അനുവാദമില്ലാതെ 'രംഗണ്ണൻ' അങ്കണവാടിയിൽ; 'ആവേശം' റീൽസെടുത്ത യുവാക്കൾക്കെതിരെ കേസ്

Tuesday 21 May 2024 4:15 PM IST

ചെന്നൈ: ഫഹദ് ഫാസിലിന്റെ ഏറ്റവും പുതിയ ചിത്രം 'ആവേശം' കേരളത്തിലും മറ്റ് ഭാഷകളിലുമെല്ലാം വലിയ തരംഗം തന്നെ സൃഷ്‌ടിച്ചിരിക്കുകയാണ്. ചിത്രത്തിലെ പാട്ടും സീനുമെല്ലാം അനുകരിച്ച് പല തരത്തിലുള്ള വീഡിയോകളാണ് സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിൽ ആവേശം സിനിമയിലെ ഒരു രംഗം റീൽസ് എടുക്കാൻ അങ്കണവാടിയിൽ അനധികൃതമായി കയറിയ യുവാവിന്റെ പേരിൽ പൊലീസ് കേസെടുത്തിരിക്കുകയാണ്.

തമിഴ്‌നാട് വെല്ലൂരിലാണ് സംഭവം. ഡിഎംകെ യൂണിയൻ സെക്രട്ടറി ജ്ഞാനശേഖരന്റെ മകൻ അന്ന ശരണിനെതിരെയാണ് വെല്ലൂർ പൊലീസ് കേസെടുത്തിരിക്കുന്നത്. ആവേശം സിനിമയിലെ ബാർ രംഗമാണ് അങ്കണവാടിയിൽ കയറി ഷൂട്ട് ചെയ്‌തിരിക്കുന്നത്. സിനിമയെ വെല്ലുന്ന തരത്തിൽ വൻ ഒരുക്കങ്ങളോടെയാണ് റീൽസ് എടുത്തിരിക്കുന്നത്. എന്നാൽ, വീഡിയോ വൈറലായതോടെ അങ്കണവാടിയിൽ പഠിക്കുന്ന കുട്ടികളുടെ മാതാപിതാക്കൾ പ്രതിഷേധവുമായി എത്തുകയായിരുന്നു.

ഇതോടെയാണ് അന്ന ശരണിനെതിരെ പൊലീസ് കേസെടുത്തത്. സർക്കാർ സ്ഥാപനത്തിൽ അതിക്രമിച്ച് കയറിയതുൾപ്പെടെ മൂന്ന് വകുപ്പുകളാണ് അന്ന ശരണിനെതിരെ ചുമത്തിയിരിക്കുന്നത്. ശരണിനെ കൂടാതെ ഒപ്പമുണ്ടായിരുന്ന പത്തുപേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.

ഇതിന് മുമ്പ് ആവേശം സിനിമയുമായി ബന്ധപ്പെട്ട പല വീഡിയോകളും വൈറലായിരുന്നു. അതിൽ ഒന്നാണ് ഗുണ്ടാത്തലവൻ ജയിൽ മോചിതനായതിന്റെ ആഘോഷ വീഡിയോ. തൃശൂരിലായിരുന്നു സംഭവം. നാല് കൊലക്കേസുകളിൽ ഉൾപ്പെടെ പ്രതിയായ ഗുണ്ടാത്തലവൻ അനൂപ് ആണ് പാർട്ടി നടത്തിയത്. ജയിലിൽ നിന്ന് പുറത്തിറങ്ങിയതിന്റെ ഭാഗമായുള്ള ആഘോഷമായിരുന്നു ഇത്. പാർട്ടിയുടെ ദൃശ്യങ്ങൾ റീലുകളാക്കി ഇൻസ്റ്റഗ്രാമിലൂടെ പുറത്തുവിടുകയും ചെയ്‌തു.

തൃശൂർ കുറ്റൂർ കൊട്ടേക്കാടുള്ള ഒരു സ്വകാര്യ പാടശേഖരത്തിൽ വച്ചാണ് പാർട്ടി നടത്തിയത്. 60ഓളം കുറ്റവാളികൾ പാർട്ടിയിൽ പങ്കെടുത്തെന്നാണ് വിവരം. പൊലീസ് ജീപ്പിന് സമീപത്തായി ഇവർ നിൽക്കുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വിയ്യൂർ സ്റ്റേഷൻ പരിധിയിലാണ് ഈ പാടശേഖരമുള്ളത്. ഗുണ്ടകളുടെ ഒത്തുചേരലിന് കേസുമായി യാതൊരു ബന്ധവുമില്ലാത്തതിനാലും പാടശേഖരം സ്വകാര്യ വ്യക്തിയുടേതായതിനാലും ഇക്കാര്യത്തിൽ പൊലീസ് നടപടിയൊന്നും സ്വീകരിക്കില്ല.