കാറഡുക്ക സഹകരണസംഘം തട്ടിപ്പ് : പണയ സ്വർണ്ണത്തിന്റെ കണക്കെടുക്കാൻ ബാങ്കുകളിൽ പരിശോധന

Tuesday 21 May 2024 8:48 PM IST

കാസർകോട് :കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫയർ സാസൈറ്റിയിൽ നിന്ന് 4.76 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ കേസിൽ പണയപ്പെടുത്തിയ സ്വർണ്ണത്തിന്റെ കണക്കെടുക്കാൻ അന്വേഷണ സംഘം വിവിധ ബാങ്കുകളിൽ പരിശോധന നടത്തി. സംഘത്തിൽ നിന്ന് കടത്തിയ സ്വർണ്ണം പണയം വച്ച പൊയിനാച്ചി, കാസർകോട്, കാഞ്ഞങ്ങാട്, മാവുങ്കാൽ തുടങ്ങിയ സ്ഥലങ്ങളിലെ വിവിധ ബാങ്കുകളിൽ ആണ് പരിശോധന നടന്നത്.

അന്വേഷണം ഊർജ്ജിതമാക്കിയിട്ടും ഒളിവിൽ പോയ സൊസൈറ്റി സെക്രട്ടറി അടക്കം രണ്ട് പ്രതികളെ കണ്ടെത്താനായില്ല. സെക്രട്ടറി കർമ്മംതൊടി ബോളക്കണ്ടത്തെ കെ.രതീഷ്, കണ്ണൂർ താണ സ്വദേശി ജബ്ബാർ എന്നിവരാണ് ഒളിവിൽ കഴിയുന്നത്. തുടക്കത്തിൽ ആദൂർ പൊലീസ് അന്വേഷിച്ച കേസിന്റെ ചുമതല ഇപ്പോൾ ജില്ലാ ക്രൈംബ്രാഞ്ചിനാണ് . സൊസൈറ്റിയിൽ തട്ടിപ്പ് നടത്താൻ ഒത്താശ നൽകിയ മൂന്നുപേരെ ആദൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവർ നിലവിൽ റിമാൻഡിലാണ്. ള്ളിക്കര പഞ്ചായത്ത് അംഗമായ മൗവ്വൽ സ്വദേശി കെ അഹമ്മദ് ബഷീർ(60), അഹമ്മദ് ബഷീറിന്റെ ഡ്രൈവർ അമ്പലത്തറ പറക്കളായിയിലെ എ അബ്ദുൽഗഫൂർ(26), കാഞ്ഞങ്ങാട് നെല്ലിക്കാട്ടെ എ.അനിൽകുമാർ(55) എന്നിവരാണ് റിമാൻഡിലുള്ളത്. ഇവരെ കൂടുതൽ ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പുകൾക്കുമായി കസ്റ്റഡിയിൽ ലഭിക്കുന്നതിന് അന്വേഷണസംഘം കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഷിബു പാപ്പച്ചനാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.

ലോക്കറിലെ സ്വർണം പണയപ്പെടുത്തിയത് 1.25കോടിക്ക്

രതീഷ് സഹകരണ സംഘം ഓഫീസിലെ ലോക്കറിൽ നിന്നെടുത്ത പണയ ഉരുപ്പടികൾ ജില്ലയിലെ വിവിധ ബാങ്കുകളിലായി 1.25 കോടി രൂപക്കാണ് മൂന്നുപേർ ചേർന്ന് പണയം വെച്ചത്. പ്രതികളെ കസ്റ്റഡിയിൽ ലഭിക്കുന്നതോടെ സ്വർണ്ണാഭരണങ്ങൾ തിരിച്ചെടുക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിച്ചെങ്കിലും ഒരു പൊലീസ് ടീം ഇപ്പോഴും കർണ്ണാടകയിൽ ക്യാമ്പ് ചെയ്ത് പ്രതികളെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ജില്ലാ പൊലീസ് മേധാവി പി. ബിജോയിയും അന്വേഷണം നിരീക്ഷിക്കുന്നുണ്ട്.

Advertisement
Advertisement