കാറഡുക്ക അഗ്രിക്കൾച്ചറിസ്റ്റ് വെൽഫെയർ സൊസൈറ്റി തട്ടിപ്പ് : സെക്രട്ടറിയുടെ അറസ്റ്റ് ആവശ്യപ്പെട്ട് സി.പി.എം

Tuesday 21 May 2024 8:49 PM IST

സൊസൈറ്റി സെക്രട്ടറിയെ ഉടൻ അറസ്റ്റ് ചെയ്യണം

കാസർകോട്: കാറഡുക്ക അഗ്രികൾച്ചറിസ്റ്റ് വെൽഫയർ കോ.ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നടന്ന വൻ സാമ്പത്തിക തിരിമറിയെ കുറിച്ച് അന്വേഷണം സമഗ്രമാക്കണമെന്നും സൊസൈറ്റിയുടെ സെക്രട്ടറിയായിരുന്ന കെ രതീശനെ ഉടൻ അറസ്റ്റ് ചെയ്യണം.തട്ടിപ്പിലൂടെ സൊസൈറ്റിക്ക് നഷ്ടമായ 4.76 കോടി തിരിച്ച് പിടിക്കുന്നതിന് ആവശ്യമായ നടപടികൾ പൊലീസും, സഹകരണ വകുപ്പും സ്വീകരിക്കണമെന്നും ഇന്നലെ നടന്ന ഏരിയാകമ്മിറ്റിയോഗം ആവശ്യപ്പെട്ടു.

സി.പി.എം നേതൃത്വത്തിലുള്ള ഭരണസമിതിയാണ് സൊസൈറ്റിക്ക് നേതൃത്വം നൽകുന്നത് എന്നതിനാൽ നിക്ഷേപകർക്കും സ്വർണ്ണപണയം വച്ചവർക്കും നഷ്ടം വരാതിരിക്കാനുള്ള ജാഗ്രത പാർട്ടിയുടെ ഭാഗത്ത് നിന്നുമുണ്ടാവും. സൊസൈറ്റിക്ക് നഷ്ടമായ പണം തിരിച്ച് പിടിക്കുന്നതിന് സാദ്ധ്യമായ എല്ലാ നടപടികളും സ്വീകരിക്കും. സൊസൈറ്റിയിൽ നിന്നും തട്ടിയെടുത്ത തുക മുഴുവൻ ചെലവഴിക്കുന്നത് രതീശൻ ഉൾപ്പെടെയുള്ള റിയൽ എസ്റ്റേറ്റ് മാഫിയ ആണെന്നാണ് അന്വേഷണത്തിൽ നിന്നും പുറത്ത് വന്നിട്ടുണ്ട്. രതീശൻ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്‌തെങ്കിൽ മാത്രമെ തട്ടിപ്പിന്റെ പൂർണ രൂപം പുറത്ത് വരുകയുള്ളു. ക്രമക്കേട് അറിഞ്ഞയുടൻ തന്നെ ഭരണസമിതി സെക്രട്ടറിക്കെതിരെ നിയമാനുസൃതമായ നടപടി സ്വീകരിച്ചിട്ടുണ്ട്. ഭരണസമിതി പ്രസിഡന്റ് ഈയാൾക്കെതിരെ പരാതിയും നൽകി. സി.പി.എമ്മിന്റെ പ്രാഥമികംഗത്വത്തിൽ നിന്നും രതീശനെ പുറത്താക്കുകയും ചെയ്തു. ഭരണസമിതിക്കുംസി.പി.എമ്മിനും ഇക്കാര്യത്തിൽ ഒന്നും മറച്ച് വെക്കാനില്ലെന്നും അതോടൊപ്പം തന്നെ സെക്രട്ടറി നടത്തിയ ക്രമക്കേടിന്റെ ഉത്തരവാദിത്വത്തിൽ ഒഴിഞ്ഞു മാറുന്നില്ലെന്നും ഏരിയാകമ്മിറ്റിയോഗം പത്രക്കുറിപ്പിൽ വിശദീകരിച്ചു. എന്നാൽ ഇതുമായി ബന്ധപ്പെട്ട് ചില മാദ്ധ്യമങ്ങളിലും, സാമൂഹ്യ മാധ്യമങ്ങളിലും വരുന്ന വ്യാജ പ്രചരണങ്ങളെ തള്ളികളയണമെന്നും യോഗം അഭ്യർത്ഥിച്ചു. ബി.കെ.നാരായണന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സംസ്ഥാനകമ്മിറ്റിയംഗം സി എച്ച്.കുഞ്ഞമ്പു എം.എൽ.എ, സിജിമാത്യു, എം.മാധവൻ എന്നിവർ സംസാരിച്ചു.

Advertisement
Advertisement