മൊഖ്‌ബർ, ഖമനേയിക്ക് പ്രിയപ്പെട്ടവൻ

Tuesday 21 May 2024 7:41 AM IST

ടെഹ്‌റാൻ: റെയ്‌സിയുടെ മരണത്തിന് പിന്നാലെ ഇടക്കാല പ്രസിഡന്റായി നിയമിതനായ മുഹമ്മദ് മൊഖ്‌ബർ (68) പരമോന്നത നേതാവ് അയത്തൊള്ള ഖമനേയിയുടെ അടുത്ത അനുയായിയാണ്. 2021 ഓഗസ്റ്റിൽ രാജ്യത്തെ ഫസ്റ്റ് വൈസ് പ്രസിഡന്റായി.

2007 മുതൽ 14 വർഷം ഇറാനിലെ സെറ്റാഡിന്റെ തലവൻ. പരമോന്നത നേതാവുമായി ബന്ധമുള്ള നിക്ഷേപ ഫണ്ടാണ് സെറ്റാഡ്. ഇസ്ലാമിക വിപ്ലവത്തിന് ശേഷം ഉപേക്ഷിക്കപ്പെട്ട സ്വത്തുക്കൾ കൈകാര്യം ചെയ്യാനും വിൽക്കാനുമായി ആദ്യ പരമോന്നത നേതാവ് അയത്തുള്ള ഖൊമേനിയാണ് സ്ഥാപിച്ചത്. സെറ്റാഡിന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കണമെന്നും ഉത്തരവിട്ടിരുന്നു. മൊഖ്‌ബറിന്റെ മേൽനോട്ടത്തിൽ സെറ്റാഡ് കൊവ്‌ ഇറാൻ ബർകത്ത് എന്ന കൊവിഡ് വാക്സിൻ വികസിപ്പിച്ചിരുന്നു.

അന്താരാഷ്ട്ര നിയമത്തിൽ പിഎച്ച്.‌ഡി നേടിയുട്ടുണ്ട്. ഖുസെസ്താൻ പ്രവിശ്യയിലെ മുൻ ഡെപ്യൂട്ടി ഗവർണർ. റെവലൂഷനറി ഗാർഡുമായി അടുത്ത ബന്ധം.

ഇനി

മൊഖ്‌ബർ, ചീഫ് ജസ്റ്റിസ്, പാർലമെന്റ് സ്പീക്കർ എന്നിവരടങ്ങുന്ന താത്കാലിക കൗൺസിൽ രൂപീകരിച്ചു. ഇവർ 50 ദിവസത്തിനുള്ളിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് നടത്തണം. 2025ലാണ് രാജ്യത്ത് തിരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്.

ഫസ്റ്റ് വൈസ് പ്രസിഡന്റ്

ഇറാനിൽ ഒരേ സമയം സേവനമനുഷ്ഠിക്കുന്ന നിരവധി വൈസ് പ്രസിഡന്റുമാരുണ്ട്. പ്രസിഡന്റാണ് ഇവരെ തിരഞ്ഞെടുക്കുന്നത്. ഓരോരുത്തരും എക്സിക്യൂട്ടീവ് വിഷയങ്ങളുടെ വ്യത്യസ്ത തലങ്ങൾ കൈകാര്യം ചെയ്യുന്നു. ഒരു ക്യാബിനറ്റ് പോലെയാണ് ഇവരുടെ പ്രവർത്തനം. ഇവർക്കിടെയിലെ ഉയർന്ന പദവിയാണ് ഫസ്റ്റ് വൈസ് പ്രസിഡന്റിന്റേത്. പ്രസിഡന്റിന്റെ അഭാവത്തിൽ ക്യാബിനറ്റ് യോഗങ്ങളും മറ്റും നടത്തണം. നിലവിൽ മൊഖ്‌ബർ അടക്കം 11 വൈസ് പ്രസിഡന്റുമാരുണ്ട്. ഒരു സീറ്റ് ഒഴിഞ്ഞുകിടക്കുന്നു.

Advertisement
Advertisement