വർക്കലയിലെ രാജേന്ദ്രനും ഉണ്ണിയും പിടിയിൽ, പിന്നാലെ ബോസ് അനിയും

Tuesday 21 May 2024 8:15 AM IST

തിരുവനന്തപുരം: സ്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് വർക്കല റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നും പത്ത് കിലോയോളം കഞ്ചാവ് പിടികൂടി മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തു. സ്റ്റേറ്റ് സ്‌ക്വാഡിലെ ഉദ്യോഗസ്ഥരും, വർക്കല റെയിഞ്ച് പാർട്ടിയും ചേർന്നായിരുന്നു ഓപ്പറേഷൻ.

വർക്കല റെയിൽവേ സ്റ്റേഷന് മുൻവശത്ത് നിന്നാണ് രാജേന്ദ്രൻ, ഉണ്ണി എന്ന് വിളിക്കുന്ന സതീഷ് എന്നിവരെ കഞ്ചാവുവുമായി പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ കഞ്ചാവ് കടത്തിന്റെ മുഖ്യ സൂത്രധാരനായ അനി എന്നയാളെയും സ്‌ക്വാഡ് സംഘം അറസ്റ്റ് ചെയ്തു.

സ്റ്റേറ്റ് സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ എക്‌സൈസ് ഇൻസ്‌പെക്ടർമാരായ ടി. ആർ. മുകേഷ്കുമാർ, കെ. വി. വിനോദ്, എസ്. മധുസൂദനൻ നായർ, എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ് )ഡി എസ്. മനോജ്‌കുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിശാഖ്, മുഹമ്മദ്‌ അലി,സുബിൻ, രജിത്ത്, അരുൺകുമാർ എം. എം, ബസന്ത് കുമാർ, രജിത് ആർ.നായർ, സിവിൽ എക്‌സൈസ് ഓഫീസർ ഡ്രൈവർ രാജീവ്‌ എന്നിവരും വർക്കല റെയിഞ്ച് ഇൻസ്‌പെക്ടർ സജീവും, പാർട്ടിയും റെയ്‌ഡിൽ പങ്കെടുത്തു.

2000ത്തിലധികം കഞ്ചാവ് മിഠായികൾ പിടികൂടി

ചേർത്തല അരൂരിൽ 2000 ത്തിലധികം കഞ്ചാവ് മിഠായികൾ എക്സൈസ് പിടികൂടി. ഉത്തർപ്രദേശ് സ്വദേശികളായ രാഹുൽ സരോജ്, സന്തോഷ് കുമാർ എന്നിവരെ ഇതുമായി ബന്ധപ്പെട്ടു അറസ്റ്റ് ചെയ്തു. കുട്ടികൾക്ക് വിൽക്കാനായി സൂക്ഷിച്ചിരുന്ന മിഠായികളും, കഞ്ചാവും, പത്ത് കിലോയോളം നിരോധിത പുകയില ഉൽപ്പന്നങ്ങളും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തു.

ചേർത്തല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ T P സജീവ്കുമാർ നേതൃത്വം കൊടുത്ത പാർട്ടിയിൽ പ്രിവൻ്റീവ് ഓഫീസർ P T ഷാജി, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് അനിലാൽ P, CEO മാരായ സാജൻ ജോസഫ്, മോബി വർഗീസ്, മഹേഷ് K U, CEO ഡ്രൈവർ രജിത് കുമാർ എന്നിവർ പങ്കെടുത്തു.