അനുരാഗ് കശ്യപ് ചിത്രത്തിൽ അരങ്ങേറ്റം ജോജു ജോർജ് ബോളിവുഡിൽ

Wednesday 22 May 2024 6:00 AM IST

അനുരാഗ് കശ്യപ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ പ്രിയതാരം ജോജു ജോർജ് ബോളിവുഡിൽ. മുംബയ്‌യിൽ ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റ ബോബി ഡിയോൾ, സന്യ മൽഹോത്ര, സബ ആസാദ് തുടങ്ങിയവരാണ് മറ്റു താരങ്ങൾ. പ്രതിനായകവേഷം ആണ് ജോജു ജോർജ് അവതരിപ്പിക്കുന്നത് എന്നാണ് വിവരം. മണിരത്നം - കമൽഹാസൻ ചിത്രം തഗ് ലൈഫിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വേളയിലാണ് ജോജു ജോർജിന്റെ ബോളിവുഡ് പ്രവേശം. നടൻ, നിർമ്മാതാവ്, ഗായകൻ, എന്നീ നിലകളിൽ തിളങ്ങുന്ന ജോജു പണി എന്ന ചിത്രത്തിലൂടെ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും കുപ്പായം കൂടി അണിഞ്ഞു. അതേസമയം കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യചിത്രത്തിൽ പ്രതിനായകനായി ജോജു ജോർജ് എത്തുന്നുണ്ട്. പൂജ ഹെഗ്ഡെ ആണ് നായിക. കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്ത ജഗമേ തന്തിരം എന്ന ചിത്രത്തിലൂടെയാണ് ജോജു തമിഴിൽ എത്തുന്നത്.ആദികേശവ എന്ന ചിത്രത്തിലൂടെയാണ് തെലുങ്ക് അരങ്ങേറ്രം.

മഴവിൽ കൂടാരം എന്ന ചിത്രത്തിൽ കോളേജ് വിദ്യാർത്ഥിയുടെ വേഷം അവതരിപ്പിച്ചാണ് ജോജു ജോർജിന്റെ വെള്ളിത്തിര പ്രവേശം..

നിരവധി ചിത്രങ്ങളിൽ ചെറിയ വേഷത്തിൽ അഭിനയിച്ചു. എം. പദ്മകുമാർ സംവിധാനം ചെയ്ത ജോസഫ് ആണ് കരിയറിൽ വഴിത്തിരിവാകുന്നത്. ജോസഫിലെ അഭിനയത്തിന് മികച്ച നടൻ എന്ന സംസ്ഥാന അംഗീകാരവും ദേശീയ ചലച്ചിത്ര അവാർഡ് ജൂറിയുടെ പ്രത്യേക പരാമർശം നേടുകയും ചെയ്തു. നായാട്ട്, മധുരം, ഒരു താത്വിക അവലോകനം, പട, പീസ്, ഇരട്ട, തുറമുഖം, പുലിമട, ആന്റണി തുടങ്ങിയവയാണ് ശ്രദ്ധേയ ചിത്രങ്ങൾ.

കരിം സംവിധാനം ചെയ്ത ആരോ ആണ് അവസാനം റിലീസ് ചെയ്ത ചിത്രം.

Advertisement
Advertisement