ഫിറ്റ്നസ് സ്‌കൂൾ ബസുകൾക്ക് പോര ഡ്രൈവർമാർക്കും പരിശോധന

Tuesday 21 May 2024 8:11 PM IST

കണ്ണൂരിൽ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന 29 മുതൽ 31വരെ

കണ്ണൂർ:അദ്ധ്യയന വർഷം ആരംഭിക്കാനിരിക്കെ സ്കൂൾ ബസുകളുടെ ഫിറ്റ്നസ് ഉറപ്പു വരുത്താനുള്ള നടപടികളുമായി മോട്ടോർ വാഹന വകുപ്പ്. ജില്ലയിൽ സ്‌കൂൾ ബസുകളുടെ ഫിറ്റ്നസ് പരിശോധന 29മുതൽ 31 തിയതികളിൽ നഗരത്തിലെ വിവിധ ഗ്രൗണ്ടുകളിലായി നടക്കും.കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി കൃത്യമായി പരിശോധിച്ചതിന് ശേഷം മാത്രമേ സ്‌കൂൾ ബസുകൾക്ക് സർവീസിന് അനുമതി നൽകുകയുള്ളുവെന്ന് അധികൃതർ പറഞ്ഞു.

പരിശോധനയിൽ പാസാകുന്ന വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് ചെക്ക്ഡ് സ്റ്റിക്കർ പതിപ്പിക്കും. അല്ലാത്ത വാഹനങ്ങൾക്ക് സർവിസ് നടത്താൻ അനുമതിയില്ല. നിലവിൽ ബ്രേക്കിന് വരുന്ന ബസുകൾ പരിശോധിച്ച് മോട്ടോർ വാഹന വകുപ്പ് ചെക്ക്ഡ് സ്റ്റിക്കർ പതിപ്പിക്കുന്നുണ്ട്. ഇവ വീണ്ടും പരിശോധനയ്ക്ക് ഹാജരാകേണ്ടതില്ല.

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പേരിൽ രജിസ്റ്റർ ചെയ്ത ബസുകൾ ഉൾപ്പെടെയുള്ള മുഴുവൻ വാഹനങ്ങളുടെ പരിശോധന സ്‌കൂൾ തുറക്കുന്നതിന് മുന്നോടിയായി നടക്കും. ടയറുകൾ, വൈപ്പർ, എമർജൻസി വാതിലുകൾ, ലൈറ്റുകൾ, ഇൻഡിക്കേറ്റർ എന്നിവയെല്ലാം പ്രവർത്തനക്ഷമമായിരിക്കണം. അറ്റകുറ്റപ്പണികൾ യഥാവിധം പൂർത്തിയാക്കിയ വാഹനങ്ങൾ പരിശോധിച്ച് സർവിസിന് യോഗ്യമാണെന്ന് കണ്ടാൽ മാത്രമേ സർട്ടിഫിക്കറ്റ് നൽകുകയുള്ളു. സ്‌കൂൾ തുറക്കാൻ രണ്ടാഴ്ച മാത്രം ബാക്കിയുള്ളപ്പോഴും മിക്ക സ്‌കൂൾ ബസുകളും അറ്റകുറ്റപണിക്കായി വർക്ക്ഷോപ്പിൽ കയറ്റിയിട്ടിരിക്കുകയാണ്.അദ്ധ്യയന വർഷം ആരംഭിച്ചാലും നിയമലംഘനങ്ങൾ തടയാൻ പരിശോധനകൾ തുടരാൻ തന്നെയാണ് മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം.

ഡ്രൈവർമാർക്കും ക‌ർശ്ശന പരിശോധന

സ്‌കൂൾ വാഹനം ഓടിക്കുന്ന ഡ്രൈവർമാരുടെ കാര്യത്തിലും മോട്ടോർ വാഹനവകുപ്പ് കർശന പരിശോധന നടത്തി വരുന്നുണ്ട്. കുട്ടികളുടെ പേര് വിവരങ്ങൾ സൂക്ഷിക്കുന്നതുൾപ്പെടെ സ്‌കൂൾ വാഹനങ്ങളുമായി ബന്ധപ്പെട്ട് സർക്കാർ പുറപ്പെടുവിച്ച യാത്രാ നിർദേശങ്ങൾ സ്‌കൂൾ ഉടമകളും വാഹന ഡ്രൈവർമാരും കർശനമായി പാലിക്കണമെന്ന് മോട്ടോർവാഹന വകുപ്പ് നിർദേശിച്ചു.

ഡ്രൈവർമാരായി നിർത്തില്ല

കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവർ

സ്വഭാവ ദൂഷ്യങ്ങളുള്ളവർ

മദ്യപാനികൾ

ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നവർ

സ്കൂൾ ബസ്സുകളുടെ ഫിറ്റ്നസ് പരിശോധന കർശ്ശനമായി നടക്കും.സ്കൂൾ വാഹനങ്ങളോടൊപ്പം തന്നെ ഡ്രൈവ‌ർമാരുടെ ഹിസ്റ്ററിയും ഗൗരവത്തോടെ പരിശോധിക്കും.സ്‌കൂൾ വർഷാരംഭത്തിന് മുമ്പ് ഫിറ്റ്നസ് ഉറപ്പാക്കാത്ത വാഹനങ്ങൾ നിരത്തിലിറങ്ങിയാൽ പിടിച്ചെടുക്കും.

ഒ.പ്രമോദ് ,ആർ.ടി.ഒ ,കണ്ണൂർ

Advertisement
Advertisement