കെ. അനിരുദ്ധൻ വിടവാങ്ങിയിട്ട് ഇന്ന് എട്ടു വർഷം അനിരുദ്ധൻ എന്ന അഗ്നിജ്വാല

Wednesday 22 May 2024 12:35 AM IST

തലസ്ഥാനത്തെ തലയെടുപ്പുള്ള തൊഴിലാളി നേതാവായിരുന്ന കെ. അനിരുദ്ധൻ അന്തരിച്ചിട്ട് ഇന്ന് എട്ടുവർഷം തികയുന്നു. ചുമട്ടുതൊഴിലാളികൾ, തോട്ടി തൊഴിലാളികൾ തുടങ്ങി സമൂഹത്തിന്റെ താഴേക്കിടയിലേക്ക് തള്ളപ്പെട്ടവരുടെ മുതൽ സമസ്തവിഭാഗം തൊഴിലാളികളുടെയും പകരംവയ്ക്കാനില്ലാത്ത നേതാവായിരുന്നു അനിരുദ്ധൻ. പൊലീസ്,​ ഗുണ്ടാ അതിക്രമങ്ങൾക്കെതിരെ നെഞ്ചുവിരിച്ചെത്തുന്ന അനിരുദ്ധൻ സഖാവിനെ തൊഴിലാളികൾക്ക് ഒരിക്കലും മറക്കാനാവില്ല.

പാർലമെന്റ് അംഗം,​ നിയമസഭാംഗം,​ ജില്ലാ കൗൺസിൽ പ്രസിഡന്റ്,​ നഗരസഭാ കൗൺസിലർ തുടങ്ങി പൊതുപ്രവർത്തനത്തിന്റെ വിവിധ തുറകളിൽ അനിരുദ്ധൻ വ്യക്തിമുദ്ര അടയാളപ്പെടുത്തി. നടൻ മധുവിന്റെ പിതാവ് പരമേശ്വരൻ പിള്ളയ്‌ക്കെതിരെ മത്സരിച്ചായിരുന്നു,​ കോർപ്പറേഷൻ കൗൺസിലിലേക്ക് അനിരുദ്ധന്റെ രംഗപ്രവേശം. പട്ടം താണുപിള്ളയ്‌ക്കെതിരെ നിയമസഭയിലേക്കു മത്സരിച്ച് നേരിയ വ്യത്യാസത്തിൽ പരാജയപ്പെട്ടെങ്കിലും പിന്നീട് ഗവർണറാകാൻ പട്ടം രാജിവച്ചതിനെ തുടർന്നുണ്ടായ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാംഗമായി.

വിദ്യാർത്ഥി ജീവിതകാലത്ത് അനിരുദ്ധൻ സോഷ്യലിസ്റ്റായിരുന്നു. യൂണിവേഴ്സിറ്റി യൂണിയൻ സെക്രട്ടറിയായിരിക്കെ കമ്മ്യൂണിസ്റ്റ് പാർട്ടിയോട് ആഭിമുഖ്യം പുലർത്തിയിരുന്ന അനിരുദ്ധന്റെ സഹപാഠികളായിരുന്നു,​ പി. വിശ്വംഭരൻ, പി.കെ.വി, കെ. പങ്കജാക്ഷൻ, കെ.എം. മാണി, ആർ. ബാലകൃഷ്ണപിള്ള തുടങ്ങിയ മഹാരഥന്മാർ. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പിളർപ്പിനെ തുടർന്ന് ജയിൽവാസ കാലത്ത് മുൻ മുഖ്യമന്ത്രി ആർ. ശങ്കറിനെതിരെ ആറ്റിങ്ങലിൽ മത്സരിച്ച് വിജയിച്ചെങ്കിലും ആ നിയമസഭ കൂടിയില്ല.

ബന്ധനസ്ഥനായ അനിരുദ്ധന്റെ ചിത്രവുമായി വോട്ടുപിടിക്കാൻ അന്നിറങ്ങിയത്,​ മൂന്നു വയസ്സുള്ള പുത്രൻ സമ്പത്ത് ആയിരുന്നു. പേട്ടയിലെ ചുമട്ടുതൊഴിലാളി ആയിരുന്ന ഗണപതിയുടെ തോളിലിരുന്നായിരുന്നു ആ വോട്ടുപിടിത്തം! തുടർന്ന് പാർലമെന്റിലും ശങ്കറെ തോൽപ്പിച്ച് അനിരുദ്ധൻ എം.പി ആയി. (അതേ ലോക്‌സഭാ മണ്ഡലത്തിൽ നിന്നുതന്നെ പുത്രൻ എ. സമ്പത്ത് മൂന്നു തവണ പാർലമെന്റ് അംഗമായത് കൗതുകം. സമ്പത്തും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ ആയിരുന്നു).

അനിരുദ്ധൻ എം.പി ആയിരുന്നപ്പോൾ മലയാളിയായ കെ. അനന്തൻ നമ്പ്യാർ തമിഴ്‌നാട്ടിൽ നിന്നുള്ള എം.പി ആയിരുന്നു. റെയിൽവേ തൊഴിലാളി നേതാവായ അനന്തൻ നമ്പ്യാർ 1968-ലെ കേന്ദ്ര ജീവനക്കാരുടെ അഖിലേന്ത്യാ പണിമുടക്കുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് എത്തിയപ്പോൾ,​ അന്നു വിദ്യാർത്ഥിയായിരുന്ന എന്നെയാണ് നമ്പ്യാരെ അനുഗമിക്കാൻ നിയോഗിച്ചത്. പിന്നീട് ഞാൻ റെയിൽവേ തൊഴിലാളിയായി. അടിയന്തരാവസ്ഥക്കാലത്ത് അനിരുദ്ധനോടൊപ്പം ജയിലിൽ കഴിയാനും ഇടയായി.

എന്നെ 'റെയിൽവേ ബാബു" എന്ന് ആദ്യം വിളിച്ചത് അനിരുദ്ധൻ സഖാവ് ആയിരുന്നു. പിന്നെ ഇ.കെ. നായനാരും ഗൗരിഅമ്മയും ടി.കെ. രാമകൃഷ്ണനും ഉൾപ്പെടെ മുതിർന്ന നേതാക്കളൊക്കെ അങ്ങനെ വിളിച്ചു. തിരുവനന്തപുരത്ത് ദീർഘകാലം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റായിരുന്നു. അദ്ദേഹം പ്രസിഡന്റായിരുന്ന റെയിൽവേ ലൈസൻസ്ഡ് പോർട്ടേഴ്സ് ഫെഡറേഷന്റെ സെക്രട്ടറിയായി ഞാനും പ്രവർത്തിച്ചു.

2008 ഒക്ടോബറിലാണ് അനിരുദ്ധൻ ശയ്യാവലംബിയാകുന്നത്. എൻജിനിയറിംഗ് ബിരുദാനന്തര ബിരുദധാരിയായ ഇളയ മകൻ കസ്‌തൂരി അദ്ദേഹത്തെ പരിചരിക്കാൻ മാത്രമായി ജോലി ഉപേക്ഷിച്ച്,​ അച്ഛന്റെ മരണംവരെ കൂടെനിന്നു. ഈ കാലയളവിൽ സഖാവിന്റെ നിർബന്ധപ്രകാരം ഇ - ടോയ്‌ലറ്റ് പോലുള്ള പലതും കണ്ടുപിടിക്കാനും കസ്‌തൂരി നിർബന്ധിതനായി! പദ്‌മനാഭസ്വാമി ക്ഷേത്രത്തിൽ മാലിന്യമുക്തമായ ഗോശാല പണിതു നൽകി. ചന്ദനമുട്ടി അരയ്‌ക്കുവാനുള്ള യന്ത്രം സ്വന്തമായി നിർമ്മിച്ചു നൽകി. പൊതുമുതൽ വിറ്റുതുലയ്ക്കുകയും കോർപ്പറേറ്റ്‌വത്കരണം അടിച്ചേല്പിക്കുകയും ചെയ്യുന്ന വർഗീയവാദികൾക്കെതിരായ പോരാട്ടത്തിന്,​ തൊഴിലെടുക്കുന്നവർക്കായി ജീവിതാന്ത്യം വരെ അക്ഷീണം യത്നിച്ച സഖാവിനെപ്പോലുള്ളവരുടെ ദീപ്തസ്മരണ ഊർജ്ജമാകട്ടെ.

(തിരുവനന്തപുരം ഡിവിഷനിലെ റെയിൽവേ ലൈസൻസ്‌ഡ് പോർട്ടേഴ്സ് ഫെഡറേഷൻ- സി.ഐ.ടി.യു- പ്രസിഡന്റ് ആണ് ലേഖകൻ)​

Advertisement
Advertisement