ഗാർഹിക പീഡനത്തിന്റെ പേരിൽ മകൾ തിരികെ വീട്ടിലെത്തി; 26കാരനെ കൊലപ്പെടുത്തി ഭാര്യാപിതാവും ബന്ധുക്കളും

Tuesday 21 May 2024 4:48 PM IST

രാജ്‌കോട്ട്: ഗാർഹിക പീഡനത്തിന്റെ പേരിലുണ്ടായ തർക്കത്തിനിടെ മകളുടെ ഭർത്താവിനെ കൊലപ്പെടുത്തി മദ്ധ്യവയസ്‌കൻ. ഗുജറാത്തിലെ ജാം നഗറിലാണ് സംഭവം. 26കാരനായ വിര താപരിയ എന്നയാളാണ് മരിച്ചത്. ഇയാളുടെ ഭാര്യാ പിതാവും ബന്ധുക്കളും ചേർന്നാണ് ആക്രമണം നടത്തിയത്.

രണ്ട് വർഷം മുമ്പാണ് ഇവരുടെ വിവാഹം നടന്നത്. മൂന്ന് മാസത്തിലേറെയായി താപരിയയുടെ ഭാര്യ യുവതിയുടെ മാതാപിതാക്കൾക്കൊപ്പമാണ് താമസിക്കുന്നത്. താപരിയക്കെതിരായ ഗാർഹിക പീഡനക്കേസ് പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് കൊലപാതകം നടന്നത്. അടുത്തടുത്ത ഗ്രാമവാസികളായിരുന്നു കൊല്ലപ്പെട്ട യുവാവും ഭാര്യയും.

കഴിഞ്ഞ ദിവസം താപരിയയുടെ ഗ്രാമത്തിൽ നടന്ന മതപരമായ ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു യുവതിയുടെ ബന്ധുക്കൾ. യുവതിയുടെ സഹോദരങ്ങളും പിതാവും കേസിനെച്ചൊല്ലി തർക്കമുണ്ടായി. കേസ് പിൻവലിച്ച് യുവതിയെ തിരികെ ഭർത്താവിന്റെ വീട്ടിലേക്ക് അയക്കണമെന്നാവശ്യപ്പെട്ടതോടെയാണ് വാക്കേറ്റം ആരംഭിച്ചത്. തുടർന്ന് യുവതിയുടെ പിതാവും സഹോദരന്മാരും ചേർന്ന് യുവാവിനെ കത്തിയുപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ യുവാവിന്റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ , ആക്രമിക്കാൻ ശ്രമിച്ചു എന്ന പേരിൽ കൊല്ലപ്പെട്ട താപരിയയുടെയും ബന്ധുക്കളുടെയും പേരിൽ യുവതിയുടെ പിതാവും ബന്ധുക്കളും പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

അതേസമയം, ഏറ്റവും കൂടുതൽ ഗാ‌ർഹിക പീഡന പരാതികളും സ്ത്രീധന പീഡന മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നത് കേരളത്തിലാണ്. സംസ്ഥാനത്ത് സ്ത്രീധന പീഡന മരണങ്ങളിൽ ഗണ്യമായ കുറവ് വന്നിട്ടുണ്ടെങ്കിലും സ്ത്രീധന പീഡനങ്ങൾക്ക് യാതൊരു കുറവുമില്ലെന്ന് ദൈനം ദിന വാർത്തകളിൽ നിന്നും നമുക്ക് മനസ്സിലാക്കാം.

നാഷണൽ ക്രൈം റെക്കാർഡ്സ് ബ്യൂറോയുടെ 2011 മുതൽ 2023 ഒക്ടോബർ വരെയുള്ള കണക്ക് പ്രകാരം കഴിഞ്ഞ 12 വർഷത്തിനിടെ കേരളത്തിൽ റിപ്പോർട്ട് ചെയ്തത് 192 സ്ത്രീധന മരണങ്ങളാണ്. 32 പേർ മരിച്ച 2012ലാണ് ഏറ്റവും കൂടുതൽ മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. ആറ് മരണങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട 2020ലാണ് ഏറ്റവും കുറവ് സ്ത്രീധന മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. 2016-25, 2017-12, 2018-17, 2019-8, 2021-9 സ്ത്രീധന മരണങ്ങളും ഈ വർഷം ഒക്ടോബർ വരെ ഏഴ് സ്ത്രീധന മരണങ്ങളും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

സ്ത്രീധനം കൊടുക്കുന്നതും വാങ്ങുന്നതും നിയമപരമായി തെറ്റാണെന്ന ഉറച്ച ബോദ്ധ്യം മലയാളികൾക്ക് ഉണ്ടെങ്കിലും ഈ പ്രവൃത്തി മാറ്റി നിറുത്താൻ ഭൂരിഭാഗം പേരും തയ്യാറാകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. സ്ത്രീധന നിരോധന നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം സ്ത്രീധനം കൊടുക്കുന്നതോ വാങ്ങുന്നതോ അതിന് പ്രേരിപ്പിക്കുന്നതോ അഞ്ച് വർഷത്തിൽ കുറയാത്ത തടവും 15,000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. അപ്രകാരം വാങ്ങിയ സ്ത്രീധനം മൂന്ന് മാസത്തിനുള്ളിൽ വധുവിന് തിരികെ നൽകണം. അല്ലാത്തപക്ഷം ആറ് മാസത്തിൽ കുറയാത്തതും രണ്ട് വർഷം വരെ തടവും 5,000 മുതൽ 10,000 പിഴയും ലഭിക്കാവുന്നതാണ്.

Advertisement
Advertisement