ഹൈപ്പായി ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കുമരകത്തിന് അത് ഹോപ്പായി

Tuesday 21 May 2024 5:47 PM IST

കോട്ടയം: വേനൽച്ചൂട് ഹൗസ്ബോട്ട് വ്യവസായത്തിന് ക്ഷതമേൽപ്പിച്ചെങ്കിലും കുമരകത്തിന് തുണയായി ഡെസ്റ്റിനേഷൻ വെഡ്ഡിംഗ്. കുമരകത്തെ റിസോർട്ടുകൾക്കും ഹോംസ്റ്റേകൾക്കും പിടിച്ചുനിൽക്കാനായത് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് ബുക്കിംഗിലാണ്. മുൻ വർഷത്തേക്കാൾ 50 ശതമാനം അധികം കല്യാണം ഇക്കുറി കുമരകത്ത് നടന്നെന്നാണ് കണക്ക്.
ടൂറിസം വകുപ്പ് ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് പ്രോത്സാഹിപ്പിക്കുമ്പോൾ വിദേശികളും ഉത്തരേന്ത്യക്കാരും കല്യാണം കഴിക്കാൻ കുമരകം ഇഷ്ട ലൊക്കേഷനായി തിരഞ്ഞെടുത്തു. കായൽക്കാറ്റിന്റെ കുളിരിൽ താലിചാർത്തുന്നത് തരംഗമായി. റിസോർട്ടുകൾ കൂട്ടത്തോടെ ബുക്ക് ചെയ്തു. കോട്ടേജുകളും ഹോം സ്റ്റേകളും നിറഞ്ഞു. ചൂട് മൂലം സംസ്ഥാനത്താകെ വിനോദസഞ്ചാരികൾ കുറഞ്ഞപ്പോഴാണ് കുമരകത്തിന് അശ്വാസവഴി തെളിഞ്ഞത്. ജി 20 ഷെർപ്പ യോഗത്തിനായി കെ.ടി.ഡി.സിയിൽ പണിത ഓഡിറ്റോറിയം ഡെസ്റ്റിനേഷൻ വെഡ്ഡിംഗിന് നൽകുകയാണ്.

തദ്ദേശിയർക്കും ഗുണം

ഡെസ്റ്റിനേഷൻ വെഡ്ഡംഗ് തദ്ദേശിയർക്കും ചെറുതല്ലാത്ത വരുമാനമായി. ഫോട്ടോഗ്രാഫർമാരും ടാക്സി ഡ്രൈവർമാരും സന്തോഷത്തിലായി. വിവാഹത്തിന് ആവശ്യമുള്ള പച്ചക്കറിയും മീനുമെല്ലാം ഉത്തരവാദിത്വ ടൂറിസത്തിന്റെ ഭാഗമായി തദ്ദേശീയമായി എത്തിച്ചു. നാടൻ കലാരൂപങ്ങൾ അവതരിപ്പിച്ചത് പരമ്പരാഗത കലാകാരൻമാർക്ക് ഗുണകരമായി.

ഭക്ഷണശാലകൾക്ക് ചാകര

വിനോദസഞ്ചാരികൾ കുറഞ്ഞെങ്കിലും കുടുംബത്തോടെ ഭക്ഷണം കഴിക്കാൻ ആളുകളെത്തിയത് ഹോട്ടലുകൾക്കും ഷാപ്പുകൾക്കും ചാകരയായി. ഭക്ഷണം തേടി അന്യജില്ലകളിൽ നിന്ന് വരെ ആളുകളെത്തി.

നടന്നത് 68 കല്യാണം

സഞ്ചാരികളുടെ കുറവ് 50%

മൺസൂണിന് ഒരുങ്ങി

മൺസൂൺ ടൂറിസം പാക്കേജുകൾ

മഴ നനയാനും ആസ്വദിക്കാനും സംവിധാനം

പ്രതീക്ഷ അറബ് ടൂറിസ്റ്റുകളിൽ

വേനൽ കാലം പ്രതീക്ഷിച്ചപോലെ ഗുണകരമായില്ലെങ്കിലും ഡെസ്റ്റിനേഷൻ വെഡ്ഡിംഗാണ് പരിക്കില്ലാതെ പോകാൻ സഹായിച്ചത്. റെഡ് അലർട്ടും മറ്റും ആശങ്ക സൃഷ്ടിക്കുന്നുണ്ട്

ഷനോജ് ഇന്ദ്രപ്രസ്ഥം, ടൂറിസം സംരഭകൻ

Advertisement
Advertisement