റെയ്സിയുടെ അപകടം ആസൂത്രിതമോ...?.

Tuesday 21 May 2024 7:42 AM IST

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയെ കൊലപ്പെടുത്തിയതോ?​ അങ്ങനെ കരുതുന്നവരും കുറവല്ല. ഇറാന്റെ ബദ്ധശത്രുവായ ഇസ്രയേലിന്റെ കരങ്ങളിലേക്ക് സ്വാഭാവിക സംശയം നീളുമ്പോൾ,​ റെയ്സിയെ വകവരുത്താൻ തക്ക ശത്രുതയുള്ളവർ ഇറാനിൽ തന്നെയുണ്ട്. വളരെ മോശം കാലാവസ്ഥയായിട്ടും വനമേഖലയിലൂടെ അസർബൈജാൻ അതിർത്തിയിലെത്താൻ പഴഞ്ചൻ ഹെലികോപ്ടർ ഉപയോഗിച്ചതിലും സംശയമുയരുന്നു.

ഇസ്രയേലിനെ സംശയിക്കുന്നവർ നിരത്തുന്ന കാരണങ്ങൾ ഇവയാണ്: ഇസ്രയേലിന്റെ ഗാസ അധിനിവേശത്തിനു പിന്നാലെ ഇറാനുമായുള്ള ശത്രുത വർദ്ധിച്ചു. ഹമാസിന്റെ ഏറ്റവും പ്രിയപ്പെട്ടവനാണ് റെയ്സി. ഇസ്രയേലിനെ ആക്രമിക്കുന്ന ഹിസ്ബുള്ളയ്ക്കും ഹൂതികൾക്കും ആയുധവും പരിശീലനവും ഇറാൻ നൽ​കുന്നു. കഴിഞ്ഞ മാസം ഡമാസ്കസിൽ ഒരു ഇറാനിയൻ ജനറലിനെയുൾപ്പെടെ ഇസ്രയേൽ വധിച്ചു. ഇതിനു പകരമായി ഇറാൻ ഇസ്രയേലിൽ മിസൈൽ ആക്രമണവും നടത്തി. ഇസ്രയേൽ ചാര സംഘടനയായ മൊസാദ് ശത്രുക്കളെ ടാർജറ്റ് ചെയ്ത് വകവരുത്തുന്നതിൽ വിദഗ്ദ്ധർ.

അതേസമയം,​ അപകടത്തിനു പിന്നിൽ തങ്ങൾക്ക് ഒരു റോളുമില്ലെന്ന് ഇസ്രയേൽ പറയുന്നു. മോശം കാലാവസ്ഥ അപകട കാരണമായെന്നാണ് പ്രാഥമിക നിഗമനമെന്ന് ഇറാനും.

നാട്ടിൽ കൊടുംശത്രുത

ഇറാന്റെ പരമാധികാരിയായ അയത്തൊള്ള ഖമനേയി തന്റെ പിൻഗാമിയായി കണ്ടുവച്ചിട്ടുള്ള റെയ്സിക്ക് രാഷ്ട്രീയ ശത്രുക്കൾ ഏറെയാണ്. എൺപതുകളിൽ രാഷ്ട്രീയ എതിരാളികൾക്ക് ശിക്ഷ വിധിക്കാൻ ഖമനേയി നിയമിച്ച നാല് ജഡ്ജിമാരിൽ ഒരാൾ. 1988ൽ അയ്യായിരത്തിലധിം രാഷട്രീയത്തടവുകാർക്ക് ഇവർ വധശിക്ഷ വിധിച്ചു. കൂട്ടക്കൊലയും നടപ്പാക്കി. കില്ലർ ഗ്രൂപ്പെന്നാണ് ഇവർ പിന്നീട് അറിയപ്പെട്ടത്. ടെഹ്റാനിലെ കശാപ്പുകാരൻ എന്ന വിളിപ്പേര് റെയ്സിക്കും ശത്രുക്കൾ ചാർത്തി. 2021ൽ പ്രമുഖ പ്രതിക്ഷ നേതാക്കൾക്ക് മത്സരിക്കാൻ അവസരം നിഷേധിച്ച തിരഞ്ഞെടുപ്പിൽ പ്രസിഡന്റായി. ദുർഭരണം നടത്തുന്നെന്നും സാമ്പത്തിക സ്ഥിതി തകർത്തെന്നും ആരോപണം നേരിട്ടു.

ഹിജാബ് മുഖം മറയ്ക്കുംവിധം ധരിച്ചില്ലെന്നാരോപിച്ച് അറയ്റ്റുചെയ്ത മഹ്സ എന്നയുവതി പൊലീസ് കസ്റ്റഡിയിൽ 2022ൽ കൊല്ലപ്പെട്ടിരുന്നു. തുടർന്നുണ്ടായ പ്രക്ഷോഭം അതിക്രൂരമായാണ് റെയ്സി അടിച്ചമർത്തിയത്. ഒട്ടേറെപ്പേർ കൊല്ലപ്പെട്ടു. ഇറാന്റെ പരമാധികാരിയായി റെയ്സി വരുന്നത് തടയാനും ശ്രമങ്ങൾ നടന്നിരുന്നു. ഇവരാരെങ്കിലും അപകടത്തിനു പിന്നിൽ പ്രവർത്തിച്ചോ?. സംശയങ്ങൾ ഇങ്ങനെ നീളുന്നു.

Advertisement
Advertisement