മഴക്കാലത്തെ ശ്രദ്ധക്കുറവ് ഇല്ലാതാക്കുന്നത് വിലപ്പെട്ട ജീവനുകൾ

Wednesday 22 May 2024 12:30 AM IST

കനത്ത ചൂടിൽ കേരളത്തിന് ആശ്വാസമായി മഴ എത്തിയെങ്കിലും ആശങ്കയൊഴിയുന്നില്ല. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതചുഴിയും വടക്കൻ കർണാടക വരെ ന്യൂന മർദ്ദ പാത്തിയും രൂപപ്പെട്ടതോടെ ചുവപ്പ്, മഞ്ഞ, ഓറഞ്ച്, നിറങ്ങൾക്കനുസരിച്ച് സംസ്ഥാനവും ജാഗ്രതയിലായി. പലയിടത്തും അതിതീവ്ര മഴയാണ്. ശക്തമായ കാറ്റും മോശം കാലാവസ്ഥയും കണക്കിലെടുത്ത് പലയിടത്തും ജാഗ്രതാ നിർദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. കടലിൽ പോകുന്നവർ മുതൽ റോഡിലൂടെ നടന്നു പോകുന്നവർ വരെ ശ്രദ്ധിക്കേണ്ട അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. കനത്തകാറ്റിലും മഴയിലും മരങ്ങളും കെട്ടിടങ്ങളും വീണും മഴയിൽ വെെദ്യുത ലെെനുകൾ പൊട്ടിവീണും ഇതിനകംതന്നെ മനുഷ്യജീവനുകൾ നഷ്ടമായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസമാണ് കോഴിക്കോട് കുറ്റിക്കാട്ടൂരിൽ കേടായ സ്കൂട്ടർ മഴയത്ത് കടവരാന്തയിലേക്ക് കയറ്റി നിറുത്തുന്നതിനിടെ ഇരുമ്പുതൂണിൽ നിന്ന് ഷോക്കേറ്റ് പൂവാട്ടുപറമ്പ് ആനക്കുഴിക്കര പുതിയോട്ടിൽ മുഹമ്മദ് റിജാസ് (18) മരണത്തിന് കീഴടങ്ങിയത്. സംഭവത്തിൽ തൂണിൽ ഷോക്കുണ്ടെന്ന് ഉടമ കെ.എസ്.ഇ.ബിയിൽപരാതിപ്പെട്ടെങ്കിലും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ കാര്യമായി പരിശോധന നടത്താത്തതാണ് യുവാവിന്റെ മരണത്തിന് വഴിയൊരുക്കിയതെന്നാണ് പുറത്തു വരുന്ന വാർത്തകൾ ചൂണ്ടിക്കാട്ടുന്നത്. മുഹമ്മദ് റിജാസ് കയറിനിന്ന കടയിലെ വയറിംഗും, അതുപോലെ സർവീസ് വയറിലും ചോർച്ചയുണ്ടായിരുന്നു എന്നാണ് കെ.എസ്.ഇ.ബി.യുടെ ഇപ്പോഴത്തെ കണ്ടെത്തൽ. സംഭവത്തെതുടർന്ന് കെ.എ.സ്.ഇ.ബി ഉദ്യോഗസ്ഥർക്കെതിരെ പരാതിയുമായി റിജാസിന്റെ കുടുംബം രംഗത്തെത്തിയിരുന്നു.

പൂർത്തിയാകാതെ മുന്നൊരുക്കം

കാലവർഷം തുടങ്ങുമ്പോൾ മുതൽ എല്ലാതവണയും നിർദ്ദേശങ്ങൾ ആവർത്തിക്കപ്പെടുന്നതാണ്. എന്നിട്ടും ഇത്തരം സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടേയിരിക്കുകയാണ്. മുന്നറിയിപ്പുനൽകുന്നത് ജനങ്ങൾക്ക് മാത്രമല്ല. അത് പാലിക്കാനുള്ള ഉത്തരവാദിത്വം അധികൃതർക്കുമുണ്ട്. മഴയത്ത് വൈദ്യുത ലൈൻ പൊട്ടിവീണ് തൂണിൽ ഷോക്കുണ്ടെന്ന് നേരത്തെ പരാതി നൽകിയിട്ടും കെ.എസ്.ഇ.ബിയിൽ നിന്ന് വേണ്ടത്ര ശ്രദ്ധയുണ്ടായിരുന്നില്ല. അപകട സാഹചര്യം മുൻകൂട്ടി കണ്ടാണ് കടയുടമ കെ.എസ്.ഇ.ബി.യെ വിവരമറിയിച്ചിരുന്നു. എന്നാൽ അധികൃതരുടെ വെെകിയ നടപടി മൂലം ഇല്ലാതായത് ഒരു മനുഷ്യജീവനാണ്. കെ.എസ്.ഇ.ബിയുടെ അനാസ്ഥക്കെതിരെ നാട്ടുകാരുടെ ശക്തമായ പ്രതിഷേധം ഉയരുന്നുണ്ട്. കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ നടപടിയെടുക്കുമെന്നാണ് വൈദ്യുതി മന്ത്രി അറിയിച്ചിരുന്നത്.

അറിയിച്ചിട്ടും നടപടിയില്ല

സ്വകാര്യ വ്യക്തിയുടെ കടയുടെ മേൽക്കൂരയിൽ തട്ടിനിന്ന വൈദ്യുതി ലൈനിൽ നിന്ന് തൂണിലേക്ക് വൈദ്യുതി പ്രവാഹമുണ്ടായത്. കഴിഞ്ഞ ദിവസത്തെ കാറ്റിലും മഴയിലും സമീപത്തെ മരത്തിന്റെ കൊമ്പ് വൈദ്യുതി ലൈനിലേക്ക് ചാഞ്ഞതാണ് മേൽക്കൂരയിൽ ലൈൻ തട്ടാൻ കാരണം. കടയുടെ മുകളിലെ മരത്തിൽ വൈദ്യുത ലൈൻ തട്ടിനിൽക്കുന്നത് വഴിയും കടയിലേക്ക് വൈദ്യുത പ്രവാഹമുണ്ടെന്ന് പരാതിപ്പെട്ടിരുന്നതായി നാട്ടുകാരും പറയുന്നുണ്ട്. മേൽക്കൂരയെ താങ്ങി നിറുത്തുന്ന തൂണിൽ നിന്നാണ് ഷോക്കേറ്റത്. കിണാശേരിയിലെ ഹോട്ടലിൽ നിന്ന് ജോലി കഴിഞ്ഞു വരുന്നതിനിടെയാണ് റിജാസിന്റെ സ്കൂട്ടർ കേടായത്. തുടർന്ന് വീട്ടിലേക്ക് പോകാൻ സഹോദരനെ വിളിച്ചു. അതിനിടെ ബൈക്ക് കടവരാന്തയിലേക്ക് കയറ്റുന്നതിനിടെയായിരുന്നു അപകടം. അബദ്ധത്തിൽ തൂണിൽ പിടിക്കുകയായിരുന്നു.ആസമയം അവിടെയെത്തിയ സഹോദരൻ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇയാൾക്കും ഷോക്കേറ്റു. ഇതിനു മുമ്പ് മറ്റൊരാൾക്കും ഇവിടെനിന്ന് ഷോക്കേറ്റിരുന്നു.

കാലവർഷത്തിൽ കരുതൽ

മഴയും കാറ്റും ശക്തമായതോടെ നമ്മൾ സഞ്ചരിക്കുന്ന വഴികളിലും വൈദ്യുതലൈൻ പൊട്ടിവീണ് അപകടങ്ങളുണ്ടാകാനുള്ള സാഹചര്യമുണ്ട്. വൈദ്യുതലൈൻ പൊട്ടിവീണത് ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ കെ.എസ്.ഇ.ബി.യിൽ വിവരമറിയിച്ച് വൈദ്യുതി വിച്ഛേദിച്ചുവെന്ന് ഉറപ്പുവരുത്തണം.

1. പൊതുസ്ഥലങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്‌ഫോർമറുകൾ, പോസ്റ്റുകൾ, ലൈനുകൾ മറ്റ് ഇലക്ട്രിക് ഉപകരണങ്ങൾ, എന്നിവയുടെ സമീപത്തേക്ക് പോകാതിരിക്കുക.

2. ഇലക്ട്രിക് ലൈനുകളിലും ട്രാൻസ്‌ഫോർമറുകളിലും അപകടകരമായതോ, അസാധാരണമായതോ ആയ എന്തെങ്കിലും ശ്രദ്ധയിൽ പെട്ടാൽ അടുത്തുള്ള സെക്ഷൻ ഓഫീസിൽ അറിയിക്കണം. 1912 എന്ന ട്രോൾ ഫ്രീ നമ്പരിലും അറിയിക്കാവുന്നതാണ്.

3. ശിഖരങ്ങളും മരങ്ങളും വീണ് വൈദ്യുതി കമ്പി പൊട്ടിവീണിരിക്കുവാൻ സാദ്ധ്യതയുള്ളതിനാൽ പൊതു നിരത്തുകളിലും മറ്റും യാത്ര ചെയ്യമ്പോൾ വളരെയേറെ ശ്രദ്ധിച്ച് നടക്കുക. പരിചിതമല്ലാത്ത റോഡിലൂടെയുള്ള യാത്രകൾ കഴിവതും ഒഴിവാക്കുക.

4. കെട്ടിടത്തിനകത്തും പുറത്തും നൽകിയിരിക്കുന്ന മുഴുവൻ താത്കാലിക വൈദ്യുതി കണക്ഷനുകളും വിച്ഛേദിക്കുക. കെട്ടിടത്തിന് പുറത്ത് സ്ഥാപിച്ചിരിക്കുന്നതും, വെള്ളം കയറിയതുമായ സ്ഥലങ്ങളിലെ മോട്ടോറുകൾ, ലൈറ്റുകൾ, മറ്റുപകരണങ്ങൾ എന്നിവയിലേക്കുള്ള വൈദ്യുതി ബന്ധം ഉടൻ തന്നെ വിച്ഛേദിക്കണം.

5. ജനറേറ്ററുകൾ, ഇൻവർട്ടറുകൾ എന്നിവ അടിയന്തര ആവശ്യങ്ങൾക്ക് മാത്രം പ്രവർത്തിപ്പിക്കുക. ആവശ്യമെങ്കിൽ പ്രവർത്തിക്കുമ്പോൾ സുരക്ഷിതമായി പ്രവർത്തിപ്പിക്കുവാനും, ഉപയോഗിക്കുവാനും വളരെയേറെ ശ്രദ്ധിക്കുക

6. കെട്ടിടത്തിന്റെ താഴത്തെ നിലയിലെ തറനിരപ്പിൽ വെള്ളം കയറുന്നതിനു മുൻപായി തന്നെ മെയിൻ സ്വിച്ച് ഓഫ് ചെയ്യുക. വൈദ്യുതി ബോർഡിനോട് ആവശ്യപ്പെട്ട് കണക്ഷൻ വിച്ഛേദിക്കുക.

അശ്രദ്ധ അരുത്

സ്വയംസുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പംതന്നെ തങ്ങളുടെ ചുറ്റുമുള്ളവരുടെ സുരക്ഷയും നാം ഉറപ്പ് വരുത്തേണ്ടതുണ്ട്. അപകടാവസ്ഥയിലുള്ള മരങ്ങൾ, ബോർഡുകൾ, കട്ടൗട്ടുകൾ എന്നിവ ഉടമകൾ സ്വന്തംനിലയ്ക്ക് നീക്കുകയോ അധികൃതരെ വിവരമറിയിക്കുകയോ ചെയ്യണം. മഴക്കാലരോഗങ്ങളെയും പകർച്ചവ്യാധികളേയും കരുതിയിരിക്കണം.മുന്നറിയിപ്പുകൾ അവഗണിച്ചോ അശ്രദ്ധകൊണ്ടോ അപകടങ്ങൾ ക്ഷണിച്ചുവരുത്താതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം.

Advertisement
Advertisement