ക്രിമിനലായി ചിത്രീകരിക്കാന്‍ കെട്ടുകഥയുണ്ടാക്കിയവര്‍ക്കേറ്റ  തിരിച്ചടിയാണ് ഹൈക്കോടതി വിധി, കെ സുധാകരന്‍

Tuesday 21 May 2024 2:08 PM IST

ന്യൂഡൽഹി: കെട്ടുകഥ ഉണ്ടാക്കി തന്നെ ക്രിമിനലാക്കി ചിത്രീകരിച്ച് വേട്ടയാടിയവരാണ് സിപിഎമ്മുകാരെന്നും തന്റെ നിപരാധിത്വം ബോധ്യപ്പെട്ടതില്‍ സന്തോഷമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ഇപി ജയരാജന്‍ കേസില്‍ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി പ്രതീക്ഷിച്ചത്.സുപ്രിം കോടതിയെ സമീപിച്ചാല്‍ അവിടെയും നേരിടും. ഈ കേസ് തലയ്ക്ക് മുകളില്‍ ഉള്ള വാള്‍ ആയിരുന്നു. യഥാര്‍ത്ഥ പ്രതിയെ കണ്ടുപിടിക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിന്.ഈ കേസിന്റെ പേരില്‍ രാഷ്ട്രീയത്തില്‍ തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചു. തന്നെ രാഷ്ട്രീയമായി ഇല്ലാതാക്കാനുള്ള സിപിഎം പദ്ധതിയായിരുന്നു ഈ കേസെന്നും സുധാകരൻ പ്രതികരിച്ചു.

പ്രതിയാക്കിയത് ഇല്ലാത്ത കുറ്റത്തിന്. തന്നെ ക്രിമിനലായി ചിത്രീകരിക്കാന്‍ ശ്രമിച്ച സിപിഎമ്മിന്റെയും ബിജെപിയുടെയും രാഷ്ട്രീയ നയങ്ങള്‍ക്കേറ്റ കനത്ത തിരിച്ചടി കൂടിയാണ് കോടതിവിധി. കൊലയാളി എന്ന് വിളിച്ച് അധിക്ഷേപിച്ചവരെ തള്ളുന്ന വിധിയാണിതെന്നും തന്നെ ക്രിമിനലാക്കാനുള്ള സിപിഎം ശ്രമമാണ് പൊളിഞ്ഞതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

ഇ പി ജയരാജനെ വെടിവച്ചുകൊല്ലാൻ ശ്രമിച്ചുവെന്ന കേസിലാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരനെ ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്. കേസുമായി ബന്ധപ്പെട്ടുള്ള കുറ്റപത്രത്തിൽനിന്നൊഴിവാക്കണമെന്ന ഹ‌ർജി കോടതി അനുവദിച്ചു. ജസ്റ്റിസ് സിയാദ് റഹ്മാന്റേതാണ് ഉത്തരവ്. കെ സുധാകരനെതിരെ ഗൂഢാലോചന കുറ്റമായിരുന്നു ചുമത്തിയിരുന്നത്.

വലിയതുറ പൊലീസാണ് ഗൂഢാലോചന കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ഇതിന്റെ വിചാരണ നടപടികൾ തിരുവനന്തപുരത്ത് തുടങ്ങാനിരിക്കെയാണ് കോടതി വിധി. 2016ലാണ് കെ സുധാകരൻ വിചാരണ തടയണമെന്നും തന്നെ കുറ്റപത്രത്തിൽനിന്നൊഴിവാക്കി പ്രതിപ്പട്ടികയിൽ നിന്നുതന്നെ ഒഴിവാക്കണമെന്ന ആവശ്യവുമായി കോടതിയിൽ ഹർജി സമർപ്പിച്ചത്. ഗുഢാലോചന തെളിയിക്കാനുള്ള തെളിവുകൾ കുറ്റപത്രത്തിലുണ്ടോയെന്നും കുറ്റപത്രം തന്നെ നിലനിൽക്കുമോയെന്ന വാദവുമാണ് സുധാകരൻ ഉന്നയിച്ചത്. കേട്ടറിവുകളുടെയും ചില സാക്ഷിമൊഴികളുടെയും മാത്രം അടിസ്ഥാനത്തിൽ തന്നെ കേസിൽ പ്രതി ചേർക്കുകയായിരുന്നു. ഇതിന് പിന്നിൽ രാഷ്ട്രീയ വിരോധമുണ്ടെന്നും തനിക്ക് ഗൂഢാലോചനയിൽ പങ്കില്ലെന്നും സുധാകരൻ കോടതിയിൽ വ്യക്തമാക്കി.

1995 ഏപ്രിൽ 12നാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഇ പി ജയരാജൻ ചണ്ഡിഗഢിൽ നിന്ന് പാർട്ടി കോൺഗ്രസ് കഴിഞ്ഞ് ട്രെയിനിൽ മടങ്ങവേ ആന്ധ്രാപ്രദേശിൽ വച്ചാണ് ആക്രമണമുണ്ടായത്. രാവിലെ പത്തുമണിയോടെയായിരുന്നു സംഭവം. ട്രെയിനിലെ വാഷ് ബേസിനിൽ മുഖം കഴുകുന്നതിനിടെ ഒന്നാംപ്രതിയായ വിക്രംചാലിൽ ശശി വെടിയുതിർക്കുകയായിരുന്നു. ഇ പിയുടെ കഴുത്തിനാണ് വെടിയേറ്റത്. ശശിക്കുപുറമെ പേട്ട ദിനേശൻ, ടി പി രാജീവൻ, ബിജു, കെ സുധാകരൻ എന്നിവരെയാണ് കേസിൽ പ്രതി ചേർത്തിരുന്നത്.