എന്തൊരു ദുർഗന്ധം, വല്ലാത്ത ദുർഗതി...

Tuesday 21 May 2024 4:09 PM IST

മുണ്ടക്കയം: എന്തൊരു ദുർഗതിയാണ്. കണ്ടതെല്ലാം ഇവിടേക്ക് തള്ളും. ദുർഗന്ധം ഒരുവശത്ത്, പകർച്ചവ്യാധി ഭീഷണി മറുവശത്ത്. മുണ്ടക്കയം-കോരുത്തോട് റോഡിലൂടെ ജനം ശപിച്ചാണ് കടന്നുപോകുന്നത്. വണ്ടൻപതാൽ തേക്കിൻകൂപ്പിൽ അത്രയേറെയാണ് മാലിന്യം. എല്ലാം ചിലരുടെ തോന്ന്യാസമാണ്. മാലിന്യം തള്ളുന്നതാകട്ടെ വണ്ടൻപതാൽ ടൗണിലേക്ക് ഒഴുകിയെത്തുന്ന തോടിന്റെ വശങ്ങളിലും. വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷനോട് ചേർന്നുള്ള തേക്കിൻകൂപ്പിന്റെ വശത്ത് കോരുത്തോട് പഞ്ചായത്തിന്റെ പരിധിയിലാണ് മാലിന്യമേറെയും. ഡയപ്പർ, ഉപയോഗശൂന്യമായ ക്ലോസറ്റ്, പച്ചക്കറി മാലിന്യം, വ്യാപാര സ്ഥാപനങ്ങളിൽ നിന്നുള്ള കോഴി വേസ്റ്റ് എല്ലാം കുമിഞ്ഞുകൂടിയിട്ടുണ്ട്. രാത്രിയിൽ വാഹനത്തിലെത്തിച്ച് തള്ളുകയാണ്.

മാലിന്യം മണിമലയാറ്റിലേക്ക്

കുന്നുകൂടിയ മാലിന്യം മഴയിൽ തോട്ടിലേക്ക് ഒലിച്ചിറങ്ങുകയാണ്. ഇത് തോട്ടിലൂടെ ഒഴുകി മണിമലയാറ്റിലേക്കെത്തും.

ഇത് മേഖലയിൽ പകർച്ചവ്യാധി സാധ്യത വർദ്ധിപ്പിക്കുകയാണ്.

ഓടിയെത്തും കാട്ടുപന്നികൾ

മാലിന്യം ഭക്ഷിക്കാൻ കാട്ടുപന്നികൾ കൂട്ടത്തോടെ എത്തുന്നത് മുണ്ടക്കയം - കോരുത്തോട് റൂട്ടിൽ സഞ്ചരിക്കുന്ന വാഹന യാത്രക്കാർക്ക് ഭീഷണിയാണ്. ഇത് അപകടസാധ്യത വർദ്ധിപ്പിക്കുന്നു.

പരാതി ഉയർന്നപ്പോൾ മാലിന്യം നിക്ഷേപിക്കരുതെന്ന് ബോർഡ് സ്ഥാപിച്ച് കോരുത്തോട് പഞ്ചായത്ത് തടി തപ്പി.

മാലിന്യം തള്ളുന്നത് വനംവകുപ്പ് ഓഫീസിന് 100 മീറ്റർ മാത്രം അകലെ

Advertisement
Advertisement