അവയവമെടുക്കാൻ മനുഷ്യക്കടത്ത്: മുഖ്യ ഇടനിലക്കാരൻ ഇറാൻ മലയാളി

Wednesday 22 May 2024 1:40 AM IST

കൊച്ചി/നെടുമ്പാശേരി: അന്താരാഷ്ട്ര അവയവക്കച്ചവടത്തിലെ പ്രധാനി ഇറാനിൽ സ്ഥിരതാമസമാക്കിയ എറണാകുളം സ്വദേശി. ഇയാളെ നാട്ടിലെത്തിക്കാൻ പൊലീസ് നടപടികൾ ആരംഭിച്ചു. ഹൈദരാബാദ് കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ ഒരാൾ കൂടി പിടിയിലായതാണ് വിവരം. കഴിഞ്ഞ ദിവസം പിടിയിലായ ഇടനിലക്കാരൻ തൃശൂർ വലപ്പാട് എടമുട്ടം കോരുകുളത്ത് വീട്ടിൽ സാബിത്ത് നാസറിന്റെ (30) സുഹൃത്താണ് ഇയാൾ. ഇന്നലെ അങ്കമാലി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ സാബിത്തിനെ റിമാൻഡ് ചെയ്തു. അന്താരാഷ്ട്ര ബന്ധമുള്ള കേസായതിനാൽ അന്വേഷണം കേന്ദ്ര ഏജൻസികൾ ഏറ്റെടുത്തേക്കും.

ശനിയാഴ്ച രാത്രി ഇറാനിൽ നിന്ന് കുവൈറ്റ് വഴി കൊച്ചിയിലെത്തിയ സാബിത്തിനെ എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് പൊലീസിന് കൈമാറുകയായിരുന്നു.

മലയാളിയടക്കം ഇരുപതുപേരെ അവയവ കൈമാറ്റത്തിനായി ഇറാനിൽ എത്തിച്ചെന്നാണ് സാബിത്തിന്റെ മൊഴി. ഇതിലേറെപ്പേർ ഇരയായിട്ടുണ്ടാകുമെന്ന് പൊലീസ് സംശയിക്കുന്നു. ഇരകളുടെ വിവരങ്ങൾ നെടുമ്പാശേരി പൊലീസ് ശേഖരിച്ചിട്ടുണ്ട്.

ഹൈദരാബാദ് സംഘം നെടുമ്പാശേരിയിൽ നിന്ന് കുവൈറ്റ് വഴിയാണ് ആളുകളെ ഇറാനിൽ എത്തിച്ചിരുന്നത്.

സാമ്പത്തിക പ്രതിസന്ധിയിലായിരുന്ന പാലക്കാട് സ്വദേശിയെയാണ് ഒരു വർഷം മുമ്പ് കേരളത്തിൽ നിന്ന് കടത്തിയത്. കൂടുതൽപ്പേരും സ്ത്രീകളാണ്. രണ്ട് പേർ ഇറാനിൽ മരിച്ചതായി പൊലീസിന് സൂചന ലഭിച്ചെങ്കിലും സ്ഥിരീകരിച്ചിട്ടില്ല. ഹൈദരാബാദ്, ബംഗളൂരു നഗരങ്ങളിലെ ആളുകളെയാണ് മുഖ്യമായും ഇറാനിലേക്ക് കടത്തിയതെന്നാണ് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നത്.

ലക്ഷങ്ങൾ

പോക്കറ്റിൽ

രോഗിയുമായി 50 ലക്ഷം രൂപയ്ക്ക് പാക്കേജ് ഉണ്ടാക്കുന്ന മാഫിയ, ദാതാവിന് നൽകുന്നത് പരമാവധി ഏഴ് ലക്ഷം രൂപയാണ്. ആശുപത്രി ചെലവും വഹിക്കും. ആളൊന്നിന് 25 ലക്ഷം രൂപ വീതം ഇവരുടെ പോക്കറ്റിൽ വീഴും. അഞ്ച് വർഷമായി അവയവക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നാണ് ഇയാൾ പൊലീസിന് നൽകിയ മൊഴി.

അവയവം വിൽക്കാൻ

ഇറങ്ങി; ഏജന്റായി

സാമ്പത്തികമായി തർന്നതോടെ അവയവം വിറ്റ് പണം കണ്ടെത്താൻ 2019ൽ സാബിത്ത് ശ്രീലങ്കയിലേക്ക് പറന്നു. ഹൈദരാബാദ് സംഘമാണ് ശ്രീലങ്കയിൽ എത്തിച്ചത്. ഇവിടെവച്ച് പരിചയപ്പെട്ട മധുവെന്നയാൾ റാക്കറ്റിലേക്ക് അടുപ്പിച്ചു. അവയവക്കച്ചവടത്തിന് ഇടനില നിന്നാൽ വൻതുക കിട്ടുമെന്ന് തിരിച്ചറിഞ്ഞതോടെ സാബിത്ത് പൂർണമായും ഇതിലേക്ക് തിരിയുകയായിരുന്നു. ഇയാൾ കോടികൾ സമ്പാദിച്ചിട്ടുണ്ടെന്നാണ് പ്രാഥമിക കണ്ടെത്തൽ. ഭാര്യ ഉപേക്ഷിച്ചതോടെ അധികസമയവും ഇറാനിലായിരുന്നു. ഇന്ത്യയിൽ നിന്ന് എത്തുന്ന ദാതാക്കളുടെ കാര്യങ്ങൾ സാബിത്താണ് ഇറാനിൽ നോക്കിയിരുന്നത്.

Advertisement
Advertisement