സ്‌കൂൾ വിദ്യാഭ്യാസത്തിൽ മാറ്റങ്ങൾ വരട്ടെ, അവർ തോൽക്കരുത്,​ ജീവിതത്തിൽ

Wednesday 22 May 2024 12:46 AM IST

ലോകത്തിനു തന്നെ മാതൃകയാണ് സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ കേരളത്തിന്റെ നേട്ടങ്ങൾ. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം നടപ്പിലാക്കിയതിലൂടെ അയ്യായിരം കോടിയിലധികം രൂപയുടെ നിക്ഷേപമാണ് വിദ്യാലയങ്ങളിലെ ഭൗതിക സാഹചര്യങ്ങളുടെ വികസനത്തിനായി കഴിഞ്ഞ ഏഴര വർഷത്തിനിടെ നടത്തിയത്. ഈ നിക്ഷേപം പൊതു വിദ്യാലയങ്ങളുടെ മുഖച്ഛായ തന്നെ മാറ്റി. ക്ലാസ്‌മുറികളെ സാങ്കേതിക സൗഹൃദമാക്കി മാറ്റുന്നതിലൂടെ ആധുനിക വിദ്യാഭ്യാസ പ്രക്രിയയെ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പ്രാപ്യമാക്കി എന്നതാണ് ഏറ്റവും വലിയ നേട്ടം. അതിനു പിന്നാലെ പാഠ്യപദ്ധതി സമഗ്രമായി പരിഷ്‌കരിക്കുവാനുള്ള ശ്രമങ്ങളും നടത്തി. പുതിയ അദ്ധ്യയനവർഷത്തേക്കായി അദ്ധ്യാപകരെയും സജ്ജരാക്കേണ്ടതുണ്ട്. അവർക്കുള്ള അവധിക്കാല അദ്ധ്യാപക സംഗമങ്ങളും നടന്നുവരുന്നു.

അദ്ധ്യാപന

രീതി മാറണം

മാറുന്ന കാലത്തോട് സംവദിക്കാൻ പ്രാപ്തിയുള്ള അദ്ധ്യാപകരെയാണ് നമുക്ക് ആവശ്യം. ഓരോ വിദ്യാർത്ഥിയും കരിക്കുലം വിഭാവനം ചെയ്യുന്ന പഠനലക്ഷ്യങ്ങൾ നേടുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. ഈ ഉത്തരവാദിത്വം അദ്ധ്യാപകർക്കാണ്. അതിനാണ് പൊതു വിദ്യാഭ്യാസ വകുപ്പ് കുട്ടികൾക്കായുള്ള പഠന പിന്തുണാ പരിപാടിയും, പ്രൈമറി ക്ലാസുകളിൽ സമഗ്ര ഗുണമേന്മാ പരിപാടിയും നടപ്പാക്കുന്നത്. പാഠ്യപദ്ധതിയുടെ അഭിവാജ്യഘടകമാണ് വിലയിരുത്തൽ പ്രക്രിയ. മാർക്ക് മാത്രം നൽകി കുട്ടികളെ തരംതിരിക്കുന്നതിൽ നിന്ന്,​ ഗ്രേഡുകൾ നൽകി കുട്ടികളെ തട്ടുകളാക്കി തിരിച്ചു. അതേ രീതിശാസ്ത്രം തന്നെ നമ്മൾ ഇപ്പോൾ ഹയർ സെക്കൻഡറി തലം വരെ സ്വീകരിച്ചുപോരുന്നു. ഇതിന്റെ തുടർച്ചയായാണ് ഉന്നത വിദ്യാഭ്യാസ മേഖലയിലും പരിഷ്‌കരണം നടപ്പിലാക്കിയത്.

പരീക്ഷാജയവും

ക്രിയാശേഷിയും


മൂല്യനിർണയ പ്രക്രിയയിൽ പുരോഗമനപരമായ പരിഷ്‌കരണ പ്രവർത്തനങ്ങൾ നടപ്പാക്കിയെങ്കിലും അത് പൂർണമായും വിജയിപ്പിക്കുന്നതിൽ പല കാരണങ്ങൾകൊണ്ട് നമുക്ക് വിജയിക്കാൻ കഴിഞ്ഞിട്ടില്ല. ഓരോ വിദ്യാർത്ഥിയെയും കൃത്യമായി മനസിലാക്കി,​ അവരുടെ സമഗ്ര വികസനത്തിന് പിന്തുണ നൽകുക എന്നതിൽ വിലയിരുത്തൽ പ്രക്രിയയുടെ പ്രാഥമിക ധർമ്മം ഗൗരവത്തോടെ സ്വീകരിക്കപ്പെട്ടിട്ടില്ല. വിദ്യാഭ്യാസ അവകാശ നിയമം അനുസരിച്ച് എട്ടാം ക്ലാസ് വരെ എല്ലാവർക്കും ക്ലാസ് കയറ്റം നൽകണം. അതേസമയം,​ കുട്ടികൾ അടിസ്ഥാനശേഷി നേടുന്നുണ്ടോ എന്ന കാര്യം പലരും അന്വേഷിക്കുന്നില്ല!

നിരന്തര മൂല്യനിർണയത്തെ ഗൗരവമായ പഠന പ്രക്രിയയുടെ ഭാഗമായി പരിഗണിക്കേണ്ടതിനു പകരം പലപ്പോഴും അത് യാന്ത്രികമായി മാറുന്നുണ്ട്. ഇതു മാറണം. ലോകത്തെവിടെയും വിദ്യാഭ്യാസത്തിന്റെ ഗുണനിലവാര സൂചികകളായി പരീക്ഷകളെത്തന്നെയാണ് ആശ്രയിക്കുന്നത്. സംസ്ഥാനത്ത് വിദ്യാഭ്യാസ വകുപ്പിന്റെ നേരിട്ടുള്ള നിയന്ത്രണത്തിൽ ഓരോ ക്ലാസിലും ഓരോ വർഷവും ചുരുങ്ങിയത് മൂന്നു പരീക്ഷ വീതം നടക്കുന്നു- പാദ, അർദ്ധവാർഷിക, വാർഷിക പരീക്ഷകൾ. ഇവയെല്ലാം പൊതുപരീക്ഷകളുടെ അതേ ഗൗരവ സ്വഭാവത്തോടെയാണ് നടത്താറുള്ളത്.

എഴുത്തുപരീക്ഷ

എങ്ങനെ വേണം?​

നമ്മുടെ സാമ്പ്രദായിക എഴുത്തുപരീക്ഷാ രീതികളിലും കാലോചിത മാറ്റങ്ങൾ വേണം. വ്യത്യസ്തമായ കഴിവും അഭിരുചിയുമുള്ള കുട്ടികളെ പരിഗണിക്കുന്നതു കൂടിയാകണം പരീക്ഷകൾ. പുതിയ കാലം ആവശ്യപ്പെടുന്ന അടിസ്ഥാന ശേഷികളായ ക്രിയാത്മകതയും വിമർശനാത്മക ചിന്തയും ആശയവിനിമയ ശേഷിയും സംഘപഠനവും ഈ മൂല്യനിർണയ പ്രക്രിയയിൽ പരിഗണിക്കപ്പെടണം. ഇത്തരം പരീക്ഷകൾ കുട്ടികളിൽ ഉത്കണ്ഠ വളർത്തുന്നതാവുകയും ചെയ്യരുത്.

നിലവിലെ എസ്.എസ്എൽ.സി പരീക്ഷയിൽ മാറ്റങ്ങൾ ആലോചിക്കുന്നത് മേൽ സൂചിപ്പിച്ച വിവിധ ഘട്ടങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടാണ്. രാജ്യത്തെ മറ്റെല്ലാ വിദ്യാഭ്യാസ പരീക്ഷാ ബോർഡുകളെയും പോലെതന്നെ മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിക്കേണ്ടതുണ്ട്. പരീക്ഷാ നിലവാരവും നടത്തിപ്പും നിരന്തരം പഠനവിധേയമാക്കുകയും,​ ലോക മാതൃകകൾ ഉണ്ടെങ്കിൽ ഇവ സ്വീകരിച്ച് നടപ്പാക്കുകയും വേണം. നമ്മുടെ നാട് ജനാധിപത്യ മൂല്യങ്ങൾക്ക് വില കല്പിക്കുന്ന ഇടം കൂടിയായതിനാൽ വിശാലമായ ചർച്ചകൾക്കൊടുവിൽ വേണം പരിഷ്‌കരണങ്ങൾ. ഈ പരിഷ്‌കാരങ്ങൾ ഒരു കുട്ടിയേയും തോൽപ്പിക്കാനല്ല; ജീവിതത്തിൽ അവർ തോൽക്കാതിരിക്കാനാണ്.

Advertisement
Advertisement