂട് റോഡിൽ കഴിഞ്ഞ ദിവസം അരയ്ക്കൊപ്പം വെള്ളമെത്തി. സ്ഥിരം വെള്ളക്കെട്ടുണ്ടാകുന്ന ഇവിടെ കുറച്ച് നാളുകൾക്ക് മുൻപാണ് ലക്ഷങ്ങൾ മുടക്കി നവീകരിച്ചത്. റോഡിൽ നിന്ന് അല്പം പൊക്കിയാണ് നടപ്പാത ഉൾപ്പെടെ ഓടകൾ പണിതിരിക്കുന്നത്. ഓടയിൽ അടിഞ്ഞുകൂടിയ മണ്ണും മാലിന്യവും നഗരസഭ നീക്കം ചെയ്യാത്തതിനാൽ വെള്ളത്തിന്റെ ഒഴുക്ക് നിലച്ചു.

ചാക്കയിലും ഇതുതന്നെയാണ് സ്ഥിതി. ചെറിയ മഴയിൽ പോലും വെള്ളക്കെട്ടുണ്ടാകുന്ന അവസ്ഥ. മഴപെയ്താൽ റോഡിന്റെ ഇരുവശത്തും മുട്ടിനൊപ്പം ഉയരത്തിലാണ് വെള്ളം പൊങ്ങുന്നത്. ഇത് ബൈപ്പാസിൽ ഉൾപ്പെടെ ഗതാഗതക്കുരുക്കിന് കാരണമാകുന്നുണ്ട്. ബൈപ്പാസിലെ ഓടയിൽ കൃത്യമായ ശുചീകരണമില്ലാതെ മാലിന്യം നിറഞ്ഞ് ഒഴുക്ക് തടസപ്പെട്ടതാണ് റോഡ് വെള്ളത്തിലാകാൻ കാരണം. മാസങ്ങൾക്കു മുമ്പാണ് ചാക്ക ഭാഗത്ത് പുതിയതായി ഓട കെട്ടി നവീകരിച്ചത്.

Advertisement
Advertisement