മഴപ്പേടിയിൽ തലസ്ഥാനം പരമ്പര 3 പഠനങ്ങളും പ്രഖ്യാപനങ്ങളും മാത്രം

Wednesday 22 May 2024 6:41 AM IST

തിരുവനന്തപുരം: വേനൽ മഴയിൽ മുങ്ങിയ നഗരം കാലവർഷത്തിലും മുങ്ങുമെന്നതിൽ തർക്കമില്ല.വെള്ളക്കെട്ട് ഒഴിവാക്കാൻ പഠനങ്ങളും പ്രഖ്യാപനങ്ങളുമല്ലാതെ നഗരത്തിലൊന്നും നടപ്പാക്കുന്നില്ലെന്നതാണ് സത്യം. പാർവതി പുത്തനാറും കിള്ളിയാറും ഉൾപ്പെടെ ശുചിയാക്കാൻ കാലാകാലങ്ങളിൽ അനുവദിച്ച കോടിക്കണിന് രൂപ ചെലവഴിച്ചത് എങ്ങനെയെന്ന് കണ്ടുതന്നെ അറിയണം. പാർവതി പുത്തനാറിന് പുറമെ കിള്ളിയാർ, ആമയിഴഞ്ചാൻ തോട്, ഉള്ളൂർ തോട് തുടങ്ങി ചെറിയ തോടുകളുടെയും പേരിൽ നഗരസഭ പ്രഖ്യാപിച്ച പദ്ധതികൾ ചെറുതൊന്നുമല്ല. നിർഭാഗ്യവശാൽ ചെറിയ അനക്കംപോലും ആ പദ്ധതിക്കുണ്ടായിട്ടില്ല.

റൂർക്കി ഐ.ഐ.ടി പഠിച്ചു തീർന്നില്ലേ...

കഴിഞ്ഞതവണ തലസ്ഥാനം മുങ്ങിയപ്പോൾ അടുത്ത തവണ മുങ്ങില്ലെന്ന് ഉറപ്പിച്ചുപറഞ്ഞ നഗരസഭ ഭരണസമിതി കണ്ടുപിടിച്ചതാണ് വെള്ളപ്പൊക്ക പഠനം. ഇത്രയും വർഷം നഗരത്തിൽ വെള്ളം കയറിയിട്ടും എന്താണ് കാരണമെന്ന് അറിയാത്തതുകൊണ്ടാണ് വെള്ളപ്പൊക്ക ലഘൂകരണപഠനം നടത്താൻ അന്ന് പ്രഖ്യാപിച്ചത്. തുടർന്നാണ് റൂർക്കി ഐ.ഐ.ടിയെ കൊണ്ട് പഠനം നടത്താമെന്ന് ഭരണസമിതി തീരുമാനിച്ചത്. അതുപ്രകാരം അവരെ സമീപിച്ചു. പഠനം തുടങ്ങി. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ അത് അവസാനിച്ച മട്ടായി. ഓരോ വെള്ളപ്പൊക്കത്തിലും ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പ്രഖ്യാപനങ്ങളാണ് നഗരസഭ നടത്തുന്നതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ല.

പ്ളാനില്ലാത്ത മാസ്റ്റർപ്ളാൻ

പ്ളാനില്ലാതെ ഫയലുകളിൽ ഉറങ്ങുകയാണ് നഗരത്തിന്റെ മാസ്റ്റ‌ർപ്ളാൻ. മാസ്റ്റർപ്ലാൻ അന്തിമഘട്ടത്തിലെത്തുന്ന അവസരങ്ങളിലെല്ലാം പലതരത്തിലുള്ള എതിർപ്പുകൾ ഉയർന്നിട്ടുണ്ട്. വലിയ പ്രക്ഷോഭങ്ങൾക്കൊടുവിൽ നടപടികൾ പാതിവഴിയിൽ നിലച്ചു. എവിടെയൊക്കെ നിർമ്മാണമാകാം, അനുമതി നൽകാൻ പാടില്ലാത്ത സ്ഥലങ്ങൾ ഏതെല്ലാം,​ ഓടകൾ എവിടെ വേണം,മഴവെള്ള സംഭരണികൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ എവിടെയെല്ലാം സ്ഥാപിക്കണം തുടങ്ങിയ കാര്യങ്ങളിൽ വ്യക്തത വരുത്താൻ മാസ്റ്റർപ്ലാനിലൂടെ മാത്രമേ സാധിക്കൂ. ചർച്ചകളും ആലോചനായോഗങ്ങളും നേരത്തെ ആരംഭിച്ചാലും കാലവർഷം ആരംഭിക്കുന്നതിനൊപ്പമാകും ഭൂരിഭാഗം വാർഡുകളിലും ശുചീകരണം തുടങ്ങുക. മഴപെയ്യുന്നതോടെ സ്വാഭാവികമായും അത് നിലയ്ക്കും. ഇതാണ് പലയിടത്തും വ്യാപകമായി ഓടകൾ നിറയാൻ കാരണം. ശുചീകരണം നടത്തിയ സ്ഥലങ്ങളിൽ പിന്നെ അടുത്തവർഷമായിരിക്കും തിരിഞ്ഞുനോക്കുക. ഒരു മഴ കഴിഞ്ഞാൽ മാലിന്യങ്ങളും മണ്ണും ഓടയിൽ നിറയും. ഇത് യഥാസമയം മാറ്റി അടുത്ത മഴയ്ക്ക് മുൻപേ ഓടകൾ വൃത്തിയാക്കാൻ തയ്യാറാകാറില്ല. ഇതാണ് ഇടവിട്ട് മഴയിൽ തലസ്ഥാന നഗരം മുങ്ങാനുള്ള പ്രധാന കാരണം.

Advertisement
Advertisement