അബ്ദുള്ളാഹിയാൻ: നയതന്ത്രത്തിന്റെ സുലൈമാനി

Tuesday 21 May 2024 7:41 AM IST

ടെഹ്‌റാൻ: ' നയതന്ത്രത്തിന്റെ സുലൈമാനി' എന്നാണ് ഹെലികോപ്‌റ്റർ അപകടം കവർന്ന വിദേശകാര്യ മന്ത്രി ഹുസൈൻ അമീർ അബ്ദുള്ളാഹിയാനെ (60) ഇറാൻ വിശേഷിപ്പിച്ചിരുന്നത്. സൈനിക കമാൻഡറായിരുന്ന ജനറൽ ഖാസിം സുലൈമാനിയെ 2020ൽ യു.എസ് ഡ്രോൺ ആക്രമണത്തിലൂടെ വധിക്കുകയായിരുന്നു. സുലൈമാനിയെ പോലെ ഹമാസ്,​ ഹിസ്ബുള്ള,​ ഹൂതികൾ തുടങ്ങിയ ഗ്രൂപ്പുകളുടെ ശക്തമായ പിന്തുണ അബ്ദുള്ളാഹിയാനുണ്ടായിരുന്നു.

ടെഹ്‌റാനിൽ നിന്ന് 200 മൈൽ വടക്കുള്ള ദംഘാനിലായിരുന്നു അബ്ദുള്ളാഹിയാന്റെ ജനനം. ആറാം വയസിൽ പിതാവിനെ നഷ്ടമായതോടെ കുടുംബത്തോടൊപ്പം തെക്കൻ ടെഹ്‌റാനിലേക്ക് താമസം മാറി. പട്ടിണിയിൽ വളർന്ന അദ്ദേഹം 1991ൽ ഇന്റർനാഷണൽ റിലേഷൻസിൽ ബിരുദം നേടി.

ഇതേ വിഷയത്തിൽ ടെഹ്‌റാൻ യൂണിവേഴ്സിറ്റിയിൽ നിന്ന് മാസ്റ്റർ ബുരുദവും പിഎച്ച്.ഡിയും സ്വന്തമാക്കി. 1997ൽ ഇറാക്കിലെ ഇറാൻ എംബസിയിൽ അണ്ടർസെക്രട്ടറിയായി ഔദ്യോഗിക ജീവിതം തുടങ്ങി. പിന്നീട് ബഹ്‌റൈനിലെ അംബാസഡറായി. ഖുദ്സ് ഫോഴ്സുമായും സുലൈമാനിയുമായും അടുത്ത ബന്ധമുണ്ടായിരുന്ന അബ്ദുള്ളാഹിയാൻ 2011ൽ ഉപവിദേശകാര്യ മന്ത്രിയായി. 2021ലാണ് വിദേശകാര്യ മന്ത്രിയായത്.

ഇന്ത്യയുമായും അടുത്ത സൗഹൃദം സൂക്ഷിച്ചിരുന്നു അബ്ദുള്ളാഹിയാൻ. ഏപ്രിലിൽ ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ഉടമസ്ഥതയിലെ എം.എസ്.സി ഏരീസ് ചരക്കുകപ്പലിലെ ഇന്ത്യൻ ജീവനക്കാർ സുരക്ഷിതരായിരിക്കുമെന്ന് അബ്ദുള്ളാഹിയാൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിന് ഉറപ്പ് നൽകിയിരുന്നു.

Advertisement
Advertisement