നെതന്യാഹുവിനും ഹമാസ് തലവനും അറസ്റ്റ് വാറണ്ട് സാദ്ധ്യത

Tuesday 21 May 2024 7:41 AM IST

ടെൽ അവീവ്: ഗാസ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും ഗാസയിലെ ഹമാസ് തലവൻ യഹ്യാ സിൻവാറിനും ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചേക്കും.

ഇരുവർക്കും എതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന് ചീഫ് പ്രോസിക്യൂട്ടർ കരീം ഖാൻ ഇന്നലെ കോടതിയിൽ ആവശ്യപ്പെട്ടു. ഹമാസ് നേതാക്കളായ ഇസ്മയിൽ ഹനിയെ, മുഹമ്മദ് അൽ - മസ്രി, ഇസ്രയേൽ പ്രതിരോധ മന്ത്രി യോവ് ഗാലന്റ് എന്നിവർക്കെതിരെയും അറസ്റ്റ് വാറണ്ടിന് ഉത്തരവിടണമെന്നാണ് കരീം ഖാന്റെ അപേക്ഷ.

ഇവർ ഗാസയിൽ യുദ്ധക്കുറ്റങ്ങൾ ചെയ്തതിന് വിശ്വസനീയമായ കാരണങ്ങളുണ്ടെന്ന് ഖാൻ ചൂണ്ടിക്കാട്ടി. നീക്കത്തെ വിമർശിച്ച് ഇസ്രയേലും ഹമാസും രംഗത്തെത്തി. തെളിവുകളുടെ അടിസ്ഥാനത്തിൽ ജഡ്ജിമാരുടെ പ്രത്യേക പാനൽ വിഷയത്തിൽ തീരുമാനം പ്രഖ്യാപിക്കും. ഇതിന് ആഴ്ചകളോളം വേണ്ടി വന്നേക്കാം.

നേരത്തെ യുക്രെയിൻ അധിനിവേശത്തിന്റെ പേരിൽ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനെതിരെയും കോടതി അറസ്​റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു. എന്നാൽ, കരാറിൽ ഒപ്പുവച്ച രാജ്യങ്ങളിൽ മാത്രമേ കോടതിക്ക് അധികാരം പ്രയോഗിക്കാൻ കഴിയൂ.

റഷ്യയും ഇസ്രയേലും കോടതിയുമായി കരാറിൽ ഏർപ്പെട്ടിട്ടില്ല. അതേ സമയം, വാറണ്ടുള്ള വ്യക്തികൾ കരാറിലൊപ്പിട്ട രാജ്യങ്ങളിൽ പ്രവേശിച്ചാൽ അറസ്​റ്റ് ചെയ്യപ്പെട്ടേക്കാം.

Advertisement
Advertisement