മീനച്ചിലാറ്റിൽ ചാകര, അടിച്ച കോളായി!

Tuesday 21 May 2024 4:35 PM IST

ഉപ്പുവെള്ളത്തിനൊപ്പം കായൽ മത്സ്യങ്ങളും

കോട്ടയം: വല നിറയെ മീൻ.അടിച്ച കോളെന്ന് പറഞ്ഞാൽ ഇതാണ്... മീൻപിടുത്തക്കാർ ഹാപ്പി! തണ്ണീർമുക്കം ബണ്ട് തുറന്നതിന് പിന്നാലെ ഉപ്പുവെള്ളവും വേനൽ മഴയ്ക്കൊപ്പം ഒഴുക്ക് വർദ്ധിച്ചതോടെ മീനച്ചിലാറ്റിൽ കായൽ മത്സ്യങ്ങളുടെ ചാകരയായി. കായൽവറ്റ, വാള, മഞ്ഞക്കൂരി, ചെമ്മീൻ, വരാൽ, കരിമീൻ തുടങ്ങിയവ വേമ്പനാട്ടുകായലിൽ നിന്ന് ആറ്റിലെത്തിയതോടെ വലയെറിഞ്ഞവർക്ക് നിറയെ മീൻ ലഭിച്ചു. ചൂണ്ടക്കാർക്കും കായൽ മത്സ്യം ലഭിക്കുന്നുണ്ട്. പുതുവെള്ളത്തിൽ വാള,പുല്ലൻ ,മഞ്ഞക്കൂരി, കാരി, മുശി, പരൽ, പൊടിമീൻ ഇനങ്ങളും വർദ്ധിച്ചു. വേലിയേറ്റം ശക്തമായതോടെ കടൽമീനുകളും കായലിലെത്തി. ഉപ്പുവെള്ളമുളളതിനാൽ കായലിന്റെ ആവാസ വ്യവസ്ഥയും കടൽ മീനുകൾക്ക് ഗുണകരമാണ്. ജലനിരപ്പ് വീണ്ടും ഉയർന്നാൽ കുളങ്ങളിലെ വളർത്തു മത്സ്യങ്ങളായ ആഫ്രിക്കൻ മുശി, കാരി, തിലോപ്യ, കൂരി വാള ഉൾപ്പെടെ കായലിലെത്തും.

പായലും പോളയും അഴുകി


കടുത്ത വേനലിൽ ജലനിരപ്പ് താഴ്ന്നതോടെ ആറുകളിലും തോടുകളിലും ഉപ്പുവെള്ളം നേരത്തേയെത്തി. ഇതോടെ പായലും പോളയും അഴുകി. ഒഴുക്ക് വർദ്ധിച്ചതിനാൽ പായലും പോളയും ഒഴുകിമാറും.ഇതോടെ ജലമലിനീകരണത്തിന് കുറവ് വരും.

ഉപ്പുവെള്ളം നേരത്തേയെത്തിയത് ഗുണകരമാണ്. ആഫ്രിക്കൻ പായലും പോളയും കുളവാഴയും നശിക്കും. ബണ്ട് അടയ്ക്കുന്നതോടെ കായൽ മീനുകൾ ആറുകളിൽ സുലഭമാണ്. കിഴക്കൻ വെള്ളത്തിലെത്തുന്ന എക്കൽ മണ്ണ് കൃഷിക്ക് പ്രയോജനം ചെയ്യും.

ഡോ.കെ.ജി പത്മകുമാർ ( കായൽ ഗവേഷകൻ )

Advertisement
Advertisement