പാപനാശം കുന്നുകൾ തകർച്ചയിൽ

Wednesday 22 May 2024 1:07 AM IST

വർക്കല: യുനസ്കോയുടെ പൈതൃക പട്ടികയിൽ ഇടംനേടിയ വർക്കല പാപനാശം കുന്നുകൾ തകർച്ചയുടെ വക്കിൽ. കടൽക്ഷോഭത്തെയും കാലവർഷത്തെയും അതിജീവിക്കാനുള്ള ശേഷി ഇന്ന് കുന്നുകൾക്കില്ല. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത വേനൽമഴയിലും നോർത്ത് ക്ലിഫ് ഭാഗത്തെകുന്നിടിഞ്ഞു. കുന്നിൻ മുകളിലെ സ്ഥാപനങ്ങളിൽ നിന്നുള്ള മാലിന്യം കുന്നിലെ നടപ്പാതയ്ക്ക് അടിയിലൂടെ പൈപ്പുകൾ സ്ഥാപിച്ചാണ് ഒഴുക്കി വിടുന്നത്. പലതവണ പരാതി പറഞ്ഞിട്ടും പ്രശ്നത്തിന് പരിഹാരം കാണാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. പാപനാശം കുന്നുകൾ കയർ ഭൂവസ്ത്രം ഉപയോഗിച്ചോ മറ്റു പ്രകൃതിദത്തമായ സംവിധാനങ്ങളോ ഏർപ്പെടുത്തി സംരക്ഷിക്കണമെന്നാണ് പ്രകൃതി സ്നേഹികളുടെ ആവശ്യം.അപകടാവസ്ഥ നിലനിൽക്കുന്ന ഇടങ്ങളിൽ കഴിഞ്ഞദിവസം വർക്കല നഗരസഭ ചെയർമാൻ കെ.എം.ലാജി, സെക്രട്ടറി,തഹസീൽദാർ , റവന്യു ഉദോഗസ്ഥർ എന്നിവർ സന്ദർശിച്ചു.

 നിലവിലെ അവസ്ഥ

 നടപ്പാതയോടു ചേർന്നുള്ള മിക്കയിടങ്ങളും ഏത് നിമിഷവും ഇടിഞ്ഞു വീഴും

കുന്നിന്റെ ഉൾവശം ദുർബലമാണ്. വെള്ളം ഊർന്നിറങ്ങി കുന്നിടിയാൻ സാദ്ധ്യത

 പ്രകൃതിചികിത്സ കേന്ദ്രത്തോടു ചേർന്ന് പാരാഗ്ലൈഡിംഗ് നടത്തുന്ന ഭാഗത്തെ കുന്നിൽ വിള്ളൽ വീണു, ഇവിടം മണ്ണിട്ട് നികത്തി.

 പലയിടങ്ങളിലും സുരക്ഷാവേലികളും തകർന്നു.

തിരുവമ്പാടി മുതൽ ആലിയിറക്കം വരെയുള്ള പാപനാശം ക്ലിഫിന്റെ മിക്ക ഭാഗങ്ങളും ശ്രീയേറ്റ്, മാന്തറ, വെറ്റക്കട ഭാഗത്തെ കുന്നുകളും അപകട ഭീഷണിയിലാണ്.

 ജാഗ്രത വേണം

അപകടഭീഷണി നിലനിൽക്കുന്നതിനാൽ ജാഗ്രതാമുന്നറിയിപ്പ് ബോർഡുകൾ ക്ലിഫിൽ പലയിടങ്ങളിലായി നഗരസഭ സ്ഥാപിച്ചിട്ടുണ്ട്. അപകടമുന്നറിയിപ്പ് ബോർഡുകൾ അവഗണിച്ചുകൊണ്ട് സഞ്ചാരികൾ പ്രകൃതിഭംഗി ആസ്വദിക്കുന്നതിനായി ഇവിടേക്ക് എത്തുന്നു.

 സംരക്ഷണം ഉറപ്പാക്കണം

മുൻ വർഷങ്ങളിലും കാലവർഷം ശക്തമാകുമ്പോൾ കുന്നിടിഞ്ഞിരുന്നു. 2013ൽ കുന്ന് വലിയ തോതിൽ ഇടിഞ്ഞു വീണപ്പോൾ ജില്ലാ കളക്ടറുടെ നേതൃത്വത്തിലുള്ള സംഘം ക്ലിഫ് സന്ദർശിക്കുകയും ജിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ, സെസ്, ജിയോളജി വകുപ്പ് എന്നിവ സംയുക്തമായി അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭ പദ്ധതിയായി രാജ്യത്തെ ആദ്യ ജിയോപാർക്ക് വർക്കലയിൽ സ്ഥാപിക്കുന്നതിനും 2019 ൽ നടപടികൾ സ്വീകരിച്ചിരുന്നു. കൊവിഡ് പ്രതിസന്ധിയിൽ പദ്ധതികളെല്ലാം അവതാളത്തിലായി. നോർവീജിയൻ ജിയോടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ നാച്വറൽ ഹസാഡ്സ് ഡയറക്ടർ ഡോമനിക് ലാംഗ് 2022 നവംബറിൽ പാപനാശം സന്ദർശിക്കുകയും കുന്നുകൾ സംരക്ഷിക്കുന്നതിനുള്ള പദ്ധതികൾ സംസ്ഥാനസർക്കാരുമായി ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
കേന്ദ്ര എർത്ത് സയൻസ് സംഘത്തിന്റെ റിപ്പോർട്ടിനെ തുടർന്ന് വിശദ പഠനത്തിനായി കേന്ദ്രസർക്കാർ ദേശീയ ഭൗമശാസ്ത്രപഠന കേന്ദ്രത്തിന് തുക അനുവദിക്കുകയും ചെയ്തു. കർണ്ണാടകയിലെ ഉളാൾ, പോണ്ടിച്ചേരി എന്നിവിടങ്ങളിലെ കടൽത്തീരങ്ങൾ സംരക്ഷിച്ച മാതൃകയിൽ പാപനാശം കടൽത്തീരവും കുന്നുകളും സംരക്ഷിക്കാനാണ് ഉദ്ദേശിച്ചിരുന്നത്.

Advertisement
Advertisement